പോക്സോ കേസ് പ്രതി ആസാമിൽ പിടിയിൽ
1467614
Saturday, November 9, 2024 5:05 AM IST
പെരുമ്പാവൂർ: ആസാം ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ആസാമിൽ നിന്ന് പോലീസ് പിടികൂടി. ആസാം നാഗൗൺ സ്വദേശി മൊൺജിറുൽ ഹൊക്കീമി(32)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരാണ് പെൺകുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു. സംഭവ ശേഷം പ്രതി എറണാകുളത്തേക്ക് കടന്നു. പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് അറിഞ്ഞ പ്രതി ട്രെയിൻമാർഗം അസാമിലേക്ക് മുങ്ങുകയായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശപ്രകാരം എസ്ഐമാരായ കെ.ജി. ദിനേശ് കുമാർ, എൻ.കെ. ബിജു, സീനിയർ സിപിഒ ബിനീഷ് ചന്ദ്രൻ എന്നിവർ പ്രതിയെ പിന്തുടർന്ന് ആസാമിലെത്തി. ഉൾഗ്രാമത്തിലായിരുന്നു ഇയാളുടെ താമസം. അവിടെ താമസിച്ച് അന്വേഷിച്ചാണ് പ്രതിയുടെ വീടു കണ്ടെത്തിയത്. ഗ്രാമവാസികളുടെ എതിർപ്പിനെ തുടർന്ന് ജൂറിയ പോലീസിന്റെ സഹായത്തോടെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.