പിറവത്ത് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി
1467621
Saturday, November 9, 2024 5:05 AM IST
പിറവം : പിറവം നിയോക മണ്ഡലത്തിന്റെ വികസന മുരടിപ്പിനെതിരേ എഐവൈഎഫിന്റെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. മണ്ഡലത്തിലെ ഇടതു ജനപ്രതിനിധികളോട് അവഗണനയും വികസനവിരുദ്ധ നിലപാടുകളും ആരോപിച്ചാണ് എഐവൈഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനൂപ് ജേക്കബിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ദേവിപ്പടി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കരവട്ടെകുരിശ് ജംഗ്ഷനിൽ പോലീസ് തടഞ്ഞു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എൻ. ഗോപി മാർച്ച് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ബിജോ പൗലോസ് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, സിപിഐ മണ്ഡലം സെക്രട്ടറി ജിൻസൺ വി. പോൾ, അഡ്വ. ബിമൽ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. എഐവൈഎഫ് ഭാരവാഹികളായ പി.എ. ഷൈൻ, ബിബിൻ ജോർജ്, അമൽ മാത്യു, ജോർജ് സാജൻ, ദീപ പ്രവീൺ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
സർക്കാരിന്റെ കെടുകാര്യസ്ഥത
മറയ്ക്കാൻ: യുഡിഎഫ്
പിറവം: എൽഡിഎഫ് സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനാണ് എഐവൈ എഫിന്റെ സമര നാടകമെന്ന് യുഡിഎഫ് ആരോപിച്ചു.
ഫണ്ടുകൾ നൽകാതെ സംസ്ഥാന സർക്കാർ പിറവം മണ്ഡലത്തോടുള്ള അവഗണന തുടരുകയാണ്. പിറവം- പെരുവംമുഴി റോഡുകളുടെ നിർമാണം സർക്കാരിന്റെ സാങ്കേതിക കുരുക്ക് മൂലം നിലച്ചിരിക്കുകയാണ്. ഇത് സർക്കാർതലത്തിൽ പരിഹരിക്കണമെന്ന് നിയമസഭയിൽ അനൂപ് ജേക്കബ് എംഎൽഎ നിരവധി തവണ ഉന്നയിച്ചിട്ടുള്ളതാണ്. സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ തികഞ്ഞ പരാജയമാണെന്നും ഇതൊക്കെ മറച്ചുവച്ചുകൊണ്ടാണ് എംഎൽഎക്കെതിരെ സമരം നടത്തുന്നതെന്നും യുഡിഎഫ് ആരോപിച്ചു.
യുഡിഎഫ് ജില്ലാ സെക്രട്ടറി രാജുപാണാലിക്കൽ, യുഡിഎഫ് മണ്ഡലം ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കൽ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് തേക്കുംമൂട്ടിൽ, ജോർജ് ആനക്കോട്ടിൽ എന്നിവർ അറിയിച്ചു.