കാക്കനാട് പാലച്ചുവട്ടിൽ മുഖത്ത് മുളകുവെള്ളമൊഴിച്ച് മാലപൊട്ടിക്കാൻ ശ്രമം
1478027
Sunday, November 10, 2024 7:20 AM IST
കാക്കനാട്: ടീഷർട്ട്ആവശ്യപ്പെട്ട്കടയിലെത്തിയ അതിഥിതൊഴിലാളിയെന്ന് സംശയിക്കുന്ന യുവാവ് കടയുടമയായ മധ്യവയസ്കയുടെ മുഖത്ത് മുളകു വെള്ളമൊഴിച്ച് മാലപൊട്ടിക്കാൻ ശ്രമിച്ചതായി പരാതി. കാക്കനാട് പാലച്ചുവട്ടിലെ കടയിൽ വെള്ളിയാഴ്ച്ച രാത്രി ഏഴോടെയാണ് സംഭവം.
പാലച്ചുവട് ജംഗ്ഷനിൽ അകമ്പടി ലേഡി സ്റ്റോഴ്സ് നടത്തുന്ന ബിജി(51 )ക്കാണ് ദുരനുഭവം ഉണ്ടായത്. കടയുടെപുറത്തു പ്രദർശിപ്പിച്ചിരുന്ന ടീ ഷർട്ടുകളിലൊന്നിന്റെ വിലചോദിച്ച് കടക്കുള്ളിൽ കയറിയ യുവാവ് പരിസരം വീക്ഷിച്ച ശേഷം കൈയിൽ കരുതിയിരുന്ന മുളകുവെള്ളം ഉടമയുടെ മുഖത്തേക്ക് ഒഴിച്ച ശേഷം മാലകവരാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഭയന്നുപോയ കടയുടമ ധൈര്യം വീണ്ടെടുത്തു ബഹളം വച്ചതോടെ ഇയാൾ കടയിൽ നിന്നിറങ്ങി ഓടുകയായിരുന്നു. പ്ലാസ്റ്റിക് ടിന്നിലാണ് ഇയാൾ മുളകുപൊടി കലർത്തിയ വെള്ളം കൊണ്ടുവന്നത്.
ചെറിയ കടയായതിനാൽ സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നില്ല രാത്രി 10.30 വരെ പ്രവർത്തിക്കുന്ന തുണിക്കടയാണിത്. തൃക്കാക്കരപോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം കാക്കനാടും പരിസരങ്ങളിലും അതിഥി തൊഴിലാളികൾക്കിടയിൽ കവർച്ചക്കാർ പെരുകുന്നതായി നാട്ടുകാർ പറയുന്നു.