കൊച്ചി നഗരസഭയില്‍ വാര്‍ഡ് പുനര്‍വിഭജനം അട്ടിമറിക്കാന്‍ ശ്രമം: ഹൈബി ഈഡന്
1478032
Sunday, November 10, 2024 7:20 AM IST
കൊച്ചി: കൊച്ചി നഗരസഭയിലെ വാര്‍ഡ് വിഭജനം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി ഹൈബി ഈഡന് എംപി. എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും നിലവിലുള്ള വാര്‍ഡുകള്‍ പുനര്നിര്ണയിക്കേണ്ടതാണെന്ന മാര്‍ഗനിര്‍ദേശം ഉണ്ടായിട്ടും അതിനുവേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
ഒക്ടോബര്‍ ഒന്നിലെ കോര്പറേഷന് അസസ്മെന്റ് രജിസ്റ്റര്‍ പ്രകാരമുള്ള വാസഗൃഹങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി വേണം പ്രസ്തുത വാര്‍ഡിലെ ജനസംഖ്യ നിര്‍ണയിക്കണമെന്ന കൃത്യമായ മാര്‍ഗനിര്‍ദേശം നിലനില്‍ക്കെ ഇതൊന്നും പാലിക്കാതെയാണ് കൊച്ചി നഗരസഭയില്‍ വാര്‍ഡ് പുനര്‍നിര്‍ണയ നടപടികള്‍ നടന്നുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വാര്‍ഡ് വിഭജനം നടത്തുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വാര്‍ഡുകളുടെ അതിര്‍ത്തികള്‍ നേരില്‍കണ്ട് പരിശോധിച്ചു നടപടികള്‍ സ്വീകരിക്കേണ്ടതാണ്. എന്നാല്‍ ഇവിടെ സിപിഎം പാര്‍ട്ടി ഓഫീസില്‍ നിന്ന് നല്കുന്ന ലിസ്റ്റ് അനുസരിച്ച് വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കുകയാണ്. ഇതുതികച്ചും പ്രതിഷേധാര്‍ഹമായ കാര്യമാണ്.
സിപിഎമ്മിന് ഗുണകരമാകുന്ന വാര്‍ഡുകളില്‍ പുനര്‍നിര്‍ണയം പോലുമില്ലാത്ത അവസ്ഥയാണ്. ഭൂമിശാസ്ത്രപരമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥലങ്ങള്‍ ചില വാര്‍ഡുകളില്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നതും തടയണം. വിഷയത്തില്‍ ജില്ലാ കളക്ടര്‍ അടിയന്തരമായി ഇടപെടണമെന്നും സുതാര്യമായ വാര്‍ഡ് വിഭജനം ഉറപ്പ് വരുത്തണമെന്നും ഹെബി ഈഡന് ആവശ്യപ്പെട്ടു.