പള്ളിപ്പുറം പഞ്ചായത്തിൽ പ്രതിപക്ഷ പ്രതിഷേധം
1467624
Saturday, November 9, 2024 5:05 AM IST
ചെറായി: പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ ഒഴിവുണ്ടായിരുന്ന ഓവർസിയറുടെ താത്കാലിക തസ്തികയിൽ പ്രസിഡന്റ് സ്വന്തം പാർട്ടിക്കാനെ തിരുകി കയറ്റിയെന്ന് പ്രതിപക്ഷ ആരോപണം. ഇതേ തുടർന്ന് പ്രതിപക്ഷത്തെ കോൺഗ്രസ് അംഗങ്ങൾ ഇന്നലെ ഭരണ സമിതി യോഗത്തിൽ നിന്ന് വാക്കൗട്ട് നടത്തുകയും പഞ്ചായത്താഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.
ഭരണ സമിതി യോഗത്തിന്റെ തീരുമാനം ഇല്ലാതെ പ്രസിഡന്റ് തന്നിഷ്ടപ്രകാരം ഇന്റർവ്യൂ നടത്തിയാണ് സ്വന്തം പാർട്ടിക്കാരെ നിയമിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് കെ.എഫ്. വിൻസൺ പറയുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രസിഡന്റ് പങ്കെടുക്കുന്ന എല്ലാ പരിപാടികളും ബഹിഷ്കരിക്കാനാണ് പ്രതിപക്ഷ തീരുമാനം. മാത്രമല്ല ഇതിനു മുമ്പ് നടന്നിട്ടുള്ള എല്ലാ നിയമനങ്ങളെക്കുറിച്ചും വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.