ലഹരി ഒഴുക്ക് തുടരുന്നു ; ഒരു മാസത്തിനിടെ 99 കേസ്; 96 അറസ്റ്റ്
1467615
Saturday, November 9, 2024 5:05 AM IST
കൊച്ചി: സ്പെഷല്‍ ഡ്രൈവ് പൊട്ടിച്ച് ജില്ലയിലേക്കുള്ള ലഹരി ഒഴുക്ക് തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ 99 എന്‍ഡിപിഎസ് കേസുകളാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 96 പ്രതികളെയും പിടികൂടി. വില്പനക്കാരുടേതടക്കം 12 വാഹനങ്ങളും എക്സൈസ് പിടിച്ചെടുത്തു. ലഹരി ഉപയോഗവും വില്പനയും ഓരോ മാസവും കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും കഞ്ചാവ് ചെടി വളര്ത്തിയവര്ക്കെതിരെയും എക്സൈസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിവിധയിടങ്ങളിലായി വീടുകളില്‍ നിന്നടക്കം അഞ്ച് കഞ്ചാവ് ചെടികള്‍ എക്സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവുമധികം എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ജില്ലകളില്‍ ഒന്നാണ് എറണാകുളം. ജോലി തേടി എത്തുന്നവര്‍ മുതല്‍ വിദ്യാഥികള്‍ വരെ നീളുന്നതാണ് പ്രതിപ്പട്ടിക. യുവാക്കളെ ലക്ഷ്യമിട്ട് വില്പനക്കെത്തുന്ന ഭൂരിഭാഗം ലഹരി വസ്തുക്കളും ഉത്തരേന്ത്യ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ്. കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവരില്‍ യുവതികളും ഉള്‍പ്പെടുന്നു. വിവിധ കോഡുകള്‍ ഉപയോഗിച്ചും, സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് ലഹരി കൈമാറ്റം.
13.9 കിലോ കഞ്ചാവ്, 0.41 ഗ്രാം എംഡിഎംഎ, 0.66 ഗ്രാം മെത്താംഫിറ്റമിന്‍, 8 ഗ്രാം ഹാഷിഷ് ഓയില്‍, 16.5 ഗ്രാം ഹെറോയിന്‍ എന്നിങ്ങനെയാണ് ഒരുമാസത്തിനിടെ പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ കണക്ക്.
ലഹരിയെ ഇല്ലായ്മ ചെയ്യനാന്‍ സ്പെഷല്‍ ഡ്രൈവും വാഹന പരിശോധനകളും എക്സൈസും പോലീസും സംയുക്തമായി നടത്തുന്നതിനിടെയാണ് ജില്ലയില്‍ വലിയ തോതില്‍ വില്പനയ്ക്കും ഉപയോഗത്തിനുമായി ലഹരി വസ്തുക്കള്‍ എത്തിക്കുന്നത്. പലപ്പോഴും പൊതുജനങ്ങള്‍ കൈമാറുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനകളില്‍ നിന്നാണ് പ്രതികളെയടക്കം പിടികൂടുന്നത്.