മുന്നറിയിപ്പില്ലാതെ അടച്ചു; യാത്രക്കാർ ദുരിതത്തിൽ
1467629
Saturday, November 9, 2024 5:05 AM IST
ആലുവ: റെയിൽവേ സ്റ്റേഷന് മുകളിലൂടെ മിനിസിവിൽ സ്റ്റേഷനിലേക്ക് പോകാനുള്ള നടപ്പാലം മുന്നറിയിപ്പില്ലാതെ റെയിൽവേ അധികൃതർ അടച്ചത് കാൽനടയാത്രക്കാരെ ദുരിതത്തിലാക്കി. നടപ്പാലം അപകടത്തിലാണെന്ന് "ദീപിക' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കെഎസ്ആർടിസി ബസ് സ്റ്റേഷന് നേരെ എതിരെയുള്ള മേൽ നടപ്പാലം അടച്ചതോടെ മിനിസിവിൽ സ്റ്റേഷനിലേക്ക് പോകേണ്ടവരെ കൂടാതെ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ടെക്നിക്കൽ സ്കൂൾ എന്നിവയിലേക്ക് ബസുകളിൽ നിന്ന് ഇറങ്ങി പോകുന്നവർക്കും ബുദ്ധിമുട്ടായി.
ഇന്നലെ അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകിയെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസ് ആലുവ നഗരസഭയെ അറിയിച്ചു. എത്രയും വേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഫുട് ഓവർബ്രിഡ്ജ് തുറന്നു നൽകണമെന്ന് റെയിൽവേയോട് നഗരസഭ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതിനിടയിൽ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് നഗരസഭയാണെന്ന പ്രതിപക്ഷാരോപണത്തിനെതിരെ ആലുവ നഗരസഭ രംഗത്ത് വന്നു. നഗരസഭയ്ക്ക് മരാമത്ത് പ്രവർത്തനങ്ങൾ നടത്താൻ അധികാരമില്ലെന്ന് ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു.
റെയിൽവേയുടെ ഫുട്ഓവർ ബ്രിഡ്ജിന്റെ പരിപാലനത്തിന് വാർഷിക പരിപാലന തുകയും, ഓവർ ബ്രിഡ്ജിലെ തെരുവു വിളക്കുകളുടെ ഒക്ടോബർ മാസം വരെയുള്ള വൈദ്യുതി തുകയും നഗരസഭ അടച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
പൊതുജന സുരക്ഷ മുൻനിർത്തി ഇന്നലെ മുതൽ അറ്റകുറ്റപണി തീരുന്നതുവരെ ഫുട് ഓവർബ്രിഡ്ജ് അടച്ചിടുമെന്ന് തൃശൂർ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ നഗരസഭയെ കഴിഞ്ഞ ദിവസം അറിയിച്ചതാണ്. എന്നാൽ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ നഗരസഭ തയാറായില്ലെന്ന് ആരോപിച്ച് ബിജെപി ചെയർമാനെ ഉപരോധിച്ചു.