രാമമംഗലത്ത് പാടശേഖരങ്ങളിൽ തെങ്ങ് നടുന്നു; തഹസിൽദാർ പരിശോധന നടത്തി
1478010
Sunday, November 10, 2024 7:20 AM IST
പിറവം: പാടശേഖരങ്ങളിൽ തെങ്ങിൻ തൈകൾ നടുന്നുവെന്ന പരാതിയെത്തുടർന്ന് രാമമംഗലത്ത് മുവാറ്റുപുഴ തഹസിൽദാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
പഞ്ചായത്തിൽ കടവ് ഉള്ളേലിക്കുന്ന് പാടശേഖരങ്ങളിൽ തെങ്ങിൽ തൈകൾ നട്ട് നിലം പരിവർത്തനപ്പെടുത്തുകയും, സ്വാഭാവിക നീർച്ചാലുകൾ മണ്ണിട്ട് നികത്തുകയും ചെയ്യുന്നതായുള്ള പരാതിയെത്തുടർന്നാണ് താഹസിൽദാർ രഞ്ജിത്ത് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്.
പാടശേഖരങ്ങളിലെ വരമ്പുകളിൽ തെങ്ങിൻ തൈകൾ നടുന്ന പ്രവണത നെൽകൃഷിയെ സാരമായി ബാധിക്കുന്നതായും വരമ്പിൽ നിന്നു വീഴുന്ന മണ്ണും തെങ്ങിൽ നിന്നു വീഴുന്ന മടലും മറ്റു മൂലം തോടുകൾ വൃത്തിയാക്കുവാൻ സാധിക്കാതെ വരുന്നതും കൃഷിയെ ബാധിക്കുന്നതായി കൃഷിവകുപ്പ് അധികൃതരും പറയുന്നു. പാടശേഖരങ്ങൾ നികത്തി മറ്റു രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനെതിരേ കർശന നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യുമെന്നും തഹസിൽദാർ അറിയിച്ചു.
രാമമംഗലം കൃഷി ഓഫീസർ അഞ്ജു പോൾ, വില്ലേജ് ഓഫീസർ പി.എസ്. ജയമോൾ എന്നിവരും തഹസിൽദാരോടൊപ്പം ഉണ്ടായിരുന്നു.
പാടം നികത്തിയ സ്ഥലങ്ങൾ സന്ദർശിച്ചില്ലെന്ന്
പിറവം: രാമമംഗലത്ത് വ്യാപകമായി പാടം നികത്തുന്നത് സംബന്ധിച്ച് പരാതിയുള്ളതാണെങ്കിലും ഇന്നലെ കടവ് ഉള്ളേലിക്കുന്ന് ഭാഗം സന്ദർശിച്ച തഹസിൽദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഈ സ്ഥലങ്ങൾ സന്ദർശിച്ചില്ലെന്ന് ആക്ഷേപം. രാമമംഗലം മാർക്കറ്റ് ജംഗ്ഷൻ മുതൽ തുരുത്തേൽത്താഴം ഭാഗം വരെ മൂന്നിടത്താണ് മണ്ണടിച്ച് പാടം നികത്തുന്നതെന്നും ഈ ഭാഗത്തേക്ക് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ആരോപണം.