ആലുവ റെയിൽവേ നടപ്പാലം: അറ്റകുറ്റപ്പണി വേഗത്തിൽ വേണമെന്ന് എംഎൽഎ
1478026
Sunday, November 10, 2024 7:20 AM IST
ആലുവ : പ്രതിദിനം നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന അടച്ചു പൂട്ടിയ റെയിൽവേ നടപ്പാലം അറ്റകുറ്റപ്പണി അടിയന്തരമായി നടത്തി തുറന്ന് കൊടുക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും ഡിജിഎമ്മിനും കത്തെഴുതിയതായും എംഎൽഎ അറിയിച്ചു.
മിനി സിവിൽ സ്റ്റേഷൻ, ഗവ. ബോയ്സ്, ടെക്നിക്കൽ എന്നീ ഹയർ സെക്കൻഡറി സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും കാൽ നടയായി പോകുവാനും പടിഞ്ഞാറൻ ഭാഗത്തെ പരിസരവാസികൾക്ക് കിഴക്കു ഭാഗത്തേക്ക് വരാനുമുള്ള ഏകമാർഗമാണ് നടപ്പാലമെന്ന് എംഎൽഎ പരാതിയിൽ ചൂണ്ടിക്കാട്ടി.
ജനങ്ങൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും അടിയന്തരമായി കേടുപാടുകൾ തീർത്ത് എത്രയും വേഗം പാലം തുറന്നു കൊടുക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.