ട്രെയ്ലർ ഉടമ ഭീഷണിപ്പെടുത്തുന്നെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ
1467349
Friday, November 8, 2024 4:46 AM IST
കാക്കനാട്: ഗതാഗത നിയമലംഘനം നടത്തിയ വാഹനത്തിനെതിരേ നിയമനടപടികൾ സ്വീകരിച്ചതിന്റെ പേരിൽ ട്രെയ്ലർ ലോറി ഉടമ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നുവെന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ കെ. മനോജ് തൃക്കാക്കര പോലീസിൽ പരാതി നൽകി.
തന്റെ കീഴുദ്യോഗസ്ഥനായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ പോൾ പിടികൂടിയ വാഹനം റോഡ് ടാക്സ് അടച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. അനുവദനീയമായ അളവിലും കൂടുതൽ ഭാരം കയറ്റിവന്ന ട്രയ്ലറിനെതിരെ നിയമാനുസൃതമുള്ള നടപടികൾ സ്വീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പരാതിയിൽ പറയുന്നു.
2024 ഓഗസ്റ്റ് 17ന് പിടിച്ചെടുത്ത വാഹനം കളമശേരിയിലുളള പോലീസ് ഡിസ്ട്രിക്ട് ക്യാമ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും പോലീസിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തന്റെ ഔദ്യോഗിക നമ്പറിലേക്കും പേഴ്സണൽ നമ്പറിലേക്കും നിരന്തരം വിളിച്ച് കൃത്യനിർവഹണം തടസപ്പെടുത്തുകയും സർക്കാർ ഉദ്യോഗസ്ഥനായ തനിക്ക് മേൽ ഭീഷണി തുടരുകയും ചെയ്യുന്ന വാഹന ഉടമ "തന്റെ ഭാര്യയുടെ മേൽവിലാസം അടക്കം എടുത്തിട്ടുണ്ടെന്നും ഇത് ഭീഷണിയായി വേണമെങ്കിൽ കരുതാമെന്നു" പറഞ്ഞതായും പരാതിയിൽ പറയുന്നു. മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു.