മരച്ചീനി കർഷകർക്ക് ആശ്വാസമായി വിദഗ്ധ പരിശോധനാ സംഘത്തിന്റെ സന്ദർശനം
1467626
Saturday, November 9, 2024 5:05 AM IST
നെടുമ്പാശേരി : നെടുന്പാശേരി പഞ്ചായത്തിലെ മരച്ചീനി കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരവുമായി വിദഗ്ദ സംഘമായ മൾട്ടി ഡിസിസിപ്ളിനറി ഡയഗ്നസ്റ്റിക് ടീം (എംഡിഡിറ്റി) കൃഷിയിടം സന്ദർശിച്ച് മാർഗനിർദ്ദേശങ്ങൾ നൽകി.
പഞ്ചായത്തിലെ കപ്രശേരി, നെടുവന്നൂർ, തുരുത്ത് തുടങ്ങിയ വിവിധ വാർഡുകളിലായി 25 ഹെക്ടറോളം ഭാഗത്താണ് മരച്ചീനി കൃഷിയുള്ളത്. തണ്ട്, വേര് ചീയൽ രോഗം മരച്ചീനി കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയായിരുന്നു. വിളവെടുപ്പ് സന്ദർഭത്തിലാണ് പലപ്പോഴും രോഗങ്ങൾ കണ്ടെത്തിയിരുന്നത്. കർഷകരുടെ ദുരിതാവസ്ഥയും, വ്യാപക പരാതിയും കണക്കിലെടുത്ത് ചെങ്ങമനാട് കൃഷി വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണ് വേര്, തണ്ട് ചീയൽ രോഗം പഠിക്കാൻ വിദഗ്ദസംഘമെത്തിയത്.
തുടർച്ചയായി മരച്ചീനിയിൽ ഉണ്ടാകുന്ന രോഗങ്ങൾ മൂലം പല മരച്ചീനി കർഷകരും കൃഷി അവസാനിപ്പിക്കേണ്ട അവസ്ഥയിലായിരുന്നു. കപ്രശേരിയിലെ കൃഷിയിടത്തിലെത്തിയ വിദഗ്ദ സംഘം മുമ്പാകെ മരച്ചീനി കർഷകർ നേരിടുന്ന പ്രതിസന്ധികൾ വിശദീകരിച്ചു.
തുടർന്ന് സംഘം വിദഗ്ദമായ പരിശോധനയും, നിരീക്ഷണങ്ങളും നടത്തിയ ശേഷം രോഗബാധയില്ലാത്ത കമ്പുകൾ നടുക. രോഗമില്ലാത്ത കൃഷിയിടത്തിൽ നിന്ന് കമ്പുകൾ തെരഞ്ഞെടുക്കുക. ഒരു ഗ്രാം ബാവിസ്റ്റിൻ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ 10 മിനിറ്റ് നേരം മുക്കിവച്ച ശേഷം നടുക. കുമിൾനാശിനി 15 ദിവസം ഇടവിട്ട് മൂന്നു പ്രാവശ്യം ചെടിയുടെ ചുവട്ടിൽ ഒഴിക്കുക തുടങ്ങിയ നിർദേശങ്ങൾ നൽകി. അതോടൊപ്പം രോഗത്തിന് പ്രതിവിധിയായ ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ചാണകം ജനകീയാസൂത്രണ പദ്ധതിയിലൂടെ വിതരണം ചെയ്യാമെന്ന് ചെങ്ങമനാട് കൃഷി ഓഫീസറും കർഷകരെ അറിയിച്ചു.