സര്‍ക്കാര്‍ ഇങ്ങനെയെങ്കില്‍ സ്കൂളില്‍ കുട്ടികള്‍ ചോറുണ്ണില്ല
1478707
Wednesday, November 13, 2024 5:38 AM IST
കോട്ടയം: ചോറും നാലുകൂട്ടം കറിയും മാത്രം പോര പാലും മുട്ടയും പഴവും കുട്ടികള്‍ക്ക് നല്‍കണമെന്ന് നിര്‍ദേശിക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഇതിനുള്ള വിഹിതം കൊടുത്തിട്ട് മാസങ്ങളായി.
അധ്യാപകര്‍ സ്വന്തം പോക്കറ്റില്നിന്നും പിടിഎ സഹകരണത്തിലുമൊക്കെയാണ് കുട്ടികളുടെ ഭക്ഷണം മുടങ്ങാതെ കൊണ്ടുപോകുന്നത്. സപ്ലൈകോ അരിയൊഴിക്കെ ഒരു വകയും സ്കൂളിനു നല്‍കുന്നില്ല.
വെള്ളം, പാചകവാതകം, മുട്ട, പാല്, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയവയെല്ലാം സ്വന്തം ചെലവില്‍ വാങ്ങി മുന്നോട്ടുപോകില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.
പണം കിട്ടാത്തതിനാല്‍ പാചകത്തൊഴിലാളികളുടെ വേതനവും അധ്യാപര്തന്നെ നല്‍കേണ്ട സാഹചര്യമാണ്. ജൂണില്‍ ചെലവായ തുക ഹൈക്കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് നല്‍കിയിരുന്നു.
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള വിഹിതം കുടിശികയാണ്. ഉച്ചഭക്ഷണ പദ്ധതിയിലേക്ക് മുന്‍കൂര്‍ തുക അനുവദിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. ആഴ്ചയില്‍ ഒരു മുട്ടയും രണ്ടു ദിവസം 150 മില്ലി ലീറ്റര്‍ വീതം പാലും നല്‍കണം. പച്ചക്കറി വില ചില ആഴ്ചകളില്‍ കുത്തനെ ഉയരും.
സാമ്പാറും അവിയലും പുളിശേരിയും തോരനും അച്ചാറും കൊടുക്കാന്‍ സര്‍ക്കാര്‍ ഡെയിലി മെനു നിശ്ചയിച്ചിട്ടുണ്ട്. ഇന്നത്തെ മാര്‍ക്കറ്റ് വിലയില്‍ പച്ചക്കറി വാങ്ങി ഉച്ചഭക്ഷണം സമൃദ്ധമാക്കുക പ്രായോഗികമല്ല.
വിപണി വിലയിലും കുറഞ്ഞ നിരക്കാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഒരു ലിറ്റര്‍ പാലിന് 52 രൂപയും മുട്ടയ്ക്ക് ആറു രൂപയുമാണ് ലഭിക്കുക.