ഫാ. പോൾ വാഴപ്പനാടി യാത്രയായി
1478728
Wednesday, November 13, 2024 5:50 AM IST
കാഞ്ഞിരപ്പള്ളി: രൂപതയിലും അവിഭക്ത ചങ്ങനാശേരി അതിരൂപതയിലും സ്തുത്യർഹവും സ്മരണീയവുമായ ശുശ്രൂഷ നിർവഹിച്ച ഫാ. പോൾ വാഴപ്പനാടി യാത്രയായി. ആനക്കല്ല് വാഴപ്പനാടി ഫ്രാൻസീസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1934 ഡിസംബർ 18ന് ജനിച്ചു.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശേരി പാറേൽ സെന്റ് തോമസ് പെറ്റി സെമിനാരിയിൽ ചേർന്നു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിലെ തത്വശാസ്ത്ര - ദൈവശാസ്ത്ര പഠനത്തിനു ശേഷം 1962 മാർച്ച് 12ന് പൗരോഹിത്യം സ്വീകരിച്ചു.
പെരുവന്താനം സെന്റ് ജോസഫ് പള്ളി സഹവികാരിയായായിരുന്നു പ്രഥമ നിയമനം. പിന്നീട് കണമല, തുലാപ്പള്ളി എന്നീ വനമധ്യേയുള്ള സ്ഥലങ്ങളിൽ വികാരിയായി നിയമിതനായി. കുഴിത്തൊളുവിലെയും അന്യാർതൊളുവിലെയും ശുശ്രൂഷ പൂർത്തിയാക്കിയ പോളച്ചൻ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള പെരുന്തടി (മലബാർ) എസ്റ്റേറ്റ് മാനേജരായി നിയമിക്കപ്പെട്ടു.
തുടർന്ന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിലെത്തിയ അദ്ദേഹം പുതിയ പള്ളിമുറിയും ഹൈസ്കൂൾ കെട്ടിടവും യാഥാർഥ്യമാക്കി. പിന്നീട് കാഞ്ഞിരപ്പള്ളി രൂപത പ്രൊക്കുറേറ്ററായും നിയമിതനായി. മുണ്ടക്കയം വ്യാകുലമാതാ പള്ളി വികാരിയായിരുന്നപ്പോഴാണ് ഷോപ്പിംഗ് കോംപ്ലക്സും പാരിഷ് ഹാളും നിർമിച്ചത്.
ചെങ്ങളം സെന്റ് ആന്റണീസ് പള്ളി, ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളി, പൊടിമറ്റം സെന്റ് മേരീസ് പള്ളി എന്നിവിടങ്ങളിൽ വികാരിയായി ശുശ്രൂഷ നിർവഹിച്ച ശേഷം കാഞ്ഞിരപ്പള്ളി വിയാനി ഹോമിൽ വിശ്രമ ജീവിതത്തിനായെത്തി. പ്രായമേറും തോറും കൂടുതൽ കർമനിരതനായ അദ്ദേഹം ഇടക്കുന്നം പള്ളി വികാരിയായും പെരുന്തേനരുവി പള്ളി വികാരിയായും സ്തുത്യർഹ ശുശ്രൂഷ നിർവഹിച്ചു. മികച്ച ഗായകനായ പോളച്ചൻ സുറിയാനി ഭാഷയിൽ അർപ്പിച്ച വിശുദ്ധ കുർബാനകൾ വിശ്വാസികളിൽ ദീപ്ത സ്മരണകളുണർത്തുന്നു.
ഫാ. പോൾ വാഴപ്പനാടിയുടെ സംസ്കാരം നാളെ രാവിലെ 9.30ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും.