ശബരി സ്പെഷൽ ട്രെയിൻ സർവീസ് തുടങ്ങി; ഏറ്റുമാനൂരിൽ സ്റ്റോപ്പ്
1478827
Wednesday, November 13, 2024 7:26 AM IST
ഏറ്റുമാനൂർ: കൊച്ചുവേളി-ബംഗളൂരു- കൊച്ചുവേളി ശബരി സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചു. ഇന്നലെ തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തി. ഇന്ന് തിരികെ തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി) സർവീസ് നടത്തും.
ഇന്നലെ മുതൽ ജനുവരി 28 വരെ എല്ലാ ചൊവ്വാഴ്ചയും തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്നു വൈകുന്നേരം 6.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ബംഗളൂരു എസ്എംവിറ്റി സ്റ്റേഷനിൽ എത്തും. രാത്രി 9.17 നാണ് ട്രെയിൻ ഏറ്റുമാനൂരിലെത്തുന്നത്.
ഇന്നു മുതൽ ജനുവരി 29 വരെ എല്ലാ ബുധനാഴ്ചയുമാണ് ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി) സർവീസ് നടത്തുന്നത്. ഉച്ചക്ക് 12.45ന് എസ്എംവിറ്റി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) എത്തും. ട്രെയിൻ പുലർച്ചെ 2.20ന് ഏറ്റുമാനൂരിൽ എത്തും.
ശബരിമല സീസണിൽ ശബരി സ്പെഷൽ ട്രെയിൻ ഏറ്റുമാനൂർ സ്റ്റേഷനിൽ നിർത്തുന്നത് ശബരിമല തീർഥാടകർക്ക് ഏറെ പ്രയോജനപ്പെടും. ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ തീർഥാടകർക്ക് സൗകര്യമായി സന്ദർശനം നടത്താൻ സാധിക്കും.
സ്പെഷൽ ട്രെയിനിൽ കൂടുതൽ യാത്രക്കാർ ഏറ്റുമാനൂർ സ്റ്റേഷനിൽ ഇറങ്ങുകയും ഇവിടെ നിന്ന് കയറുകയും ചെയ്യുന്നത് ഏറ്റുമാനൂർ സ്റ്റേഷന്റെ പ്രാധാന്യം വർധിപ്പിക്കുകയും കൂടുതൽ ട്രെയിനുകൾക്ക് ഭാവിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് സഹായകമാകുകയും ചെയ്യുമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികളായ ശ്രീജിത്ത്കുമാർ, അജാസ് വടക്കേടം എന്നിവർ ചൂണ്ടിക്കാട്ടി.
ഏറ്റുമാനൂരിൽ ശബരി സ്പെഷൽ ഉൾപ്പെടെ വിവിധ ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എംപിമാരായ ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർക്ക് നിവേദനം നൽകിയിരുന്നു.