ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി വില്പനയും ഉപഭോഗവും വര്‍ധിക്കുന്നു
1479086
Thursday, November 14, 2024 7:29 AM IST
ചങ്ങനാശേരി: പായിപ്പാട്ടെന്നതുപോലെ തെങ്ങണയിലും ഇതരസംസ്ഥാന തൊഴിലാളികളുടെ ബാഹുല്യം ക്രമാതീതമായി വര്‍ധിക്കുന്നു. തൊഴിലാളികളുടെ കണക്കുകള്‍ കണ്ടെത്തുന്നതില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് പരാജയം.
ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് നടപടികള്‍ തൃക്കൊടിത്താനം പോലീസിന്റെ നേതൃത്വത്തില്‍ മുന്‍കാലങ്ങളില്‍ നടന്നിരുന്നു. എന്നാല്‍, ഇപ്പോൾ ഇക്കാര്യങ്ങള്‍ അത്ര ഫലവത്തല്ലെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. സ്ഥിര താമസമല്ലാതെ വന്നുപോകുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചത് പോലീസിന്റെ തലവേദന വര്‍ധിപ്പിച്ചിരിക്കുകയാണ്.
തൊഴിലാളികൾക്കിടയില്‍ ലഹരി വില്പനയും ഉപഭോഗവും വര്‍ധിക്കുന്നതായ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ പായിപ്പാട്ടും തെങ്ങണയിലും പോലീസ്, എക്സൈസ് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. തൊഴിലാളികളുടെ ബോധവത്കരണത്തിനും ആരോഗ്യ സുരക്ഷാ പരിശോധനകള്‍ക്കും ആരോഗ്യവകുപ്പ് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വെസ്റ്റ് ബംഗാള്‍, ഛത്തീസ്ഗഡ്, ഹരിയാന, ഒഡീഷ എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് ഇവിടേക്ക് വന്‍തോതില്‍ എത്തുന്നത്. ഇവര്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും കഞ്ചാവും രാസലഹരിയും വന്‍തോതില്‍ കടത്തിക്കൊണ്ടുവന്ന് വന്‍വിലയ്ക്ക് വിതരണം ചെയ്യുന്നതായി പോലീസിന് സൂചനകളുണ്ട്. പായിപ്പാട്ടുള്ള വിവിധ ക്യാമ്പുകളില്‍ തൃക്കൊടിത്താനം പോലീസിന്റെ പരിശോധന വര്‍ധിച്ചതോടെയാണ് ഇവര്‍ തെങ്ങണയിലേക്കു താമസം വ്യാപിപ്പിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലും ഇവരുടെ ഇടയില്‍ കഞ്ചാവ്, രാസലഹരി വില്പനയും മോഷണക്കേസുകളും വര്‍ധിക്കുന്നതുമായ സാഹചര്യത്തിൽ പായിപ്പാട്ടും തെങ്ങണയിലും പോലീസ് എയ്ഡ്പോസ്റ്റുകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യ ശക്തമായിരിക്കുകയാണ്.
പായിപ്പാട്ട് നൂറോളം ക്യാമ്പുകളിയായി എണ്ണായിരത്തോളം പേരും തെങ്ങണയില്‍ വിവിധ ക്യാമ്പുകളിലായി ആയിരത്തോളം ആളുകളും താമസിക്കുന്നതായാണ് ഏകദേശ കണക്ക്. കോവിഡിന്റെ തുടക്കത്തില്‍ ഇതരസംസ്ഥാന തൊളിലാളികള്‍ സംഘടിച്ചത് സംസ്ഥാനസര്‍ക്കാരിനെത്തന്നെ ഞെട്ടിച്ചിരുന്നു.
52 ഗ്രാം ഹെറോയിന്‍, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി ഇതരസംസ്ഥാന തൊഴിലാളി ഇന്നലെ രാവിലെ തെങ്ങണയില്‍നിന്ന് എക്സൈസ് പിടിയിലായിരുന്നു. 35,000 രൂപയും ഇയാളില്‍നിന്ന് കണ്ടെടുത്തു. പശ്ചിമബംഗാള്‍ മാള്‍ഡ ജില്ലയിലെ കുത്തുബ് ഗന്ജ് സ്വദേശി മുബാറക് അലി (37)യാണ് ലഹരിമരുന്നുമായി അറസ്റ്റിലായത്. തെങ്ങണ ജംഗ്ഷനുസമീപം റോഡരികില്‍നിന്നാണ് ലഹരി വസ്തുക്കളുമായി ഇയാളെ പിടികൂടിയത്.