മാന്നാനം ബൈബിൾ കൺവൻഷന് തുടക്കമായി : വിശുദ്ധ ചാവറപിതാവ് ആധുനികകാലഘട്ടത്തിലെ സഭാപിതാവ്: മാർ പോളി കണ്ണൂക്കാടൻ
1478933
Thursday, November 14, 2024 5:30 AM IST
മാന്നാനം: പ്രതിസന്ധിഘട്ടങ്ങളിൽ സഭയ്ക്ക് ദിശാബോധം നൽകിയ ആധുനിക കാലഘട്ടത്തിലെ സഭാപിതാവാണ് വിശുദ്ധ ചാവറപിതാവെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ. മാന്നാനം ആശ്രമ ദേവാലയത്തിൽ വയനാട് അനുഗ്രഹ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. മാത്യു വയലാമണ്ണിലിന്റെ നേതൃത്വത്തിൽ നടത്തുന്ന ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാർ പോളി കണ്ണൂക്കാടന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കു ശേഷമായിരുന്നു ഉദ്ഘാടനം. വിശുദ്ധ കുർബാനയിൽ മാന്നാനം ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ, ഫാ. ടിസൺ പാത്തിക്കൽ സിഎംഐ എന്നിവർ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാനയെ തുടർന്ന് ഫാ. മാത്യു വയലാമണ്ണിൽ വചനപ്രഘോഷണം നടത്തി.
ഇന്ന് വൈകുന്നേരം നാലിന് ജപമാല, 4.30ന് സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളംതോട്ടത്തിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന. ഫാ. ജോസഫ് കുരീത്തറ, ഫാ. അരുൺ പോരൂക്കര എന്നിവർ സഹകാർമികരാകും. വിശുദ്ധ കുർബാനയെ തുടർന്ന് ഫാ. മാത്യു വയലാമണ്ണിലിന്റെ വചനപ്രഘോഷണം. ആരാധനയ്ക്കു ശേഷം ഒമ്പതിന് കൺവൻഷൻ സമാപിക്കും.
വിപുലമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷനു ശേഷം വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക ബസ് സർവീസ് ഉണ്ടാകും. രോഗികൾക്കും പ്രായമായവർക്കും കൺവൻഷൻ പന്തലിൽ പ്രത്യേക ഇരിപ്പിട സൗകര്യമുണ്ട്. കൺവൻഷൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് രണ്ടുമുതൽ നാലുവരെയും കുമ്പസാരത്തിന് സൗകര്യമുണ്ട്.