ദേശീയപാത 183-ല് സീബ്രാ ലൈനുകളും മുന്നറിയിപ്പ് ലൈനുകളും മാഞ്ഞു
1478988
Thursday, November 14, 2024 5:48 AM IST
മുണ്ടക്കയം: ദേശീയപാത 183ല് സീബ്രാ ലൈനുകളും മുന്നറിയിപ്പ് ലൈനുകളും മാഞ്ഞു. അന്തർ സംസ്ഥാന ദേശീയപാതകളിൽ പ്രധാനപ്പെട്ട റോഡാണ് കൊട്ടാരക്കര - ദിണ്ഡിഗൽ ദേശീയപാത.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ ദേശീയപാതയിലെ സീബ്രാലൈനുകൾ മാഞ്ഞിട്ട് നാളുകൾ പിന്നിട്ടു. ചിറ്റടി അട്ടിവളവ്, എസ്എൻഡിപി വളവ്, 31ാം മൈൽ വേ ബ്രിഡ്ജ് വളവ്, പൈങ്ങനായിലെ പതിവ് അപകട സ്ഥലങ്ങളായ കൊടുംവളവുകളിലൊന്നും മുന്നറിയിപ്പ് ലൈനുകളില്ല.
കാലപ്പഴക്കത്താൽ വരകൾ മാഞ്ഞതോടെ അപകടങ്ങളും വർധിക്കുകയാണ്. മണ്ഡല - മകരവിളക്ക് തീർഥാടനകാലം ആരംഭിക്കുവാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതോടെ അയൽ സംസ്ഥാനങ്ങളിൽനിന്നടക്കം നൂറുകണക്കിന് വാഹനങ്ങൾ പാതയിലേക്കെത്തും.
സീബ്ര ലൈനുകളുടെ അഭാവത്തിൽ മൂടൽമഞ്ഞുകൂടി ഇറങ്ങുന്നതോടെ രാത്രികാലങ്ങളിൽ ഹൈറേഞ്ചിലേക്കുള്ള യാത്ര വാഹനയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാകും സൃഷ്ടിക്കുക. ഇത് അപകടങ്ങൾ പെരുകുവാനിടയാക്കും.
മുണ്ടക്കയം ടൗണിലെ പ്രധാന ജംഗ്ഷനുകളിലും സീബ്ര ലൈനുകൾ പൂർണമായും മാഞ്ഞു. ഇതോടെ കാൽനട യാത്രക്കാർ റോഡ് മുറിച്ച് കിടക്കുന്നത് ജീവൻ പണയം വച്ചാണ്. മുൻവർഷങ്ങളിൽ ശബരിമല തീർഥാടനത്തിന് മുന്നോടിയായി ദേശീയപാതയിൽ സീബ്രാലൈനുകൾ അടക്കം വരച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ടായിരുന്നെങ്കിൽ ഈ വർഷം ഇത് ഉണ്ടായിട്ടില്ല.