കാൽക്കോടിയുടെ വികസനം; കണ്ണോത്തുകുളം ഇനി ഉല്ലാസക്കളമാകും
1478737
Wednesday, November 13, 2024 5:59 AM IST
ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിനു പിന്നാലെ ഗ്രാമപഞ്ചായത്തും
ഉഴവൂർ: പഞ്ചായത്തിലെ കണ്ണോത്തുകുളത്തെ ഉല്ലാസക്കളമാക്കാനൊരുങ്ങി ജനപ്രതിനിധികൾ. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാരംഭിച്ച പ്രവർത്തനങ്ങൾക്കു പിന്നാലെ ഗ്രാമപഞ്ചായത്തും രംഗത്തെത്തിയതോടെ കണ്ണോത്തുകുളം ഇനി വലിയ ഉല്ലാസവേദിയായി മാറും.
പുറമ്പോക്ക് ഭൂമിയായിരുന്ന കണ്ണോത്തുകളം പഞ്ചായത്തിന്റെ ആസ്തിയിലെത്തിയെന്നതാണ് ഏറെ നേട്ടം.
80 സെന്റോളം വരുന്ന സ്ഥലത്തിന്റെ പകുതിയോളം ഭാഗമാണ് ഇപ്പോൾ വികസനത്തിനായി പ്രയോജനപ്പെടുത്തുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വികസനപ്രവർത്തനത്തിന് ഫണ്ട് വകയിരുത്തിയതിനു പിന്നാലെയാണ് സ്ഥലം പഞ്ചായത്തിന്റെ ആസ്തിയിലെത്തിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് 14 ലക്ഷം രൂപയാണ് കണ്ണോത്തുകുളത്തിന്റെ വികസനത്തിനായി വിനിയോഗിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് പറഞ്ഞു. കുളത്തിന്റെ നവീകരണം, ചെക്ക്ഡാം പോലുള്ള നിർമാണം എന്നിവയാണ് പ്രധാനമായും നടപ്പിലാക്കുന്നത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ണോത്തുകുളം ഭാഗത്ത് ബാഡ്മിന്റൺ കോർട്ടും ഓപ്പൺ ജിമ്മുമാണ് നിർമിക്കുന്നത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ, വൈസ് പ്രസിഡന്റ് ബിനു ജോസ്, അംഗങ്ങളായ വി.ടി. സുരേഷ്, അഞ്ജു പി. ബെന്നി, ഏലിയാമ്മ കുരുവിള, ബിൻസി അനിൽ, സെക്രട്ടറി എസ്. സുനിൽ, അസി. എൻജിനിയർ അനുമോൾ രാജു, അക്രഡിറ്റഡ് എൻജിനിയർ വൈഷ്ണ പ്രസാദ് എന്നിവർ സ്ഥലം സന്ദർശിച്ച് വികസനസാധ്യതകൾ വിലയിരുത്തി.