അയ്യപ്പസേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു
1479084
Thursday, November 14, 2024 7:29 AM IST
ഗാന്ധിനഗര്‍: ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തിര ചികിത്സ നല്‍കുന്നതിന് കോട്ടയം മെഡിക്കല്‍ കോളജില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി അയ്യപ്പസേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചു. സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു.
മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു സമീപമാണ് സേവാകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. തീര്‍ഥാടകര്‍ക്കായി പ്രത്യേക വാര്‍ഡ് തുറന്നു. പുരുഷന്മാര്ക്ക് പത്തും സ്ത്രീകള്‍ക്ക് എട്ടും കിടക്കകള്‍ വീതമാണ് ക്രമീകരിച്ചിട്ടുള്ളത്.
അത്യാഹിത വിഭാഗത്തിന്റെ രണ്ടാം നിലയില്‍ ഐസിയു സംവിധാനത്തോടെയുള്ള 13 കിടക്കകളും എട്ടു വെന്റിലേറ്ററുകളും സജീകരിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടകരുടെ സേവനങ്ങള്‍ക്കായി വിദേശ വനിതയും ഇന്നലെ മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു.
യുകെയില്‍ നിന്നുള്ള മെനോഗ്ലാഡിസ് ഫില്റ്റനോയാണ് അയ്യപ്പസേവാകേന്ദ്രത്തിന്റെയും ഹെല്പ് ഡെസ്കിന്റെയും ഉദ്ഘാടനത്തില്‍ പങ്കെടുത്തത്.
റവന്യു വകുപ്പിന്റെയും സേവാഭാരതി, അഭയം, അയ്യപ്പസേവാസംഘം എന്നീ സംഘടനകളുടെയും പ്രവര്‍ത്തകര്‍ 24 മണിക്കൂറുമുണ്ട്.
പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, ഡെപ്യൂട്ടിസൂപ്രണ്ട് ഡോ. രതീഷ് കുമാര്‍, ആര്‍എംഒ ഡോ. സാം ക്രിസ്റ്റി മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.