പരിപ്പ് തൊള്ളായിരം റോഡ്: നിര്‍മാണ പൂര്‍ത്തീകരണത്തിന് 5.9 കോടി
1479073
Thursday, November 14, 2024 7:17 AM IST
ഏറ്റുമാനൂര്‍: മൂന്ന് പതിറ്റാണ്ടിലേറയായി മുടങ്ങിക്കിടന്ന പരിപ്പ് തൊള്ളായിരം റോഡിന്റെ നിര്‍മാണത്തിനായി 5,90,69,054 രൂപയുടെ ഭരണാനുമതി ലഭിച്ചു.
1985ലാണ് റോഡ് നിര്‍മാണം തുടങ്ങി അപ്രോച്ച് പാലം പൂര്‍ത്തിയാക്കിയത് തുടര്‍ന്ന് കേസുകളിലും ചുവപ്പുനാടയിലും കുടുങ്ങിയതോടെ നാട്ടുകാരുടെ ചിരകാലസ്വപ്നം പൂവണിഞ്ഞില്ല. മന്ത്രി വി.എന്‍. വാസവന്റെ നിരന്തരമായ ശ്രമഫലമായി ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. മുടങ്ങിക്കിടന്ന പരിപ്പ് തൊള്ളായിരം റോഡിന്റെ നിര്‍മാണത്തിന് മന്ത്രി തന്നെ ഇടപെട്ട് ആദ്യം 5,29,43,713 രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുകയ്ക്ക് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി.
തുടര്‍ന്ന് പുതിയ എസ്റ്റിമേറ്റ് തയാക്കിയതനുസരിച്ച് 61,25,341 രൂപ കൂടി അനുവദിക്കുകയായിരുന്നു. നിര്‍ദിഷ്ട റോഡ് അപ്പര്‍കുട്ടനാടിന്റെ സമഗ്രപുരോഗതിക്കും ആയിരക്കണക്കിന് ഏക്കര്‍ കാര്‍ഷികമേഖലയുടെ അഭിവൃത്തിക്കും കാരണമാകും. അയ്മനം പഞ്ചായത്തിലെ 20, 1 വാര്‍ഡുകളിലായാണ് പാലവും അപ്രോച്ച് റോഡും സ്ഥിതി ചെയ്യുന്നത്.
700 ഏക്കറുള്ള തൊള്ളായിരം, 210 ഏക്കറുള്ള വട്ടക്കായല്‍ എന്നീ പാടശേഖരങ്ങള്‍ക്ക് നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഇതിന്റെ ഭാഗമായിവരുന്ന മാഞ്ചിറയിലെ പാലം കൂടി തീരുന്നതോടെ ഈ മേഖലയില്‍നിന്ന് കുമരകം വഴി, ആലപ്പുഴ, എറണാകുളം റോഡുകളിലേക്ക് കുറഞ്ഞ സമയംകൊണ്ട് എത്താന്‍ കഴിയും . ഇതിനായി മാഞ്ചിറ പാലത്തിന്റെ നിര്‍മാണം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് തുക അനുവദിച്ച് പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.