സീ പ്ലെയിന്‍: 14 വര്‍ഷം മുമ്പ് താൻ കൊണ്ടുവന്ന ആശയമെന്ന് മന്ത്രി വാസവന്
1478937
Thursday, November 14, 2024 5:30 AM IST
കോട്ടയം: പതിനാല് വര്‍ഷം മുമ്പ് കോട്ടയം എംഎല്‍എയായിരുന്ന സമയത്ത് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയമായി കൊണ്ടുവന്ന സീ പ്ലെയിന്‍ ആശയമാണ് ഇന്നു പൂര്‍ണതയില്‍ എത്തിയതെന്ന് മന്ത്രി വി.എന്‍. വാസവന്.
2010 മാര്‍ച്ച് ഒമ്പതിനായിരുന്നു ടൂറിസം മേഖലയുടെ വികസനത്തിനായി സീ പ്ലെയിന്‍ എന്ന ആശയം സഭയില്‍ അവതരിപ്പിക്കുന്നത്. സംസ്ഥാനത്ത് മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അടുത്ത് ജലാശയങ്ങള്‍ ലഭ്യമായതിനാല്‍ ഇവ ഉപയോഗപ്പെടുത്തി വിമാനസര്‍വീസുകള്‍ ആരംഭിക്കാന്‍ വേണ്ടത് 100 മീറ്റര്‍ ദൈര്‍ഘ്യമുള്ള ജലപ്പരപ്പും രണ്ടര മീറ്റര്‍ ആഴമുള്ള ജലാശയങ്ങളുമാണ്.
ഈ സാധ്യത ഉപയോഗപ്പെടുത്തി കേരളത്തിന്റെ ടൂറിസം മേഖലയുടെ വളര്‍ച്ച ശക്തിപ്പെടുത്തണമെന്നായിരുന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. അന്നു പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. കേരളത്തിന്റെ പരിസ്ഥിതിക്ക് അനുസരിച്ചാണോ ഈ പദ്ധതി എന്ന് സാധ്യതാപഠനം നടത്താന്‍പോലും സമ്മതിച്ചില്ലെന്നും വാസവന് പറഞ്ഞു.
അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് നിര്‍ദിഷ്ട പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും സീ പ്ലെയിന്‍/ഹൈഡ്രോ പ്ലെയിന്‍ ടാക്സി സര്‍വീസ് നടത്തുന്നതിനെപ്പറ്റിയും സാധ്യതാപഠനം നടത്താമെന്ന നിലപാട് സ്വീകരിച്ചു.
ഇന്ന് ജലവിമാനം പറന്നുയരുന്നതിനുവേണ്ട ആധികാരിക സര്‍വേകള്‍ നടത്തിയത് തുറമുഖവകുപ്പിന്റെ കീഴിലുള്ള കേരള ഹൈഡ്രോഗ്രാഫിക്ക് സര്‍വേ വിംഗാണ്. കാലങ്ങള്‍ക്ക് മുമ്പ് മുന്നോട്ടുവച്ച ആശയം പൂര്‍ണതയിലേക്ക് നീങ്ങുമ്പോള്‍ അതിനുവേണ്ട പഠനങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞതും ആത്മസംതൃപ്തി നല്‍കുന്നുവെന്നും മന്ത്രി വാസവന് പറഞ്ഞു.