കടന്നല് കടന്നാക്രമണം: മലയോരം ഭീതിയില്‍
1478405
Tuesday, November 12, 2024 5:53 AM IST
കോട്ടയം: ജില്ലയുടെ കിഴക്കന്‍ മലയാരഗ്രാമങ്ങളില് കുരങ്ങും കുറുക്കനും കുറുനരിയും കാട്ടുപന്നിയും മാത്രമല്ല കടന്നലും ഭീഷണി. പാക്കാനത്ത് അമ്മയും മകളും കടന്നല്‍ക്കുത്തേറ്റ് മരിച്ചതിനു പിന്നാലെ വെള്ളിയാഴ്ച എരുമേലി തൂങ്കുഴിപ്പടിയില്‍ ബൈക്ക് യാത്രക്കാരും ടാപ്പിംഗ് തൊഴിലാളികളും ഉള്‍പ്പെടെ ആറു പേര്‍ക്കു കുത്തേറ്റു.
ഇടകടത്തില് ഷാപ്പുതൊഴിലാളി പനയില്‍ കയറിയപ്പോള്‍ മാരകമായി ആക്രമിച്ചതും അടുത്തയിടെയാണ്. പൂവത്തുങ്കല്‍ എസ്റ്റേറ്റില്‍ ടാപ്പിംഗ് തൊഴിലാളിയെ കടന്നല്‍ക്കൂട്ടം പിന്തുടര്ന്ന് ആക്രമിക്കുന്നതറിഞ്ഞ് എരുമേലിയില്‍നിന്ന് ആംബുലന്‍സ് എത്തിച്ചാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
കെട്ടിടങ്ങളിലും തൊഴുത്തിലും മരങ്ങളിലും കയ്യാലകളിലും വലിയ കൂടുകെട്ടുന്ന കടന്നല്‍കൂട്ടം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും അതിമാരകമായി ആക്രമിക്കും. മഴക്കാലത്ത് കടന്നല് അഥവ വനംകുളവിക്ക് വിഷം കൂടുതലാണുതാനും.
മരങ്ങള്‍ വെട്ടിവീഴ്ത്തുമ്പോഴോ പക്ഷികള്‍ ആക്രമിക്കുമ്പോഴോ ആണ് കൂടിളകിയോ നിലം പൊത്തിയോ കടന്നലുകള്‍ മിന്നലാക്രമണം നടത്തുക. വീടുകളിലെ ചെറിയ ഇനം കുളവികളെക്കാള് വലുതും മാരകവുമാണ് കടന്നല്. നൂറു കണക്കിന് കടന്നലുകളാണ് വലിയ കൂടുകളിലുണ്ടാകുക. ഓടിയൊളിച്ചാലും പുഴയില്‍ മുങ്ങിയാലും ഇരപോയ വഴിയെ ബഹുദൂരം പിന്തുടര്ന്ന് ആക്രമിക്കും.
കാനനപാതയിലുമുണ്ട്
ശബരിമല കാനനപാതകളിലെ മരങ്ങച്ചില്ലകളിലും പൊത്തുകളിലും പാറകളിലും കടന്നലുകള്‍ ഏറെയുണ്ട്. അള്പ്പെരുമാറ്റം കൂടുന്നതോടെ ഇളകി ആക്രമിക്കാന്‍ സാധ്യതയുണ്ട്. എരുമേലി-അഴുത പാതയില്‍ കാട്ടുമൃഗങ്ങളെക്കാള്‍ ഭീഷണിയാണ് കടന്നല്. വനപാലകര്‍ക്ക് കുത്തേല്‍ക്കാറുണ്ട്. കടന്നലില്‍ ഏറ്റവും അപകടകാരി കാട്ടു കടന്നലാണ്.
പാന്പിൻവിഷം പോലെ
പാമ്പിന് വിഷത്തിന്റെ പത്തിലൊന്ന് അളവ് ഓരോ കടന്നലിലുമുണ്ട്. പത്തു കടന്നല് ഒരുമിച്ചു കുത്തിയാല്‍ പാമ്പു കടിക്കു തുല്യം. തേനീച്ചപോലെ തോന്നിക്കുമെങ്കിലും ഇവ തേന്‍ ഉത്പാദിപ്പിക്കില്ല. മര്‍മം നോക്കിയാണു കുത്തുക. പലപ്പോഴും ശരീരത്തില്‍ അര ഭാഗത്തിനു മുകളിലായിരിക്കും ആക്രമണം. നെറ്റിയുടെ മധ്യം, നെഞ്ച്, ചെന്നി, കഴുത്തിന്റെ വശങ്ങള്, തൊണ്ട, കവിള് എന്നിവിടങ്ങളില്‍ കുത്തേറ്റാല്‍ വിഷം പെട്ടെന്നു വ്യാപിക്കും. പാമ്പിന് വിഷത്തിനു സമാനമായി രക്തം, നാഡീവ്യൂഹം, ശ്വാസകോശം എന്നിവിടങ്ങളെ ബാധിക്കും. കടുത്ത അലര്‍ജിയാണു കടന്നല് കുത്ത് നല്‍കുന്നത്. ഇതിനെതിരേ ശരീരം വ്യാപകമായി ആന്റി ഹിസ്റ്റമിനുകള്‍ പുറപ്പെടുവിക്കുന്നതിനാലാണ് ശരീരത്തില്‍ നീരും വേദനയും വരുന്നത്.
നേരിടാന്‍ ആരുമില്ല
അഗ്നിശമനസേനയ്ക്കോ പോലീസിനോ വനംവകുപ്പിനോ കടന്നലിനെ നേരിടാന്‍ പരിശീലനം ലഭിച്ചിട്ടില്ല. വനജീവിയായതിനാല് ഉപദ്രവിക്കാനും പാടില്ല. മുന്‍പു രാത്രികാലങ്ങളില്‍ ആദിവാസികളും മറ്റു ഇവയെ കത്തിച്ചു കളഞ്ഞിരുന്നു. അറ്റകൈയായി അഗ്നിശമനസേന ശക്തിയായി വെള്ളം ചീറ്റിച്ചു കൂടു നശിപ്പിക്കാറുണ്ട്. ചലനശേഷി കുറവായ റാണി ഈച്ച വെള്ളം പ്രയോഗത്തില്‍ ചാകുന്നതോടെ കടന്നലുകൾ മറ്റിടം തേടി പ്പോകും.
കുത്ത് മാരകം
ജീവന് രക്ഷപ്പെട്ടാലും കുത്തേറ്റ ഭാഗത്ത് സ്പര്‍ശനശേഷി നഷ്ടപ്പെടുന്നതുള്‍പ്പെടെ പ്രശ്നങ്ങളുണ്ടാകാം. കുത്തേറ്റാല്‍ ഉടനടി വൈദ്യസഹായം തേടണം. രക്തസമ്മര്‍ദം താഴുകയും ഹൃദയത്തെ ബാധിക്കുകയും ചെയ്യുന്നത് മരണകാരണമാകും. ശരീരത്തില്‍നിന്നു കടന്നലിന്റെ മുള്ള് അഥവാ കൊമ്പ് ഊരി മാറ്റണം. അലര്‍ജി മരുന്നുകള്‍ നല്‍കുന്നത് ഉത്തമം. വിഷത്തേക്കാള്‍ പെട്ടന്നുണ്ടാകുന്ന അലര്‍ജിയാണ് മരണ കാരണം.
പുറത്തുണ്ടാകുന്നതുപോലെ ശരീരത്തിനുള്ളിലും നീരു വ്യാപിക്കും. രക്തക്കുഴലുകളും കോശങ്ങളും വീര്‍ത്ത് തടിക്കുന്നതോടെ ശ്വാസംമുട്ടലുണ്ടായാണ് മരണം സംഭവിക്കുക.