കുറവിലങ്ങാട് ഉപജില്ലാ കലോത്സവം നസ്രത്ത്ഹിൽ ഡിപോളിൽ നാളെ തുടങ്ങും
1478387
Tuesday, November 12, 2024 5:53 AM IST
കുറവിലങ്ങാട്: അയ്യായിരത്തോളും കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കുറവിലങ്ങാട് ഉപജില്ലാ കലോത്സവം - ഹർഷം 2024 - നാളെ നസ്രത്ത്ഹിൽ ഡിപോൾ സ്കൂളിൽ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർപേഴ്സണുമായ മിനി മത്തായി, ഡി പോൾ സ്കൂൾ പ്രിൻസിപ്പലും ജനറൽ കൺവീനറുമായ ഫാ. ഡിനിൽ പുല്ലാട്ട്, എഇഒ ഡോ. കെ.ആർ. ബിന്ദുജി, എച്ച്എം ഫോറം സെക്രട്ടറി കെ. പ്രകാശൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഡി പോൾ ഹയർ സെക്കൻഡറി സ്കൂളിനൊപ്പം കളത്തൂർ ഗവ. യുപി സ്കൂൾ, കളത്തൂർ ബിആർസി ഓഡിറ്റോറിയം, കളത്തൂർ സെന്റ് മേരീസ് യുപി സ്കൂൾ എന്നിവിടങ്ങളിലും വേദികളൊരുക്കിയിട്ടുള്ളതായി ബ്ലോക്ക് പഞ്ചായത്തംഗം സിൻസി മാത്യു, സതീഷ്ജോസഫ്, വി. എം. രാജു എന്നിവർ പറഞ്ഞു.
നാളെയും 19, 20, 21 തീയതികളിലുമായി ക്രമീകരിച്ചിട്ടുള്ള മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തീകരിച്ചതായും ഭാരവാഹികൾ അറിയിച്ചു. 103 വിദ്യാലയങ്ങളിൽനിന്ന് 4750 വിദ്യാർത്ഥികളാണ് മത്സരിക്കുന്നത്. 13 വേദികളാണ് ഒരുക്കിയിട്ടുള്ളത്.
ആദ്യദിനമായ നാളെ രചനാമത്സരങ്ങളാണ് നടക്കുന്നത്. നാളെ 9.30ന് ഡി പോൾ ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനവേദിയിൽ ഉദ്ഘാടന സമ്മേളനം നടക്കും. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രനടൻ ദിലീഷ് പോത്തൻ കലാമേളയുടെ തിരിതെളിക്കും. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിക്കും. 21ന് നടക്കുന്ന സമാപന സമ്മേളനം സി.കെ. ആശ ഉദ്ഘാടനം ചെയ്യും.