സെപ്റ്റിക് ടാങ്ക് പൊട്ടി മലിന ജലം റോഡിൽ പടർന്ന ു; കെട്ടിട ഉടമക്കെതിരേ നിയമ നടപടിയുമായി ആരോഗ്യവകുപ്പ്
1464002
Saturday, October 26, 2024 3:36 AM IST
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ടൗണിൽ സ്വകാര്യ കെട്ടിട സമുച്ചയത്തിൻരെ സെപ്റ്റിക് ടാങ്ക് പൊട്ടി പുറത്തേക്കൊഴുകിയ മലിന ജലം റോഡിൽ പടർന്നത് പരിസരവാസികൾക്ക് ദുരിതമായി. പരാതി ഉയർന്നതോടെ ആരോഗ്യവകുപ്പ് അധികൃതരെത്തി നിയമ നടപടികളുടെ ഭാഗമായി ടൗണിലെ കെട്ടിടത്തിൽ നോട്ടീസ് പതിച്ചു. ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് ഭാഗത്തെ ബഹുനില കെട്ടിടത്തിലെ കക്കൂസ് മാലിന്യം റോഡിലേക്ക് ഒലിച്ചിറങ്ങിയതോടെ പരിസരത്തെ വ്യാപാരികളും നാട്ടുകാരും സഹികെട്ട് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
രവി കുളങ്ങരയുടെ ഉടമസ്ഥതയിലുള്ള സൂര്യകാന്തി കോംപ്ലക്സ് എന്ന കെട്ടിടത്തിലെ ടാങ്കിൽ നിന്നുള്ള മലിന ജലം ഒഴുകിയിറങ്ങിയത് മൂലം ദിവസങ്ങളായി ഇതുവഴിയുള്ള യാത്ര
ക്കാർക്ക് മൂക്ക്പൊത്തി നടക്കേണ്ട ഗതികേടാണ്. മൂന്നുദിവസം മുമ്പ് മലിനജലം റോഡിലേക്ക് ഒഴുകുന്ന കാര്യം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എം. സുപ്രിയ കെട്ടിട ഉടമയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കക്കൂസ് ടാങ്കിലെ മലിന ജലം ഇന്നലെ രാവിലെയും റോഡിലേക്ക് ഒഴുകിയതോടെ വ്യാപാരികളും വഴിയാത്രക്കാരും ഉടമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് പരാതി നൽകുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ ആരോഗ്യ വകുപ് അധികൃതർ ഇന്റർലോക്കിളക്കിയതോടെയാണ് ടാങ്കിൽ നിന്നും കക്കൂസ് മലിന ജലമാണെന്ന് ഉറപ്പിച്ചത്. തുടർന്ന് ഉടമയെ ഫോണിൽ ബന്ധപ്പെട്ടതോടെ ഇവർക്കുനേരെ ഫോണിൽ അധിക്ഷേപവും ഭീഷണിയുമുണ്ടായതായി അവർ പറഞ്ഞു. തുടർന്ന് ആരോഗ്യ വകുപ്പ് ചന്തേര പോലീസിലും തൃക്കരിപ്പൂർ പഞ്ചായത്ത് അധികൃതരെയും സംഭവം അറിയിക്കുകയും
കെട്ടിട സമുച്ചയത്തിൽ പഞ്ചായത്ത് രാജ് ആക്ട് 1994,പൊതുജന ആരോഗ്യ നിയമം 2023 തുടങ്ങിയ വകുപ്പുകൾ പ്രകാരം നിയമ നടപടി ശുപാർശ ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസ് പതിച്ചു. രണ്ടു ദിവസത്തിനകം മലിന ജലം ടാങ്കിൽ നിന്ന് പുറത്തേക്കൊഴുകുന്നത് ശാശ്വതമായി ഇല്ലാതാക്കിയില്ലെങ്കിൽ 10,000 രൂപ പിഴ ഈടാക്കാനും മറ്റ് നടപടികളിലേക്ക് നീങ്ങാനുമാണ് തീരുമാനം.
48 മണിക്കൂറിനുള്ളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ പോലീസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത നടപടികൾ ഉണ്ടാവുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എൻ.പി. ലിയാഖത്ത് അലി, ജെഎച്ചഐമാരായ എൻ.ഇ. ശിവകുമാർ, പി.വി. പ്രകാശൻ, ഹെൽത്ത് ഇൻസ്പെക്ടർ എം. സുപ്രിയ എന്നിവരെ കൂടാതെ ചന്തേര എസ്ഐമാരായ കെ. രാമചന്ദ്രൻ, എം. സുരേശൻ തുടങ്ങിയവരും സംഭവസ്ഥലത്തെത്തിയിരുന്നു.