ദേശീയപാതയിൽ നിർമാണ പ്രവൃത്തി; സംസ്ഥാനപാതയിൽ ‘കുഴി’ ദുരന്തം
1464841
Tuesday, October 29, 2024 7:16 AM IST
കാസർഗോഡ്: ദേശീയപാതയിൽ നിർമാണപ്രവൃത്തികളും ഗതാഗതതടസവുമൊക്കെയുള്ളതുകൊണ്ട് കാസർഗോഡ്-കാഞ്ഞങ്ങാട് റൂട്ടിലെ യാത്ര സംസ്ഥാനപാത വഴിയാക്കാമെന്ന് കരുതുന്നവരാണ് വാഹനയാത്രക്കാരിലേറെയും. എന്നാൽ കാസർഗോഡ് നഗരത്തിൽ നിന്ന് സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗം ഇന്റർലോക്ക് പാകി വൃത്തിയാക്കിയെങ്കിലും ചന്ദ്രഗിരിപ്പാലം കഴിഞ്ഞാൽ കുഴികളിൽ ആടിയുലഞ്ഞു പോകേണ്ട അവസ്ഥയാണ്. ഇന്റർലോക്ക് പാകിയ ഭാഗത്തുതന്നെ കട്ടകളിൽ പലതും പൂർണമായി ഉറച്ചിട്ടില്ലാത്തതിനാൽ ഏതു നിമിഷവും ഇളകിപ്പോകാമെന്ന നിലയിലാണ്.
അതുകഴിഞ്ഞ് ചെമ്മനാടെത്തുമ്പോഴേക്ക് നേരത്തേ ടാറിംഗിന്റെ മേൽപ്പാളി ചെറുതായി അടർന്നിരുന്ന ഭാഗങ്ങൾ ഇപ്പോൾ പാതാളക്കുഴികളായി. ഉദുമയ്ക്കും പാലക്കുന്നിനും ഇടയിൽ നേരത്തേ ഇടിഞ്ഞുതാഴ്ന്ന കലുങ്കിന്റെ പുനർനിർമാണം നടക്കുന്നതിനാൽ വശംമാറി തിരിഞ്ഞുപോകണം.
പിന്നെയും കാഞ്ഞങ്ങാട്ടെത്തുന്നതുവരെ കുഴികൾക്ക് പഞ്ഞമില്ല.
രാത്രിയിലാണെങ്കിൽ മിക്കയിടങ്ങളിലും വിളക്കുകളും പ്രകാശിക്കുന്നില്ല. കാഞ്ഞങ്ങാട് നഗരത്തിൽ സൗത്ത് ജംഗ്ഷൻ വരെ സംസ്ഥാനപാതയുടെ ഭാഗമായ റോഡിലും ടാറിംഗിന്റെ പാളികൾ പലയിടത്തും അടർന്ന നിലയിലാണ്.
റോഡിന്റെ നിർമാണം നടത്തിയ കെഎസ്ടിപി അധികൃതർ പരിപാലന ചുമതല പൊതുമരാമത്ത് വകുപ്പിനെ ഏൽപിക്കുമ്പോൾ തന്നെ അങ്ങിങ്ങ് ടാറിംഗ് ഇളകാൻ തുടങ്ങുകയും സൗരോർജവിളക്കുകൾ തകരാറിലാവുകയും ചെയ്തിരുന്നു. ഏറ്റെടുത്ത കാലം മുതൽ ഓരോ ഭാഗങ്ങളിലായി അറ്റകുറ്റപണികൾ നടത്താനാണ് പൊതുമരാമത്ത് വകുപ്പിന്റെ യോഗം.