എഡിഎം നവീൻ ബാബുവിന് ആദരാഞ്ജലികളർപ്പിച്ച് ജില്ലാ വികസനസമിതി യോഗം
1464379
Sunday, October 27, 2024 7:39 AM IST
കാസർഗോഡ്: ജില്ലയിൽ റവന്യൂ വകുപ്പിൽ ജൂണിയർ സൂപ്രണ്ട് മുതൽ എഡിഎം വരെ വിവിധ തസ്തികകളിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ച കെ. നവീൻ ബാബുവിന് ആദരാഞ്ജലികളർപ്പിച്ച് ജില്ലാ വികസനസമിതി യോഗം. ഇതുസംബന്ധിച്ച് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ അവതരിപ്പിച്ച പ്രമേയം യോഗം ഏകകണ്ഠമായി അംഗീകരിച്ചു. അടുത്തകാലം വരെ ജില്ലയിൽ പ്രവർത്തിച്ച് ജില്ലാ വികസനസമിതി യോഗങ്ങളിൽ സജീവസാന്നിധ്യമായിരുന്ന നവീൻ ബാബുവിനെ അംഗങ്ങളെല്ലാം ഓർത്തെടുത്തു.
കളക്ടർ കെ. ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ എംഎൽഎമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ.എം. അഷ്റഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത, സബ് കളക്ടർ പ്രതീക് ജയിൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. രാജേഷ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
ജില്ലയിലെ ഏക ആർഎംഎസ് ഓഫീസ് കണ്ണൂർ നാഷണൽ സോർട്ടിംഗ് ഹബ്ബിൽ ലയിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ജില്ലാ വികസനസമിതി യോഗം തപാൽ വകുപ്പിനോട് ആവശ്യപ്പെട്ടു. ലയന നടപടി ഡിസംബർ ആദ്യം നടപ്പാക്കാനാണ് നിർദേശമുള്ളത്. കാസർഗോഡ് കേന്ദ്രത്തിൽ ചെയ്തിരുന്ന രജിസ്ട്രേഡ് കത്തുകളുടെയും സാധാരണ കത്തുകളുടെയും തരംതിരിക്കൽ കണ്ണൂർ ഹബ്ബിലേക്ക് മാറുന്നതോടെ ജില്ലയിൽ നിന്നുള്ള രജിസ്ട്രേഡ് ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരുടെ കൈകളിലെത്താൻ വൈകുമെന്ന ആശങ്കയുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ അവതരിപ്പിച്ച പ്രമേയത്തെ ഇ. ചന്ദ്രശേഖരൻ എംഎൽഎ പിന്തുണച്ചു.
ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ജില്ലാ വികസന സമിതി യോഗത്തിൽ വീണ്ടും ഉയർന്നു. ജില്ലയിൽ 72 ഡോക്ടർമാരുടെ ഒഴിവുണ്ടെന്നും പിഎസ്സി റാങ്ക് പട്ടികയിൽനിന്ന് പുതുതായി 40 പേർക്ക് നിയമന ഉത്തരവ് നൽകിയെങ്കിലും 12 പേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചതെന്നും ഡെപ്യൂട്ടി ഡിഎംഒ അറിയിച്ചു.
നവീകരിച്ച ദേശീയപാതയോരത്ത് ബസ് വെയിറ്റിംഗ് ഷെൽട്ടറുകൾ അനുവദിക്കുന്നത് സംബന്ധിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കാൻ കളക്ടർ നിർദേശം നൽകി. ബസ് ഷെൽട്ടർ സ്ഥാപിക്കുന്ന സ്ഥലങ്ങൾ അതതിടങ്ങളിലെ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് തീരുമാനിക്കണം. ആർടിഒ ഇതു സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കണം. നവംബർ 20 നകം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനും നിർദേശം നല്കി. ഇതു സംബന്ധിച്ച് യോഗം വിളിച്ചുചേർക്കുന്നതിന് സബ് കളക്ടറെ ചുമതലപ്പെടുത്തി.
ഭൂരഹിതരും ഭവനരഹിതരുമായ പട്ടികവർഗക്കാരുടെ പട്ടയ അപേക്ഷകളിൽ നടപടികൾ വേഗത്തിലാക്കാൻ കളക്ടർ നിർദേശം നൽകി. ഇ. ചന്ദ്രശേഖരൻ എംഎൽഎയാണ് വിഷയം ഉന്നയിച്ചത്. ഒരേക്കർ വരെ ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട് നിരസിച്ച കേസുകൾ പുനപരിശോധിക്കുന്നതിനും ഡിജിറ്റൽ സർവേ നടക്കുന്ന വില്ലേജുകളിൽ ഇത്തരം കേസുകളിൽ അന്തിമ തീരുമാനം കൈക്കൊണ്ട് മുന്നോട്ടുപോകുന്നതിനും തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ മാസവും പട്ടയ മിഷൻ യോഗം ചേർന്ന് ജില്ലാ കളക്ടർ നേരിട്ട് പുരോഗതി വിലയിരുത്തുന്നുണ്ടെന്നും യോഗത്തിൽ അറിയിച്ചു.
സർക്കാർ ഭൂമി കൈവശം വെച്ച കേസുകളിൽ വീണ്ടും വിശദമായ പരിശോധന നടത്താൻ വില്ലേജ് ഓഫീസർമാർ കാലതാമസം വരുത്തരുതെന്ന് എംഎൽഎ പറഞ്ഞു. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ തഹസിൽദാർമാരോടും കളക്ടർ നിർദേശിച്ചു.
ജില്ലയിലെ ബസ് ഫെയർ സ്റ്റേജുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കുന്നതിന് കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിന്റെ തീരുമാനപ്രകാരമുള്ള അന്വേഷണ റിപ്പോർട്ട് അടുത്ത ആർടിഎ യോഗത്തിൽ സമർപ്പിക്കുമെന്ന് ആർടിഒ അറിയിച്ചു.
കാഞ്ഞങ്ങാട് കുശാൽനഗർ റെയിവേ മേൽപ്പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്കായി തുക കൈമാറുന്നതിനുള്ള തടസം നീക്കാൻ അടിയന്തര നടപടി വേണമെന്ന് ഇ. ചന്ദ്രശേഖരൻ എംഎൽഎ ആവശ്യപ്പെട്ടു. ഇതിനായി ഫിനാൻസ് ഓഫീസറെ കളക്ടർ ചുമതലപ്പെടുത്തി.
ചായ്യോം കയ്യൂർ റോഡിൽ സോയിൽ പൈപ്പിംഗ് പ്രതിഭാസം മൂലമുണ്ടായ അപകടാവസ്ഥ പരിഹരിക്കാൻ ശാശ്വത നടപടികൾ ഉണ്ടാകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കാഞ്ഞങ്ങാട് നഗരത്തിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപണി നടത്തണമെന്ന് ഡിടിപിസിയോട് നിർദേശിച്ചു. ഇതിനായി ഡിടിപിസി സെക്രട്ടറി, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ, സെക്രട്ടറി എന്നിവരുടെ യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി എടുത്തുമാറ്റിയ മിനി, ഹൈമാസ്റ്റ് ലൈറ്റുകൾ പുനസ്ഥാപിക്കുന്നതും അറ്റകുറ്റപണികൾ നടത്തുന്നതും അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് എ.കെ.എം. അഷ്റഫ് എംഎൽഎ ആവശ്യപ്പെട്ടു. മാറ്റിയ ലൈറ്റുകളിൽ പലതും ഇതിനകം ഉപയോഗശൂന്യമായിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. വിളക്കുകൾ പുനസ്ഥാപിക്കാൻ പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.
മംഗൽപാടി താലൂക്ക് ആശുപത്രിയിൽ നാല് കോടി രൂപ ചെലവിൽ നിർമിച്ച ഐസൊലേഷൻ വാർഡ് ഇൻപേഷ്യന്റ് വിഭാഗമായി മാറ്റണമെന്നും എ.കെ.എം. അഷ്റഫ് എംഎൽഎ ആവശ്യപ്പെട്ടു.
സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ ഓഫീസ് വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്ന് യോഗത്തിൽ അറിയിച്ചു. രണ്ടു ഘട്ടത്തിലായി റോഡ് പ്രവൃത്തി പൂർത്തീകരിക്കും.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി റോഡ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് കരാർ കമ്പനി പ്രതിനിധികൾ സമർപ്പിച്ച റിപ്പോർട്ട് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ദേശീയപാതാ അഥോറിറ്റി ലൈയ്സൺ ഓഫീസർക്ക് കൈമാറി.