സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ഇരിയണ്ണിയില്‍
1465473
Thursday, October 31, 2024 7:47 AM IST
കാസര്‍ഗോഡ്: 29-ാമത് സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ബോവിക്കാനം ഇരിയണ്ണി റോഡില്‍ നടക്കും. 14 ജില്ലകളില്‍ നിന്നും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുമായി 300 ഓളം താരങ്ങള്‍ പങ്കെടുക്കും.
ഒന്‍പതു വിഭാഗങ്ങളിലായിട്ടാണ് മത്സരം. എലൈറ്റ് മെന്‍-40 കിലോമീറ്റര്‍, എലൈറ്റ് വുമണ്‍-32 കിലോമീറ്റര്‍, 23 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍-40 കിലോമീറ്റര്‍, 18 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍-32 കിലോമീറ്റര്‍, 18 വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍-24 കിലോമീറ്റര്‍, 16 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍-16 കിലോമീറ്റര്‍, 16 വയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ എട്ടു കിലോമീറ്റര്‍, 14 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍ എട്ടു കിലോമീറ്റര്‍, 14 വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ എട്ടു കിലോ മീറ്റര്‍ എന്നിങ്ങനെയാണ് മത്സരം.
ബോവിക്കാനം ടൗണില്‍ നിന്ന് അരകിലോമീറ്റര്‍ മാറി ബാവിക്കരയടുക്കം മുതല്‍ ഇരിയണ്ണിവരെയുള്ള നാലു കിലോമീറ്റര്‍ റോഡാണ് മത്സര ട്രാക്ക്. നവീകരിച്ചതിനുശേഷം മികച്ച റോഡുകളിലൊന്നായ ഇവിടെ ഏഴു മീറ്റര്‍ വീതിയുമുണ്ട്. ഒരു ലാപ്പ് എന്നുള്ളത് എട്ടു കിലോമീറ്റര്‍ വീതമാണ്. അനന്തു നാരായണന്, അനക്സിയ മറിയ തോമസ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ദേശീയ ഗെയിംസ് ഉള്‍പ്പെടെ നിരവധി ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ ഒട്ടനവധി താരങ്ങളും മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇരയണ്ണിയില് എത്തിച്ചേരും. ഈ വര്‍ഷം ഡിസംബര്‍ ആദ്യവാരം ഒഡീഷയില്‍ നടക്കുന്ന ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കും.
നാളെ വൈകുന്നേരം നാലിനു ജില്ലാ സൈക്ലിംഗ് അസോസിയേഷന് പ്രസിഡന്റ് കെ.വി. വിജയകുമാര്‍ പതാക ഉയര്‍ത്തും. നവംബര്‍ രണ്ടിന് രാവിലെ 10ന് 916 കൊക്കോബ്രാൻഡ് എംഡി സാന്റി അഗസ്റ്റിന് ഫ്ലാഗ്ഓഫ് ചെയ്യും. 11നു സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. നവംബര്‍ മൂന്നിന് കളക്ടര്‍ കെ. ഇമ്പശേഖര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ബി.കെ. നാരായണന്, എം. അച്യുതന്, കെ.വി. വിജയകുമാര്‍, വിനോദ്കുമാര്‍, സജീവന് മടപ്പറമ്പത്ത്, കെ. ജനാര്ദ്ദനന്, മൂസ പാലക്കുന്ന്, രജിത് കാടകം എന്നിവര്‍ സംബന്ധിച്ചു.