എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൽ നാളെ മുതൽ സായാഹ്ന ഒപി
1465465
Thursday, October 31, 2024 7:47 AM IST
എണ്ണപ്പാറ: ഡോക്ടർമാരുടെ ക്ഷാമം മൂലം സഹികെട്ട നാട്ടുകാർ പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെ എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൽ നാളെമുതൽ സായാഹ്ന ഒപി പുനരാരംഭിക്കാൻ തീരുമാനം. ദിവസങ്ങൾക്കു മുമ്പ് ഇവിടെ നിയമിച്ച പുതിയ ഡോക്ടറുടെയും പഞ്ചായത്ത് താത്കാലികമായി നിയമിക്കുന്ന രണ്ടു ഡോക്ടർമാരുടെയും സേവനം ഉപയോഗപ്പെടുത്തിയാണ് സായാഹ്ന ഒപി സൗകര്യം ഒരുക്കുക. എൻഎച്ച്എം വഴിയുള്ള നഴ്സിന്റെ സേവനവും ലഭ്യമാക്കും.
കുടുംബാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറടക്കം മൂന്ന് ഡോക്ടർമാരാണ് വേണ്ടത്. എന്നാൽ, മെഡിക്കൽ ഓഫീസറായി ചുമതലയേറ്റ ഡോക്ടർ ദിവസങ്ങൾക്കകം പ്രസവാവധിയിൽ പോകുകയായിരുന്നു. ഇവർക്കു പകരമാണ് ഇപ്പോൾ പുതിയ ഡോക്ടറെ നിയമിച്ചത്.
ഡോക്ടർമാരുടെ ക്ഷാമം മൂലം ഏഴുമാസമായി ഇവിടെ ഒപി സമയം ഉച്ചവരെയായി വെട്ടിച്ചുരുക്കിയ അവസ്ഥയായിരുന്നു.
കഴിഞ്ഞദിവസം വൈകുന്നേരം മൂന്നരയോടെയാണ് ആശുപത്രി വരാന്തയിൽ നാട്ടുകാർ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സമരം രണ്ടു മണിക്കൂറോളം നീണ്ടതോടെ അമ്പലത്തറ ഇൻസ്പെക്ടർ ടി. ദാമോദരന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, സ്ഥിരം സമിതി അധ്യക്ഷ എൻ.എസ്. ജയശ്രീ, മെഡിക്കൽ ഓഫീസറുടെ അധിക ചുമതല വഹിക്കുന്ന ഡോ. വി.കെ. ഷിൻസി എന്നിവരെത്തി നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് നാളെ മുതൽ സായാഹ്ന ഒപി പുനരാരംഭിക്കുമെന്ന ഉറപ്പുനല്കിയത്.