മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസനസമിതി: സർഗോത്സവം നവംബർ ഒന്നിനും രണ്ടിനും
1464385
Sunday, October 27, 2024 7:39 AM IST
കാസർഗോഡ്: മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസനസമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ ഒന്ന്, രണ്ട് തീയതികളിൽ കേരളപ്പിറവി ദിനാഘോഷവും വിദ്യാർഥികളുടെ സർഗോത്സവവും സംഘടിപ്പിക്കും. മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിലെ 85 കന്നഡ പ്രൈമറി സ്കൂളുകളിൽ മലയാള ഭാഷാപഠനം ആരംഭിക്കുന്നതിനു വേണ്ടി സമിതിയുടെ ശ്രമഫലമായി 2001 മുതൽ മലയാള അധ്യാപകരെ താത്കാലികമായി നിയമിച്ചിരുന്നു. ഇത്തരത്തിൽ മലയാള പഠനത്തിനായി മുന്നോട്ടുവന്ന നൂറോളം കുട്ടികളാണ് സർഗോത്സവത്തിൽ പങ്കെടുക്കുക.
നവംബർ ഒന്നിന് രാവിലെ 10 മണിക്ക് ഹൊസബെട്ടു ജിഎൽപി സ്കൂളിൽ സംഘാടക സമിതി ചെയർമാൻ കെ.എം.കെ. അബ്ദുൽ റഹ്മാൻ ഹാജി പതാക ഉയർത്തും. മഞ്ചേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് സിദ്ദിഖ് അധ്യക്ഷത വഹിക്കും. സിഐ ടോൾസൺ പി. ജോസഫ് കുട്ടികൾക്ക് മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് മഹാകവി ഗോവിന്ദ പൈയുടെ ജന്മഗൃഹമായ ഗിളിവിണ്ടുവിൽ വച്ച് സപ്തഭാഷാ സംഗമം നടക്കും. ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യും.
കുമ്പള സഹകരണ ആശുപത്രി പ്രസിഡന്റ് രഘുദേവൻ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻ അസി. ഡയറക്ടർ പ്രഫ.ബി. ഭാട്ട്യ മുഖ്യാതിഥിയാകും. രണ്ടിന് രാവിലെ 10 മണിക്ക് എ.കെ.എം. അഷ്റഫ് എംഎൽഎ സർഗോത്സവം ഉദ്ഘാടനം ചെയ്യും. ഭരണഭാഷ വികസനസമിതി പ്രസിഡന്റ് എം.കെ. അലി അധ്യക്ഷത വഹിക്കും. സമിതി പുറത്തിറക്കുന്ന കലണ്ടറും ഡയറിയും തുളു അക്കാദമി ചെയർമാൻ കെ.ആർ. ജയാനന്ദ പ്രകാശനം ചെയ്യും. മഞ്ചേശ്വരം എഇഒ കെ. രാജഗോപാല ഏറ്റുവാങ്ങും.സമാപന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവിന മൊന്തേരോ അധ്യക്ഷത വഹിക്കും.