കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തെ നടപ്പാത കെട്ടിയടച്ചു
1464380
Sunday, October 27, 2024 7:39 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ തിരുവോണത്തലേന്ന് മൂന്നുപേർ ട്രെയിൻതട്ടി മരിക്കാനിടയായ വടക്കുഭാഗത്തെ നടപ്പാത റെയിൽവേ അധികൃതർ ഇരുമ്പുപട്ട കൊണ്ട് കെട്ടിയടച്ചു. റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്കൊപ്പം സമീപത്തെ റോഡുകളിലേക്കുള്ള കാൽനടയാത്രക്കാരും പാളം മുറിച്ചുകടക്കുന്നതിനായി ഈ നടപ്പാത ഉപയോഗിച്ചുവരികയായിരുന്നു. ഏതു തരത്തിലായാലും പാളം മുറിച്ചുകടക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപ്പാതയിലേക്കുള്ള വഴി കെട്ടിയടച്ചത്.
എന്നാൽ യാത്രക്കാർക്കും നാട്ടുകാർക്കും മറുവശത്തേക്കു കടക്കാൻ ബദൽ മാർഗങ്ങളൊരുക്കാതെ നടപ്പാത കെട്ടിയടച്ചതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. കാഞ്ഞങ്ങാട് സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ ഏതാണ്ട് മധ്യഭാഗത്തു മാത്രമാണ് മേൽപ്പാലമുള്ളത്. നഗരകേന്ദ്രത്തിലേക്ക് കടക്കണമെങ്കിൽ വടക്കു ഭാഗത്തെത്തണം. ഈ ഭാഗത്ത് ട്രെയിനിറങ്ങുന്ന യാത്രക്കാരും ഇനി പ്ലാറ്റ്ഫോമിന്റെ പകുതി ദൂരം തിരികെ നടന്ന് മേൽപ്പാലം കടന്നശേഷം വീണ്ടും അത്രയും ദൂരം മുന്നോട്ടു നടക്കേണ്ട അവസ്ഥയാണ്. പ്രായാധിക്യവും അവശതകളുമുള്ളവർക്കും ഭാരമേറിയ ലഗേജുകളുള്ളവർക്കുമെല്ലാം ഇത് ഏറെ പ്രയാസം സൃഷ്ടിക്കും.
പാത കെട്ടിയടച്ചിട്ടും കഴിഞ്ഞ ദിവസങ്ങളിൽ ഓരോ ട്രെയിനെത്തുമ്പോഴും രണ്ടാമത്തെ പ്ലാറ്റ്ഫോമിന്റെ വടക്കുഭാഗത്തിറങ്ങുന്ന യാത്രക്കാരിലധികവും വേലി ചാടിക്കടന്ന് ഇതുവഴി തന്നെ പോവുന്നതാണ് കണ്ടത്. വരുംദിവസങ്ങളിൽ ഇവിടെ റെയിൽവേ നിയന്ത്രണം കടുപ്പിക്കുമെന്നാണ് സൂചന.
എന്നാൽ പ്രശ്നത്തിന് ശാശ്വത പരിഹാരമായി ഇവിടെ മേൽപ്പാലം നിർമിക്കുന്ന കാര്യത്തിൽ റെയിൽവേ അധികൃതർ മെല്ലെപ്പോക്ക് തുടരുകയാണ്. പ്ലാറ്റ്ഫോമുകളുടെ തെക്കുഭാഗത്ത് പുതിയ പാർക്കിംഗ് കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായതിനു ശേഷം മാത്രമേ വടക്കുഭാഗത്ത് ഇപ്പോൾ പാർക്കിംഗ് കേന്ദ്രമുള്ളസ്ഥലത്ത് ചെന്നുചേരുന്ന രീതിയിൽ മേൽപ്പാലം നിർമിക്കാനാകൂ എന്നാണ് അധികൃതരുടെ നിലപാട്. ഇതിന് ഇനിയും ഒരു വർഷത്തോളം സമയമെടുക്കാനാണ് സാധ്യത. അതിനിടയിൽ കാഞ്ഞങ്ങാടിനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അതിന്റെ ഭാഗമായി മേൽപ്പാലത്തിന്റെ നിർമാണവും നടക്കാനാണ് സാധ്യത.