തെരുവു നായ്ക്കളിൽ പ്രതിരോധ കുത്തിവയ്പ് തുടങ്ങി
1465469
Thursday, October 31, 2024 7:47 AM IST
തൃക്കരിപ്പൂർ: തെരുവ് നായ്ക്കളെ വലയിലാക്കാൻ തൃക്കരിപ്പൂർ പഞ്ചായത്തിൽ മലപ്പുറത്തു നിന്ന് ടീമെത്തി. തെരുവു നായ്ക്കൾ മാരകമായ പേവിഷബാധ വ്യാപിപ്പിക്കുന്നതിലുള്ള പങ്ക് കണക്കിലെടുത്ത് പ്രതിരോധ കുത്തിവയ്പിന്റെ ഭാഗമായാണ് അഞ്ചംഗ സംഘം മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്ത്വത്തിൽ മലപ്പുറത്തു നിന്നെത്തിയത്.
പിടികൂടുന്ന നായ്ക്കൾക്ക് തൃക്കരിപ്പൂർ മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. കെ. ശ്രീവിദ്യ നമ്പ്യാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ സി. അനീഷ്, ആർ. രാഗി, ബി. ബിനു എന്നിവരുടെ നേതൃത്വത്തിൽ പേ വിഷബാധക്കുള്ള പ്രതിരോധ കുത്തിവയ്പ് നടത്തി വരുന്നുണ്ട്.
തിരിച്ചറിയാൻ പ്രത്യേക നിറം സ്പ്രേ ചെയ്ത് അവിടെ തന്നെ വിടുകയാണ് ചെയ്യുന്നത്. ഒരു തെരുവു നായയെ പിടികൂടുന്നതിന് 300 രൂപയാണ് ടീമിന് നൽകുക. തൃക്കരിപ്പൂർ പഞ്ചായത്ത് ഈ പദ്ധതിക്കായി ഒരുലക്ഷം രൂപയാണ് നീക്കി വച്ചിരിക്കുന്നത്. പ്രതിരോധ കുത്തിവയ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ നിർവഹിച്ചു.