വാർഡ് വിഭജനത്തിരക്കിലും ജീവനക്കാരില്ലാതെ പഞ്ചായത്തുകൾ
1464384
Sunday, October 27, 2024 7:39 AM IST
കാസർഗോഡ്: അടുത്ത തെരഞ്ഞെടുപ്പിന്റെ കേളികൊട്ടായി വാർഡ് വിഭജനം നടത്തുന്നതിന്റെ തിരക്കാണ് ഇപ്പോൾ എല്ലാ പഞ്ചായത്തുകളിലും. അതിൽ സംസ്ഥാനം ഭരിക്കുന്നവരുടെയും പഞ്ചായത്ത് ഭരിക്കുന്നവരുടെയും സമ്മർദങ്ങളുടെ ഭാരവും ജനസംഖ്യയുടെയും ഭൂമിശാസ്ത്ര അതിരുകളുടെയും കണക്കൊപ്പിച്ച് പരാതികൾ കഴിയുന്നത്ര ഒഴിവാക്കുന്നതിനുള്ള തത്രപ്പാടുമെല്ലാം ഉദ്യോഗസ്ഥർക്കാണ്.
ഇതിനിടയിലും ഉദ്യോഗസ്ഥക്ഷാമം മൂലം വീർപ്പുമുട്ടുകയാണ് ജില്ലയിലെ മിക്ക പഞ്ചായത്തുകളും. മറ്റാവശ്യങ്ങൾക്കായി പഞ്ചായത്തുകളിലെത്തുന്ന സാധാരണക്കാരാണ് ഇതിന്റെ ദുരിതം കൂടുതലായി അനുഭവിക്കേണ്ടി വരുന്നത്.
ഉള്ള ജീവനക്കാർക്ക് അമിത ജോലിഭാരം മൂലമുണ്ടാകുന്ന മാനസിക സമ്മർദം അതിലേറെയും. ഈസ്റ്റ് എളേരി, പനത്തടി, ചെറുവത്തൂർ, മധൂർ, ബെള്ളൂർ, പൈവളിഗെ, എൻമകജെ പഞ്ചായത്തുകളിൽ സെക്രട്ടറിയുടെ കസേരയിൽപോലും ആളില്ലാതായിട്ട് നാളുകളായി.
വിവിധ പഞ്ചായത്തുകളിലായി അസി.എൻജിനീയർമാരുടെ 14 ഒഴിവുകളും ഓവർസിയർമാരുടെ എട്ട് ഒഴിവുകളും ഹെഡ് ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ 27 ഒഴിവുകളും വിവിധ വിഭാഗങ്ങളിലെ ക്ലറിക്കൽ തസ്തികകളിൽ 70 ഒഴിവുകളുമുണ്ട്. ഇതോടൊപ്പം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ ഏഴ് ഒഴിവുകളുണ്ട്.
ഏതാണ്ടെല്ലാ പഞ്ചായത്തുകളിലും വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് തയ്യാറാക്കി കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി നവംബർ അഞ്ചിനകം സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷന് കൈമാറും. 16 ന് സംസ്ഥാനതലത്തിൽ കരടുപട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പിന്നെ പരാതികളുടെ പ്രവാഹമായിരിക്കുമെന്ന് ഉറപ്പാണ്.