കൂട്ടിയെടുത്തിട്ടും ഉപകാരപ്പെടാതെ മൗക്കോട് കുടുംബാരോഗ്യകേന്ദ്രം
1464649
Monday, October 28, 2024 7:37 AM IST
ചീമേനി: സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന മൗക്കോട് കുടുംബാരോഗ്യകേന്ദ്രത്തിൽ നിലവിലുള്ള കെട്ടിടത്തിനു മുകളിൽ രണ്ടു നിലകൾ കൂട്ടിയെടുക്കാൻ കാസർഗോഡ് വികസന പാക്കേജിൽ നിന്ന് 59 ലക്ഷം രൂപ അനുവദിച്ചുകിട്ടിയത് 2020-21 വർഷമാണ്.
2022 ഏപ്രിലോടെ നിർമാണം പൂർത്തിയാവുകയും ചെയ്തു. അതോടെ ബന്ധപ്പെട്ടവരുടെ ആവേശം തീർന്നു. രണ്ടര വർഷമായിട്ടും ഈ രണ്ടു നിലകളും ആശുപത്രിയുടെ ആവശ്യത്തിനായി തുറന്നുകൊടുത്തിട്ടില്ല.
ഇപ്പോഴും താഴത്തെ നിലയിലുള്ള മൂന്നു മുറികളിലെ പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടിയാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
കട്ടിലും കിടക്കകളും സ്ഥാപിക്കാൻ ഇടമില്ലാതെ ഒരു മുറിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. അത്യാവശ്യഘട്ടത്തിലുള്ള രോഗികളെ കിടത്താൻ കട്ടിലിട്ടിരിക്കുന്നത് വരാന്തയിലാണ്.
കെട്ടിടത്തിലേക്ക് ത്രീഫേസ് വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിലുണ്ടായ കാലതാമസമാണ് പുതിയ നിലകൾ ഉപയോഗിക്കാൻ കഴിയാത്തതിന് കാരണമായി പറയുന്നത്. പഞ്ചായത്ത് ഇതിനാവശ്യമായ പദ്ധതി തയാറാക്കിയെങ്കിലും ഇതുവരെ പണം അനുവദിച്ചു കിട്ടിയിട്ടില്ല. രണ്ടു നിലകളിലായി ആകെ രണ്ടു ഹാളുകൾ മാത്രമാണ് നിർമിച്ചിട്ടുള്ളത്. ഇവയെ ആശുപത്രിയുടെ ആവശ്യത്തിനുള്ള മുറികളായി തിരിക്കാനും ഇനി വീണ്ടും പണമനുവദിക്കേണ്ടിവരും.
ഇ-ഹെൽത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ യന്ത്രസാമഗ്രികൾ 2022 ൽ തന്നെ ഇവിടേക്കായി വാങ്ങി എത്തിച്ചിട്ടുണ്ട്. ത്രീഫേസ് വൈദ്യുതി കണക്ഷൻ ഇല്ലാത്തതുമൂലം ഇവയൊന്നും ഇതുവരെ പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല.