കാസര്‍ഗോഡ് കുള്ളന്‍ പശുക്കളെക്കുറിച്ചുള്ള ഗവേഷണത്തിന് തുടക്കമായി
1465719
Friday, November 1, 2024 7:34 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് കുള്ളന്‍ പശുക്കളെ ഇന്ത്യയിലെ ഒരു തനതു ബ്രീഡായി അംഗീകരിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഉയര്‍ന്ന രോഗ പ്രതിരോധശേഷികൊണ്ടും ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവും ബുദ്ധിശക്തിയില്‍ മുന്‍ പന്തിയിലുള്ളതും ഗുണമേന്മയുള്ള പാല് ലഭിക്കുന്നതുമായ കാസര്‍കോടിന്റെ സ്വന്തം ഇനമായ നാടന്‍ പശുക്കളെ ഒരു തനത് ജനുസായി അംഗീകരിക്കണം എന്ന ദീര്‍ഘകാല ആവശ്യത്തിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്.
സ്വതന്ത്രമായി അഴിച്ചുവിട്ടാലും ഉടമസ്ഥന്റെ വീട്ടിലേക്ക് കൃത്യമായി തിരിച്ചു വരുന്ന ഈ ഇനം പശുക്കള്‍ ഒരു കാലത്ത് നമ്മുടെ നാട്ടിലെ സ്ഥിര കാഴ്ചയിരുന്നു. പാലിനെക്കാള്‍ ഉപരി വളത്തിനായായിരുന്നു മുന്‍ കാലങ്ങളില്‍ ഇവയെ കൂടുതലായും വളര്‍ത്തിയിരുന്നത്. അത് കൊണ്ട് തന്നെ കൃഷി സ്ഥലത്തിന്റെ വ്യാപ്തി അനുസരിച്ചും വളത്തിന്റെ ആവശ്യകത നോക്കിയും ആയിരുന്നു കാലികളുടെ എണ്ണം നിശ്ചയിച്ചിരുന്നത്.
ജില്ലയുടെ തനത് ഇനമായ ഇവയെ സംരക്ഷിക്കുന്നതിനായി ബദിയടുക്ക പഞ്ചായത്തിലെ ബേളയില്‍ 2015ല്‍ ആരംഭിച്ച ഫാമിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ ഒന്ന് ഇവയുടെ അംഗീകാരം ലഭ്യമാക്കുക എന്നത് തന്നെ ആയിരുന്നു. കേരള കന്നുകാലി വികസന ബോര്‍ഡിന്റെ നേതൃത്വത്തിലാണ്, ഇവയുടെ സര്‍വേയും, വിവര ശേഖരണവും നടത്തുന്നത്. കാസര്‍ഗോഡ്/മഞ്ചേശ്വരം താലൂക്കിലെ പഞ്ചായത്തുകളിലാണ് ഇവയെ കൂടുതല്‍ കാണപ്പെടുന്നത് അതു കൊണ്ട് ഈ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. വിവര ശേഖരണം നടത്തുന്നതിനായി 15 പഞ്ചായത്തുകളില്‍ നിന്നും രണ്ടു വീതം പശു സഖിമാരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
കാസര്‍ഗോഡ് കുള്ളന്‍ പശുക്കളെ വളര്‍ത്തുന്ന കര്‍ഷക വീടുകളില്‍ നിന്നും ഇവര്‍ നേരിട്ടു വിവരശേഖരണം നടത്തും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പശു സഖിമാര്ക്കുള്ള പരിശീലനവും ബേള കന്നുകാലി ഫാമില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.കെ. മനോജ് കുമാര്‍ നിര്‍വഹിച്ചു. ബേള കന്നുകാലി ഫാം അസി.ഡയറക്ടര്‍ ഡോ.ഇ. ചന്ദ്രബാബു, ഡോ. ശ്രീല എല്‍, കേരള കന്നുകാലി വികസന ബോര്‍ഡില്‍ നിന്നുള്ള ശാസ്ത്രജ്ഞരായ ഡോ. കിരണ്‍ ദാസ്, ഡോ. ദീപ്തി പിള്ള, ഡോ. ഷാനിഫ്, സഫ, ഭവ്യ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.