ചെറുപുഴയിൽ വീണ്ടും പുലിയെ കണ്ടു
1464843
Tuesday, October 29, 2024 7:16 AM IST
ചെറുപുഴ: ചെറുപുഴ മത്സ്യ മാർക്കറ്റിനടുത്ത് ശ്രീ മുത്തപ്പൻ പെട്രോൾ പമ്പിന് സമീപം വീണ്ടും പുലിയെ കണ്ടതായി പെട്രോൾ പമ്പ് ജീവനക്കാരൻ. ഇന്നലെ രാത്രി 9.30 ഓടെയാണ് പുലിയെ കണ്ടതെന്ന് പെട്രോൾ പമ്പ് ജീവനക്കാരൻ ബിനു പറഞ്ഞു. പമ്പിലെത്തിയ മറ്റു ചിലരും കണ്ടതായി പറയുന്നുണ്ട്.
പെട്രോൾ പമ്പിന് എതിർവശത്ത് പഴയ കെട്ടിട ഉരുപ്പടികളും പട്ടിക്കുഞ്ഞുങ്ങളെയും വില്ക്കുന്ന സ്ഥാപനത്തിന്റെ സൈഡിലാണ് പുലിയെ കണ്ടതെന്നു പറയുന്നത്. നായ്ക്കൾ ബഹളം വച്ചതിനെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാർ ശ്രദ്ധിച്ചപ്പോഴാണ് പുലിയെ കണ്ടത്.
കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് പുലിയെ കണ്ടതായി പെട്രോൾ പമ്പ് ജീവനക്കാർ പറഞ്ഞിരുന്നു. ഇന്നലെ ചെറുപുഴയിൽ പുലിയെ കാണുന്നതിന് മുമ്പ് കാര്യങ്കോട് പുഴയ്ക്കക്കരെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ തവളക്കുണ്ട്, ആയന്നൂർ എന്നിവിടങ്ങളിൽ പുലിയെ കണ്ടതായി പലരും പറഞ്ഞതിനാൽ പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു.
ഇതേ സമയത്താണ് ചെറുപുഴയിലും പുലിയെ കണ്ടത്. പടക്കം പൊട്ടിച്ചും മറ്റും ബഹളം വച്ചപ്പോൾ പുഴ കടന്ന് പുലി ചെറുപുഴയിലെത്തിയതാണെന്ന് കരുതുന്നു.
എന്തായാലും രണ്ടാഴ്ചയായി ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ പുലിപ്പേടിയിൽ കഴിയുകയാണ് നാട്ടുകാർ.