ചെറുപുഴയിൽ പുലിയെ കണ്ടതായി അഭ്യൂഹം
1464001
Saturday, October 26, 2024 3:36 AM IST
ചെറുപുഴ: മത്സ്യമാർക്കറ്റിന് സമീപം ശ്രീ മുത്തപ്പൻ പെട്രോൾ പമ്പിനടുത്ത് പുലിയെ കണ്ടതായി അഭ്യൂഹം. വ്യാഴാഴ്ച രാത്രി 11.45 ഓടെയാണ് പെട്രോൾ പമ്പിലെ രണ്ടു ജീവനക്കാർ പുലിയെ കണ്ടതെന്നു പറയുന്നത്. പമ്പിന് എതിർവശത്ത് പഴയകെട്ടിടങ്ങളുടെ ഓടുകളും തടി ഉരുപ്പടികളും വില്ക്കുന്ന സ്ഥാപനത്തിന്റെ സമീപം നായകൾ നിർത്താതെ ബഹളം വയ്ക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് പുലിയെ കണ്ടതെന്നാണ് പറയുന്നത്. തൊട്ടടുത്ത പുഴയോരത്തെ കാട്ടിലേക്ക് ഓടിപ്പോയെന്നും അവർ പറഞ്ഞു.
ഉടൻ തന്നെ ചെറുപുഴ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പോലീസ് എത്തി പരിശോധന നടത്തുകയും വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ഇന്നലെ രാവിലെ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. രതീശന്റെ നേതൃത്വത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ പുലിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. എന്നാൽ, പെട്രോൾ പമ്പ് ജീവനക്കാരുടെ മൊഴികൾ വനംവകുപ്പധികൃതർ ഗൗരവമായി എടുത്തിട്ടുണ്ട്. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും ദൃശ്യങ്ങൾ വ്യക്തമല്ല.
ഇതിനടുത്ത് ഈസ്റ്റ് എളേരി പഞ്ചായത്തിലെ അരിയിരുത്തി, വെണ്യക്കര എന്നിവിടങ്ങളിൽ വനം വകുപ്പ് കാമറ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ല. ചെറുപുഴയിലും എന്തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിക്കുമോയെന്ന ശ്രമത്തിലാണ് അധികൃതർ.