വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകേണ്ടത് സാധാരണക്കാർക്കു വേണ്ടി: മന്ത്രി കെ. രാജൻ
1463998
Saturday, October 26, 2024 3:36 AM IST
പാലാവയൽ: വില്ലേജ് ഓഫീസുകളും ഉദ്യോഗസ്ഥരും യഥാർഥത്തിൽ സ്മാർട്ട് ആകുന്നത് അവിടെയെത്തുന്ന സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി നടത്തിക്കൊടുക്കുമ്പോഴാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ നിർമാണം പൂർത്തിയായ പാലാവയൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാലപ്പഴക്കം ബാധിച്ച പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമിച്ചത്. ചടങ്ങിൽ എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫിസ് കെട്ടിടം നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകിയ പാലാവയൽ സെന്റ് ജോൺസ് പള്ളിക്കുള്ള സ്നേഹാദരം വികാരി ഫാ. ജോസ് മാണിക്കത്താഴെയും കഴിഞ്ഞ മൂന്നു വർഷം വില്ലേജ് ഓഫീസ് പ്രവർത്തിക്കാൻ സൗജന്യമായി കെട്ടിടസൗകര്യം നൽകിയ ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്കിനുള്ള സ്നേഹാദരം ബാങ്ക് പ്രസിഡന്റ് മാത്യു പടിഞ്ഞാറെയിലും ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, സ്ഥിരം സമിതി അധ്യക്ഷരായ പ്രശാന്ത് സെബാസ്റ്റ്യൻ, കെ.കെ. മോഹനൻ, പഞ്ചായത്ത് അംഗം വി.ബി. ബാലചന്ദ്രൻ, ജോർജ് കരിമഠം, ടി.ഡി. ജോണി, ഷാജഹാൻ തട്ടാപറമ്പിൽ, കളക്ടർ കെ. ഇമ്പശേഖർ, എഡിഎം പി. അഖിൽ എന്നിവർ പ്രസംഗിച്ചു.