ഫിലാഡല്‍ഫിയ: മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സീറോമലബാര്‍ കുടുംബോത്സവത്തിനു തിരിതെളിഞ്ഞു. ഇനി ഞായര്‍ വരെ ഉത്സവദിനങ്ങള്‍. സാഹോദര്യനഗരിയിലേക്ക് ഈസ്റ്റ് കോസ്റ്റ് മുതല്‍ വെസ്റ്റ് കോസ്റ്റു വരെയുള്ള എല്ലാ സ്റ്റേറ്റുകളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന കുടുംബകൂട്ടായ്മയുടെ ഉത്തമോദാഹരണം.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തങ്ങളുടെ സൗഹൃദം പുതുക്കുന്നതിനും പുതിയ സൗഹൃദം സ്ഥാപിക്കുന്നതിനും ഉത്സാഹത്തോടെ ത്രിദിന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു. സ്നേഹത്തിന്റെ ഐക്യത്തിന്റെ കൂട്ടായ്മയുടെ ഉത്സവം.
ഷിക്കാഗോ രൂപത വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം, എസ്എംസിസി നാഷണല്‍ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളംബാശേരില്‍, ആതിഥേയ ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, സഹവികാരി റവ.ഫാ. റിനേഴ്സ് കോയിക്കലോട്ട്, പാടുംപാതിരി റവ. ഡോ. പോള്‍ പൂവത്തിങ്കല്‍, വൈദികര്‍, സന്യസ്ഥര്‍ എന്നിവരെ സാക്ഷിയാക്കി
ഫാമിലി കോണ്‍ഫറന്‍സിന്റെ രക്ഷാധികാരികളായ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട്, ബിഷപ് എമരിത്തൂസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ സംയുക്തമായി ഒരുമയുടെ അടയാളമായി ഒരു തിരി മാത്രം കത്തിച്ച് കുടുംബസമ്മേളനം ഉദ്ഘാടനം ചെയ്തു.
ഷിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയിലെ അത്മായസംഘടനയായ സീറോമലബാര്‍ കത്തോലിക്ക കോൺഗ്രസിന്റെ (എസ്എംസിസി) രജതജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സീറോമലബാര്‍ കുടുംബസംഗമത്തിനു വെള്ളിയാഴ്ച തുടക്കമായി.
ആഘോഷമായ ദിവ്യബലിക്ക് ബിഷപ് എമരിത്തൂസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികനായി. ഫാ. ജോണ്‍ മേലേപ്പുറം, എസ്എംസിസി നാഷണല്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് എളംബാശേരില്‍, ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, സഹവികാരി ഫാ. റിനേഴ്സ് കോയിക്കലോട്ട്, റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ എന്നിവര്‍ സഹകാർമികരായി.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച യൂത്ത്വോളിബോള്‍ ടൂര്‍ണമെന്റ്, വിവിധവിഷയങ്ങളെ അധികരിച്ചുള്ള വിജ്ഞാനപ്രദമായ ചര്‍ച്ചാസമ്മേളനങ്ങള്‍, യംഗ് പ്രൊഫഷണല്‍സ് മീറ്റ്, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, നസ്രാണി തനിമയിലുള്ള ഘോഷയാത്ര, ലിറ്റര്‍ജിക്കല്‍ ക്വയര്‍ഫെസ്റ്റ്, ഫാഷന്‍ ഷോ, ബാങ്ക്വറ്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കര്‍ണാട്ടിക് സംഗീത ഗുരുപാടും പാതിരിപാടും പാതിരിപാടും പാതിരിപാടും പാതിരി റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ നയിക്കുന്ന സായാഹ്ന സംഗീതം ആണു ശനിയാഴ്ചയിലെ ഹൈലൈറ്റ്. വൈകുന്നേരം ഏഴു മുതല്‍ ആരംഭിക്കുന്ന ഈ സംഗീതനിശയില്‍ പൂവത്തിങ്കലച്ചനൊപ്പം അനുഗൃഹീത ഗായകരായ ബ്രിസ്റ്റോ സേവ്യര്‍, സുഷമ പ്രവീണ്‍ എന്നിവരും അണിചേരും.
സമാപനദിവസമായ ഞായറാഴ്ച 9.30ന് ആഘോഷമായ ദിവ്യബലി. ഷിക്കാഗോ രൂപതാ മെത്രാന്മാരും വൈദികരും കാര്‍മികരാവുന്ന ദിവ്യബലി മധ്യേ വിവാഹജീവിതത്തിന്റെ 25, 50 വര്‍ഷങ്ങള്‍ പിന്നിടുന്ന ജൂബിലി ദമ്പതിമാരെ ആശീര്‍വദിച്ച് അനുഗ്രഹിക്കും.
കുടുംബസമ്മേളനത്തില് പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.smccjubilee.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. വാക്ക് ഇന്‍ രജിസ്റ്റ്രേഷനും സ്വീകരിക്കും.
ഫോട്ടോ: ജോസ് തോമസ്
|