രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ബ്രിഗേഡിയർ സുധർമ്മാദേവിയും കുടുംബവും സന്തോഷ നിറവിൽ
Tuesday, August 23, 2022 2:36 PM IST
കൊൽക്കത്ത: രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ബ്രിഗേഡിയർ സുധർമ്മാദേവിയും കുടുംബവും സന്തോഷ നിറവിൽ. മിലിട്ടറി നഴ്സിംഗ് സർവ്വീസിലെ ചുരുക്കം ചിലർക്കു മാത്രം ലഭിക്കുന്ന ബ്രിഗേഡിയർ പദവിയിലേക്ക് കൊല്ലം പുത്തൂർ സ്വദേശിയായ മംഗലത്തു വീട്ടിൽ ബ്രിഗേഡിയർ സുധർമ്മാ ദേവിയുടെ പേരും ഇനി നമുക്ക് ചേർത്തു വായിക്കാം.

കൊൽക്കത്തയിലെ കമാൻഡ് ഹോസ്പിറ്റലിൽ പ്രിൻസിപ്പൽ മേട്രൻ പദവിയിലേക്കാണ് ഉദ്യോഗക്കയറ്റം.




1986-ൽ സേനയിൽ ലെഫ്റ്റനന്‍റായി മിലിട്ടറി നഴ്സിംഗ് സർവീസിൽ സേവനം ആരംഭിച്ചു. പിന്നീട് രാജ്യത്തിന്‍റെ വിവധ സ്ഥലങ്ങളിലെ സൈനിക ആശുപത്രികളിൽ വിവിധ പദവികളിൽ ബ്രിഗേഡിയർ സുധർമ്മാ ദേവി സേവനമനുഷ്ടിച്ചു. സ്തുതുത്യർഹ സേവനത്തിന് 2009-ൽ GOC-in-C (Southern Command)-ന്‍റെ പ്രശംസാ പത്രത്തിനും ബ്രിഗേഡിയർ അർഹയായി.


ഫീൽഡ് യൂണിറ്റിൽ സേവനമനുഷ്ഠിക്കുന്ന ആർമി മെഡിക്കൽ കോർപ്പിൽ ഡോക്ടറായ ക്യാപ്റ്റൻ സവിൻ മോഹനും ഭർത്താവ് മോഹനൻ പിള്ളയും സന്തോഷം പങ്കിടാൻ കൊൽക്കത്തയിൽ എത്തിയിരുന്നു.

ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിൽ GOC-in-C സെൻട്രൽ കമാൻഡിന്‍റെ പ്രശംസാപത്രം ക്യാപ്റ്റൻ സവിനെ തേടി എത്തിയതിന്‍റെകൂടി സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ. മകൾ സ്വാതിയും മരുമകൻ വൈശാഖും കുവൈറ്റിൽ എൻജിനീയർമാരാണ്.