ബംഗളൂരുവിൽ യുവാവിനെ ഭാര്യയും മാതാവും കൊലപ്പെടുത്തി
ബംഗളൂരു: യുവാവിനെ ഭാര്യയും ഭർതൃമാതാവും കൊലപ്പെടുത്തി. ലോക്നാഥ് സിംഗ്(37) ആണ് മരിച്ചത്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളെയും തുടർന്നാണ് ലോക്നാഥിനെ ഇവർ കൊലപ്പെടുത്തിയതെന്ന് ബംഗളൂരു പോലീസ് അറിയിച്ചു.
സംഭവത്തിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഷിക്കബനവാരയിലെ വിജനമായ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു കാറിൽ നിന്നുമാണ് ലോക്നാഥ് സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രതികൾ ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി ലോക്നാഥിനെ ബോധരഹിതനാക്കി. പിന്നീട് അവർ ലോക്നാഥിനെ ഒരു ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും തുടർന്ന് കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊല്ലുകയുമായിരുന്നു.
രണ്ട് വർഷമായി പ്രണയത്തിലായിരുന്ന യുവതിയെ കഴിഞ്ഞ ഡിസംബറിലാണ് ലോക്നാഥ് വിവാഹം ചെയ്തത്. ഈ ബന്ധത്തെ ലോക്നാഥിന്റെ കുടുംബം എതിർത്തിരുന്നു. വിവാഹം കഴിഞ്ഞയുടനെ ലോക്നാഥ് ഭാര്യയെ അവളുടെ മാതാപിതാക്കളുടെ വീട്ടിൽ ആക്കി.
രണ്ടാഴ്ച മുമ്പാണ് യുവതിയുടെ കുടുംബം വിവാഹത്തെക്കുറിച്ച് അറിയുന്നത്. തുടർന്നാണ് യുവതിയും കുടുംബവും ലോക്നാഥിന്റെ വിവാഹേത ബന്ധത്തെക്കുറിച്ചും നിയമവിരുദ്ധമായ ബിസിനസ് ഇടപാടുകളെക്കുറിച്ചും അറിയുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ ഇരുവരും നിരന്തരം വഴക്കിടുകയും വിവാഹമോചനം നേടാൻ ആലോചിക്കുകയും ചെയ്തതു. ഇതോടെ ബന്ധം വഷളായി.
ലോക്നാഥ് തന്റെ ഭാര്യവീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ഇതോടെ ഭാര്യയും അമ്മയും ചേർന്ന് ലോക്നാഥിനെ കൊല്ലാൻ പദ്ധതിയിട്ടു.
ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബംഗുളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു ലോക്നാഥെന്ന് പോലീസ് അറിയിച്ചു.
ബംഗളൂരുവില് അപകടം; മലയാളി വിദ്യാര്ഥികള് മരിച്ചു
ബംഗളുരു: കൊല്ലം കടയ്ക്കല് സ്വദേശികളായ രണ്ട് നഴ്സിംഗ് വിദ്യാര്ഥികള് ബംഗളുരുവില് വാഹനാപകടത്തില് മരിച്ചു. മഞ്ഞപ്പാറ താഴേക്കര വിട്ടില് നസീര് - സലീനബിവി ദമ്പതികളുടെ മകന് മുഹമ്മദ് യാസീന് (19), കോട്ടുക്കല് ദീപാ മന്സിലില് ദിലീപ് - റസീന ബീവി ദമ്പതികളുടെ മകന് അല്ത്താഫ് (19) എന്നിവരാണ് മരിച്ചത്.
കര്ണാടകയിലെ ചിത്രദുര്ഗ് എസ്ജെഎം നഴ്സിംഗ് കോളജിലെ ഒന്നാം വര്ഷ വിദ്യാര്ഥികളാണ് ഇരുവരും. ഒപ്പമുണ്ടായിരുന്ന കൊല്ലായില് നൗഷാദ് മന്സില് നബീലിനെ(19) ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലര്ച്ചെ 3.30ഓടെ ചിത്രഗുര്ഗ ജെസിആര് ജംഗ്ഷന് സമീപത്തായിരുന്നു അപകടം. അത്താഴം കഴിച്ച് തിരികെ മടങ്ങുന്നവഴി കര്ണാടക എസ്ആര്ടിസി ബസ് ബൈക്കിലിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മൃതദേഹങ്ങള് വീടുകളിലെത്തിക്കും.
ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കി
ബംഗളൂരു: മലയാളി വിദ്യാർഥിനി കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കി. കോഴിക്കോട് സ്വദേശിനി ലക്ഷ്മി മിത്ര(21) ആണ് മരിച്ചത്.
ബംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കോളജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് പെൺകുട്ടി താഴേക്ക് ചാടിയത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിബിഎ ഏവിയേഷൻ വിദ്യാർഥിനിയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബംഗളൂരുവിൽ സദ്യക്കിടെ കുടിവെള്ളത്തെച്ചൊല്ലി കൂട്ടയടി; വിവാഹം മുടങ്ങി
ബംഗളൂരു: ഒരു വിവാഹം മുടങ്ങാൻ നിസാരകാരണം മതി. കർണാടകയിലെ ഹിരിയൂർ നഗരത്തിൽ വിവാഹം മുടക്കിയതാകട്ടെ കുടിവെള്ളം കാരണവും. കഴിഞ്ഞ 15നായിരുന്നു സംഭവം. വിവാഹത്തിനുമുൻപുള്ള സത്കാരത്തിനിടെ കുടിവെള്ളം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നു വിവാഹം ഉപേക്ഷിക്കുകയായിരുന്നു.
ദാവണഗെരെ ജില്ലയിലെ ജഗലൂരിൽനിന്നുള്ള മനോജ്കുമാറിന്റെയും തുമക്കൂരു ജില്ലയിലെ ഷിറ താലൂക്കിലെ ചിരതഹള്ളിയിൽനിന്നുള്ള അനിതയുടെയും വിവാഹത്തിനുമുൻപുള്ള വിവാഹസത്കാരം ഓഡിറ്റോറിയത്തിൽ നടക്കുന്പോഴാണു കുടിവെള്ളപ്രശ്നം കല്യാണം മുടക്കിയായത്.
കാറ്ററിംഗ് ജീവനക്കാർ കുടിവെള്ളം നൽകാത്തതിനെച്ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. ശനിയാഴ്ച രാത്രി ആരംഭിച്ച വഴക്ക് ഞായറാഴ്ച രാവിലെയും തുടർന്നു.
ഒട്ടേറെ മധ്യസ്ഥശ്രമങ്ങൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ വിവാഹംതന്നെ വേണ്ടെന്നു വച്ച് ഇരുകൂട്ടരും അടിച്ചുപിരിഞ്ഞു
സിസ്റ്റർ അമല ബംഗളൂരുവിൽ അന്തരിച്ചു
ബംഗളൂരു: കുറവിലങ്ങാട് നീലംമ്പടം പരേതനായ പാപ്പച്ചന്റെയും അന്നക്കുട്ടിയുടെയും മകൾ സിസ്റ്റർ അമല(77) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ബംഗളൂരു സെന്റ് ആൻസ് കോൺവന്റ് ചാപ്പലിൽ.
സഹോദരങ്ങൾ: ആലീസ്, ലില്ലി, ജെസിമോൾ, പരേതനായ മാത്തച്ചൻ, പരേതയായ ഗ്രേസി.
ബംഗളൂരുവില് ഹോട്ടലിന്റെ ടെറസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ബംഗളൂരു: ബംഗളൂരുവില് കാറ്ററിംഗ് സര്വീസില് ജോലി ചെയ്യുന്ന യുവതിയെ സൗഹൃദം സ്ഥാപിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ചടങ്ങിനിടെ സൗഹൃദം സ്ഥാപിച്ച നാലു സുഹൃത്തുക്കള് 36കാരിയെ ഹോട്ടലില് എത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ഭക്ഷണത്തിനു ശേഷം ഹോട്ടലിന്റെ ടെറസില് വച്ചായിരുന്നു ലൈംഗികാതിക്രമം നടന്നത്. ഹോട്ടലില് ഭക്ഷണം കഴിക്കാനായി ക്ഷണിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണു പരാതി. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് യുവതിയെ വിട്ടയച്ചത്.
ഹോട്ടലില് ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള അജിത്, വിശ്വാസ്, ശിവു എന്നിവരാണു പിടിയിലായത്. ഒരാൾ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ്.
രാവിലെ വീട്ടിലെത്തിയ യുവതി പീഡനവിവരം ഭര്ത്താവിനെ അറിയിക്കുകയും പോലീസില് പരാതി നല്കുകയുമായിരുന്നു. കർണാടകയിൽ സ്ത്രീപീഡനങ്ങൾ വർധിച്ചുവരികയാണെന്നു സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നു.
2021 - 2023 കാലയളവിൽ ബംഗളൂരുവിൽ 444 ബലാത്സംഗക്കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഗൂഗിളിന്റെ ‘അനന്ത’ കാന്പസ് ബംഗളൂരുവില് ഉദ്ഘാടനം ചെയ്തു
ബംഗളൂരു: ആഗോള ടെക് ഭീമൻ ഗൂഗിളിന്റെ പുതിയ കാമ്പസ് ബംഗളൂരുവില് ഉദ്ഘാടനം ചെയ്തു. മഹാദേവപുരയിലെ ‘അനന്ത’ എന്ന ഈ കാന്പസ് ഗൂഗിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഓഫീസും ലോകത്തിലെ വലിയ കാന്പസുകളിലൊന്നുമാണ്.
16 ലക്ഷം ചതുരശ്ര അടി വിസ്തീര്ണമുള്ള ഈ കാമ്പസിന് 5,000ത്തിലധികം ജീവനക്കാരെ ഉള്ക്കൊള്ളാന് കഴിയും. ആൻഡ്രോയ്ഡ്, സെർച്ച്, ഗൂഗിൾ പേ, ക്ലൗഡ്, മാപ്സ്, പ്ലേ, ഗൂഗിൾ ഡീപ് മൈൻഡ് തുടങ്ങി ഗൂഗിളിന്റെ വിവിധ വിഭാഗങ്ങളുടെ ടീമുകള് ഇവിടെ പ്രവര്ത്തിക്കും.
അനന്ത കാമ്പസ് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോ-ക്രോമിക് ഗ്ലാസ് ഇന്സ്റ്റലേഷനുകളില് ഒന്നാണ്. കൂടാതെ, നൂറു ശതമാനം മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സംവിധാനവും മഴവെള്ളം ശേഖരിക്കല് പോലുള്ള പരിസ്ഥിതി സംരക്ഷണ നടപടികളും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.
ഗൂഗിളിന്റെ ബംഗളൂരുവിലെ നാലാമത്തെ കാന്പസാണിത്. ബംഗളൂരുവിനു പുറമെ ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ, പൂനെ എന്നിവിടങ്ങളിലും ഇന്ത്യയിൽ ഗൂഗിളിന് ഓഫീസുകളുണ്ട്.
ബംഗളൂരുവില് വാഹനാപകടം; മലയാളികൾ മരിച്ചു
ബംഗളൂരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില് രണ്ട് മലയാളികള് മരിച്ചു. മലപ്പുറം സ്വദേശി ഹര്ഷ് ബഷീര്, കൊല്ലം സ്വദേശി ഷാഹുല് ഹഖ് എന്നിവരാണ് മരിച്ചത്.
ഇവര് സഞ്ചരിച്ച കാര് ബന്നാര്ഘട്ടില് വച്ച് നിയന്ത്രണം വിട്ട് മരത്തില് ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
പോർവിമാനങ്ങൾ അണിനിരക്കുന്ന എയ്റോ ഇന്ത്യക്കു തുടക്കം
ബംഗളൂരു: ഏഷ്യയിലെതന്നെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രദർശനമായ ‘എയ്റോ ഇന്ത്യ’ യ്ക്ക് ബംഗളൂരുവിൽ തുടക്കമായി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഷോ ഇന്നു രാവിലെ ഉദ്ഘാടനം ചെയ്തു. രണ്ടു വർഷത്തിലൊരിക്കിൽ നടക്കുന്ന എയ്റോ ഇന്ത്യ, വ്യോമയാന മേഖലയിലെ നൂതന സാങ്കേതികവിദ്യയുടെ പ്രദർശനത്തിനുള്ള വേദിയാണ്.
അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ റഷ്യയുടെ സു-57, യുഎസ് വ്യോമസേനയുടെ പോർമുനയായ ലൊക്കീഡ് മാർട്ടിന്റെ എഫ്-35, ലൈറ്റ്നിംഗ് 2 എന്നിവ പ്രദർശനത്തിനുണ്ട്. ഇതാദ്യമായാണ് ഈ രണ്ടു പോർവിമാനങ്ങൾ ഒരു വേദിയിൽ അണിനിരക്കുന്നത്.
ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ, റഫാൽ തുടങ്ങിയവയും മേളയുടെ കരുത്താകും. 9 ഹോക്ക് എംകെ-132 ട്രെയിനർ വിമാനങ്ങൾ ഉൾപ്പെട്ട സൂര്യകിരൺ എയറോബാറ്റിക്സ് ടീമും ആകാശത്ത് അഭ്യാസക്കാഴ്ചകൾ രചിക്കും.
ക്യാമ്പ് സംഘടിപ്പിച്ചു
ബംഗളൂരു: യലഹങ്ക സെന്റ് ബേസിൽ യാക്കോബായ ദേവാലയത്തിൽ വച്ച് ബംഗളൂരു ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ വൺ ഡേ ക്യാമ്പ് സംഘടിപ്പിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട് ഉദ്ഘാടനവും റവ.ഫാ. റെബിൻ ക്ലാസുകൾക്ക് നേതൃത്വവും നൽകി.
ഭദ്രാസനത്തിലെ എല്ലാ വൈദികരും പങ്കെടുത്ത യോഗത്തിൽ ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽ നിന്നുമുള്ള 100ൽ പരം യൂത്ത് അംഗങ്ങൾ പങ്കെടുത്തെന്ന് ഭദ്രാസന യൂത്ത് വൈസ് പ്രസിഡന്റ് ഫാ. റെഞ്ഞി ഇ. ജോർജ് അറിയിച്ചു.
കൊള്ളയടിച്ച പണംകൊണ്ട് കാമുകിക്ക് വീട്; മുൻ ബോക്സിംഗ് താരം അറസ്റ്റിൽ
ബംഗളൂരു: ബോക്സിംഗ് താരം കൂടിയായ മോഷ്ടാവ്, കൊള്ളയടിച്ച പണം ഉപയോഗിച്ച് കാമുകിക്ക് സമ്മാനിച്ചത് മൂന്നു കോടി രൂപ വിലവരുന്ന വീട്. മുൻ പ്രഫഷണൽ ബോക്സിംഗ് താരമായ പഞ്ചാക്ഷരി ശങ്കയ്യസ്വാമി(37) ആണു മോഷ്ടിച്ച പണംകൊണ്ട് കാമുകിക്കു വീട് വച്ചു നൽകിയത്.
ഇയാളെ കഴിഞ്ഞദിവസം ബംഗളൂരു മഡിവാല പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ സോലാപുർ മംഗൽവാർ പേഠ് സ്വദേശിയായ ശങ്കയ്യസ്വാമി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
കോൽക്കത്ത സ്വദേശിയായ ഒരു പെൺകുട്ടിയുമായി ഇയാൾക്ക് അടുപ്പവുമുണ്ടായിരുന്നു. ഇവർ പ്രമുഖ സിനിമാതാരമാണെന്നാണു സൂചന. ഇവർക്കാണു വീടു പണിതു നൽകിയത്.
മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലായി 150ലേറെ കവർച്ച, ഭവനഭേദനക്കേസുകളിൽ പ്രതിയായ ശങ്കയ്യസ്വാമി ലഹരിക്ക് അടിമയാണെന്നു പോലീസ് പറയുന്നു.
ബംഗളൂരുവിൽ മൂന്നാം ക്ലാസിൽ ഫീസ് 2.1 ലക്ഷം രൂപ!
ബംഗളൂരു: കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ സ്കൂൾ ഫീസ് 2.1 ലക്ഷം രൂപ! ഇതിൽ 1.9 ലക്ഷം രൂപ ട്യൂഷൻ ഫീസാണ്. വാർഷിക ഫീസ് 9,000 രൂപ. ഇവയ്ക്കു പുറമെ 11,449 രൂപ മുൻകൂറായും വാങ്ങുന്നു.
വോയ്സ് ഓഫ് പേരന്റ്സ് അസോസിയേഷൻ ആണ് ബംഗളൂരുവിലെ ഒരു സ്കൂളിലെ ഫീസ് വ്യക്തമാക്കുന്ന പോസ്റ്റ് പങ്കുവച്ചത്. ഫീസ് വിവരങ്ങളുടെ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
അമിതഫീസിനെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്. സ്കൂള് മാനേജ്മെന്റുകൾ രക്ഷിതാക്കളെ കൊള്ളയടിക്കുകയാണെന്നും സ്വകാര്യ സ്കൂളുകളുടെ വിദ്യാഭ്യാസ കച്ചവടത്തിനെതിരേ പ്രതികരിക്കണമെന്നും വോയ്സ് ഓഫ് പേരൻസ് ഭാരവാഹികൾ പറഞ്ഞു.
സർക്കാർ ശക്തമായ നിയന്ത്രണങ്ങള് നടപ്പാക്കണം. ഫീസ് നിർണയ സമിതികളെ നിയമിക്കണം. വിദ്യാഭ്യാസ മേഖലയില് സുതാര്യവും ഫലപ്രദവുമായ മേല്നോട്ടത്തിന്റെ അടിയന്തര ആവശ്യമുണ്ടെന്നും അസോസിയേഷൻ പറഞ്ഞു.
വിവാഹമോചനം തേടിയ ഭാര്യയുടെ വീടിനു മുന്നിൽ യുവാവ് ജീവനൊടുക്കി
ബംഗളൂരു: കർണാടകയിൽ വിവാഹമോചന ഹർജി പിൻവലിക്കാൻ ഭാര്യ വിസമ്മതിച്ചതിനെത്തുടർന്നു യുവാവ് ഭാര്യയുടെ വീടിനു മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കി. 39 വയസുകാരനായ മഞ്ജുനാഥ് ആണു മരിച്ചത്.
ബംഗളൂരുവിലെ നാഗർഭവിയിലാണു സംഭവം. ഭാര്യയുടെ വസതിക്കു മുന്നിലെത്തിയ മഞ്ജുനാഥ് ദേഹത്തു പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
2013ൽ ആണ് മഞ്ജുനാഥ് വിവാഹിതനായത്. വിവാഹശേഷം ദന്പതികൾ ബംഗളൂരുവിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഇവർക്ക് ഒന്പതു വയസുള്ള ആൺകുട്ടിയുണ്ട്. ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസമുണ്ടായതോടെ മഞ്ജുനാഥ് രണ്ടുവർഷമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.
പിന്നീട് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചു. എന്നാൽ, ഹർജി പിൻവലിക്കണമെന്നും തന്റെ കൂടെ ജീവിക്കണമെന്നും മഞ്ജുനാഥ് നിരന്തരം യുവതിയോട് അഭ്യർഥിച്ചു.
പക്ഷേ, ഭാര്യ അഭ്യർഥന നിരസിച്ചു. യുവതിയുടെ മാനസികപീഡനത്തെത്തുടർന്നാണ് ജീവനൊടുക്കിയതെന്ന് മഞ്ജുനാഥിന്റെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
എംപോക്സ്: ബംഗളൂരുവിൽ ജാഗ്രത
ബംഗളൂരു: യുവാവിന് എംപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂരുവിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദുബായിയിൽനിന്ന് മടങ്ങിയെത്തിയ യുവാവ് വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.
കർണാടകയിൽ ഈവർഷം ആദ്യം സ്ഥിരീകരിക്കുന്ന എംപോക്സ് കേസാണിത്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന തുടങ്ങിയവയാണ് എംപോക്സ് രോഗബാധയുടെ പ്രാരംഭ ലക്ഷണങ്ങള്.
പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില് ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന് തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല് കുമിളകള് കാണപ്പെടുന്നത്. കേരളത്തിൽ കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി ഒരു രോഗിക്ക് എംപോക്സ് സ്ഥിരീകരിച്ചത്.
ബംഗളൂരുവിൽ മോഷണപരന്പര: 15 ദിവസത്തിനിടെ 20 വീടുകളിൽ കവർച്ച
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരുവിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്ന സംഘത്തിനായി തിരച്ചിൽ ഊർജിതമാക്കി.
കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ ഇരുപതു വീടുകളിലാണു മോഷണം നടന്നത്. ലക്ഷക്കണക്കിനു രൂപയും ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും മോഷണം പോയവയിൽ ഉൾപ്പെടുന്നു.
നാലംഗസംഘമാണു മിക്ക വീടുകളിലും എത്തിയത്. പകൽസമയം ബൈക്കിലെത്തി കൊള്ളയടിക്കേണ്ട വീടുകൾ കണ്ടെത്തും. പൂട്ടിക്കിടക്കുന്ന വീടുകളാണ് സംഘം ശ്രദ്ധിക്കുന്നത്.
വീടിന്റെ പരിസരവും ആളുകളുടെ പ്രവർത്തനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കും. തുടർന്ന് മടങ്ങിപ്പോയി പുലർച്ചെ ഒന്നിനുശേഷം സംഘം മുഖംമൂടിയണിഞ്ഞ് കാറിലെത്തിയാണ് മോഷണം നടത്തുന്നത്.
ഇവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആവലഹള്ളി പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
ബംഗളൂരുവിൽ നാലംഗ കുടുംബം മരിച്ചനിലയിൽ
ബംഗളുരു: സോഫ്റ്റ്വേർ കൺസൾട്ടന്റായി ജോലി ചെയ്യുന്ന യുപി സ്വദേശിയെയും കുടുംബാംഗങ്ങളെയും ബംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
യുപി സ്വദേശി അനുപ് കുമാർ (38), ഭാര്യ രാഖി (35) എന്നിവർക്കു പുറമേ അഞ്ചും രണ്ടും വയസ് പ്രായമുള്ള കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തൂങ്ങിമരിച്ച നിലയിലാണ് അനുപിന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ.
ബംഗളൂരുവിൽ വീണ്ടും ടെക്കി ജീവനൊടുക്കി, ഭാര്യക്കെതിരേ ആരോപണവുമായി കുടുംബം
ബംഗളൂരു: ബംഗളൂരുവില് മറ്റൊരു ടെക്കിയെക്കൂടി ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. ബംഗളൂരുവിൽ ബെൻസ് കന്പനിയുടെ ഐടി വിഭാഗത്തിൽ ജോലിചെയ്യുന്ന പ്രമോദ് (35) ആണു മരിച്ചത്. ഭാര്യയുടെ പീഡനത്തെത്തുടർന്നാണ് പ്രമോദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
ഇന്ദിരാനഗറിൽ താമസിക്കുന്ന പ്രമോദ് കഴിഞ്ഞ 29 ന് ഫോണ് ഉപേക്ഷിച്ച് വീട്ടില്നിന്നു പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. പോലീസ് നടത്തിവന്ന അന്വേഷണത്തിനിടെ ഹാസൻ ജില്ലയിലെ ഹേമാവതി നദിക്കു സമീപം ഉപേക്ഷിക്കപ്പെട്ടനിലയിൽ കാർ കണ്ടെത്തി.
തുടർന്നു നടത്തിയ തെരച്ചിലിൽ ബുധനാഴ്ച രാവിലെ പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോരുഷെട്ടിഹള്ളിക്കു സമീപം ഹേമാവതി നദിയില് ചാടി പ്രമോദ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പ്രമോദിന്റെ മൃതദേഹം തിരിച്ചറിയാൻ ഭാര്യ കുഞ്ഞിനും കുടുംബത്തിനുമൊപ്പം എത്തിയിരുന്നു. എന്നാല്, ഭാര്യയെയും കുടുംബത്തെയും പ്രമോദിന്റെ കുടുംബം തടഞ്ഞു. പോലീസ് എത്തിയാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത്. സംഭവത്തില് അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞമാസം ഒന്പതിന് ബംഗളൂരുവിലെ ഐടി കന്പനിയിൽ ജോലി ചെയ്തിരുന്ന അതുല് സുഭാഷ് എന്ന യുവാവ് വിവാഹമോചനത്തിന് ഭാര്യ മൂന്നു കോടി രൂപ ആവശ്യപ്പെട്ടതിനെത്തുടർന്ന് ആത്മഹത്യ ചെയ്തതു വിവാദമായിരുന്നു.
ഭാര്യ നിഖിതയ്ക്കെതിരേ ഗുരുതര ആരോപണവുമായി ഇയാൾ തയാറാക്കിയ 90 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും 40 പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.
ബംഗുളൂരുവിൽ യുവാവ് നദിയിൽ ചാടി ജീവനൊടുക്കി
ബംഗുളൂരു: യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രമോദിനെയാണ് (35) ആണ് മരിച്ചത്. ഹാസൻ ജില്ലയിലെ നദിയിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ബംഗുളൂരുവിലെ ബെൻസ് കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. ഗോരുഷെട്ടിഹള്ളിക്ക് സമീപം ഹേമാവതി നദിയിൽ ചാടി പ്രമോദ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഭാര്യയുടെ പീഡനത്തെ തുടർന്നാണ് പ്രമോദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
ബംഗളൂരുവിൽ ആഡംബര ബൈക്ക് ഷോറൂമുകളിൽ തീപിടിത്തം
ബംഗളൂരു: ബംഗളൂരു മഹാദേവപുരയിലെ രണ്ട് ആഡംബര ബൈക്ക് ഷോറൂമുകളിൽ വൻ തീപിടിത്തം. വൈറ്റ് ഫീൽഡ് റോഡിലുള്ള കാമധേനു ലേ ഔട്ടിലെ യമഹ ബൈക്ക് ഷോറൂമിലും ട്രയംഫ് എന്ന വാഹനഷോറൂമിലുമാണ് തീപിടിത്തമുണ്ടായത്.
അമ്പതോളം ബൈക്കുകൾ കത്തി നശിച്ചു. ആളപായമില്ല. ആർക്കും പരിക്കേറ്റതായും റിപ്പോർട്ടില്ല. ഇന്നലെ രാത്രി 11ഓടെയാണ് ഷോറൂമുകളിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. യമഹ ഷോറൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെനിന്ന് തീ തൊട്ടടുത്ത ട്രയംഫ് ഷോറൂമിലേക്കും പടരുകയായിരുന്നു. ഒന്നരമണിക്കൂറെടുത്താണ് അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയത്.
ക്രിസ്മസ് അവധി: മലയാളികളെ കൊള്ളയടിച്ച് ബസ് - വിമാനസർവീസുകൾ
ബംഗളൂരു: ക്രിസ്മസ്-പുതുവർഷ അവധിക്ക് നാട്ടിൽ പോകുന്നവരെ കൊള്ളയടിച്ച് ബസ്, വിമാന സർവീസുകൾ. ഡിസംബർ 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ സ്വകാര്യ ബസുകളിലെ നിരക്ക് മൂന്നു ഇരട്ടി വരെയാണ് ഉയർത്തിയത്.
20ന് ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള എസി സ്ലീപ്പർ ബസിന് 5,500-6,000 വരെയാണു ചാർജ്. കോട്ടയത്തേക്ക് 3,700-4,000 രൂപയും തിരുവനന്തപുരത്തേക്ക് 4,000-4,700 രൂപയും കൊടുക്കണം. കോഴിക്കോട്ടേക്ക് 2,200-2,700 രൂപയും കണ്ണൂരിലേക്ക് 2,000-2,500 രൂപയുമാണ് ഈടാക്കുന്നത്.
വിമാനയാത്രാ നിരക്കും കുത്തനെ കൂട്ടി. 20ന് രാത്രി നോൺ സ്റ്റോപ് സർവീസുകൾക്കാണു നിരക്കു കൂടുതൽ. ബംഗളൂരുവിൽനിന്നു കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രയ്ക്ക് 16,000-17,000 രൂപ നൽകണം.
കോഴിക്കോട്ടേക്ക് 8,500-11,300 രൂപ വരെയും കണ്ണൂരിലേക്ക് 8,500-9,500 രൂപ വരെയുമാണു നിരക്ക് ഉയർന്നിട്ടുള്ളത്.
ബംഗളൂരുവിൽ മലയാളി വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്നും ഇറക്കിവിട്ടതായി പരാതി
ബംഗളൂരു: മഡിവാളയിലെ മലയാളി വിദ്യാര്ഥികളുടെ പിജി ഹോസ്റ്റലില് സംഘര്ഷം. വിദ്യാര്ഥികളെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു. വിദ്യാര്ഥികളുടെ പരാതിയില് മഡിവാള പോലീസ് കേസെടുത്തു.
പിജി ഹോസ്റ്റല് നടത്തിപ്പുകാരും ഉടമയും തമ്മിലുള്ള തര്ക്കമാണ് പ്രശ്നങ്ങള്ക്ക് കാരണം. ഉടമയെത്തി മലയാളികള് അടക്കമുള്ള വിദ്യാര്ഥികളോട് ഉടന്തന്നെ ഇറങ്ങിപ്പോകാന് ആവശ്യപ്പെട്ടു.
പിജി നടത്തിപ്പുകാരെ ഒഴിപ്പിക്കാന് ലക്ഷ്യമിട്ടാണ് ഉടമയും പുറത്തുനിന്നുള്ളയാളും എത്തിയത്. മുന്നറിയിപ്പില്ലാതെ മുറിയിലെത്തി ഇറങ്ങിപ്പോകാന് പറഞ്ഞുവെന്നാണ് പരാതി.
ഹോള് ടിക്കറ്റും പുസ്തകങ്ങളും ഉള്പ്പെടെ ഒന്നും എടുക്കാന് സാധിച്ചില്ലെന്നും പരാതിയില് പറയുന്നു. സംഭവത്തില് മഡിവാള പോലീസില് പരാതി നല്കിയതിനേത്തുടര്ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.
ബംഗുളൂരുവിൽ പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി
ബംഗുളൂരു: പോലീസ് ഹെഡ് കോൺസ്റ്റബിൾ ട്രെയിനിന് മുന്നിൽചാടി ജീവനൊടുക്കി. ബയപ്പനഹള്ളിയിലാണ് സംഭവം.ടിപ്പണ്ണ(33) ആണ് മരിച്ചത്.
ഹുളിമാവ് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഇയാൾ ജോലിക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഭാര്യയുമായി വഴക്കുണ്ടായി. തുടർന്നാണ് ഇയാൾ ജീവനൊടുക്കിയത്.
ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പീഡനത്തെക്കുറിച്ച് ആത്മഹത്യാക്കുറിപ്പിൽ എഴുതിയതിന് ശേഷമാണ് ടിപ്പണ്ണ ജീവനൊടുക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു.
ബംഗളൂരുവിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി
ബംഗളൂരു: വയനാട് സ്വദേശിയായ ബിരുദ വിദ്യാർഥിയെ ബംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മേപ്പാടി തറയിൽ ടി.എം. നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ(23) ആണ് മരിച്ചത്.
രാജനകുണ്ഡെയിലെ അപ്പാർട്മെന്റിലാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മത്തിക്കരെ എംഎസ് രാമയ്യ കോളജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയാണ്. സഹപാഠികൾ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയതിനാൽ ഷാമിൽ ഒറ്റയ്ക്കാണ് മുറിയിലുണ്ടായിരുന്നത്.
ഞായറാഴ്ച രാവിലെ ഇവർ മടങ്ങിയെത്തിയപ്പോഴാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടത്. ബന്ധുക്കളുടെ പരാതിയിൽ രാജനകുണ്ഡെ പോലീസ് കേസെടുത്തു.
ഇലക്ട്രിക് വാഹന ഷോറൂമിൽ തീ; വനിതാ കാഷ്യർ വെന്തുമരിച്ചു
ബംഗളൂരു: രാജ്കുമാർ റോഡ് നവരംഗ് ജംക്ഷനിലെ ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. സ്ഥാപനത്തിലെ കാഷ്യർ ആയ പ്രിയ(20) ആണ് മരിച്ചത്. 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്.
ഈ സമയം പ്രിയ കാഷ്യർ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പ്രിയയ്ക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. അഗ്നിരക്ഷാസേനയെത്തിയാണ് പ്രിയയുടെ മൃതദേഹം പുറത്തെടുത്തത്. സംഭവശേഷം ഒളിവിൽ പോയ ഷോറൂം ഉടമയ്ക്കെതിരേ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചുവേളി - ബംഗളൂരു ശബരി സ്പെഷൽ ട്രെയിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ്
ഏറ്റുമാനൂർ: കൊച്ചുവേളി - ബംഗളൂരു - കൊച്ചുവേളി ശബരി സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തി. ഇന്നു തിരികെ തിരുവനന്തപുരം നോർത്തിലേക്ക് സർവീസ് നടത്തും.
ജനുവരി 28 വരെ എല്ലാ ചൊവ്വാഴ്ചയും തിരുവനന്തപുരം നോർത്തിൽനിന്നു വൈകുന്നേരം 6.05 ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 10.55ന് ബംഗളൂരു എസ്എംവിടി സ്റ്റേഷനിൽ എത്തും. രാത്രി 9.17 നാണ് ട്രെയിൻ ഏറ്റുമാനൂരിൽ എത്തുന്നത്.
ഇന്നു മുതൽ ജനുവരി 29 വരെ എല്ലാ ബുധനാഴ്ചയുമാണ് ബംഗളൂരുവിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് 12.45ന് എസ്എംവിടി സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. ട്രെയിൻ രാത്രി 2.20ന് ഏറ്റുമാനൂരിൽ എത്തും.
ശബരിമല സീസണിൽ ശബരി സ്പെഷൽ ട്രെയിൻ ഏറ്റുമാനൂർ സ്റ്റേഷനിൽ നിർത്തുന്നത് ശബരിമല തീർഥാടകർക്ക് ഏറെ പ്രയോജനപ്പെടും. ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ തീർഥാടകർക്കു സൗകര്യമായി സന്ദർശനം നടത്താൻ സാധിക്കും.
സ്പെഷൽ ട്രെയിനിൽ കൂടുതൽ യാത്രക്കാർ ഏറ്റുമാനൂർ സ്റ്റേഷനിൽ ഇറങ്ങുകയും ഇവിടെനിന്ന് കയറുകയും ചെയ്യുന്നത് ഏറ്റുമാനൂർ സ്റ്റേഷന്റെ പ്രാധാന്യം വർധിപ്പിക്കുകയും കൂടുതൽ ട്രെയിനുകൾക്ക് ഭാവിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിനു സഹായകമാകുകയും ചെയ്യുമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികളായ ശ്രീജിത്ത്കുമാർ, അജാസ് വടക്കേടം എന്നിവർ ചൂണ്ടിക്കാട്ടി.
ശബരി സ്പെഷൽ ഉൾപ്പെടെ വിവിധ ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ സംഘടനകൾ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എംപിമാരായ ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർക്കു നിവേദനം നൽകിയിരുന്നു.
ശബരിമല തീർഥാടനം: ബംഗളൂരു - പമ്പ എസി ബസ് 29 മുതൽ
ബംഗളൂരു: ശബരിമല തീർഥാടകർക്കായി കർണാടക ആർടിസി ബംഗളൂരുവിൽനിന്ന് പമ്പയിലേക്ക് 29 മുതൽ ഐരാവത് എസി ബസ് സ്പെഷൽ സർവീസ് ആരംഭിക്കും. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ അടുത്ത ദിവസം തുടങ്ങും.
മകരവിളക്ക് കഴിയുന്നതുവരെ സർവീസ് തുടരുമെന്ന് കർണാടക ആർടിസി അറിയിച്ചു. ഉച്ചയ്ക്ക് 1.50ന് ശാന്തിനഗർ ബസ് ടെർമിനലിൽനിന്ന് ബസ് പുറപ്പെടും. മൈസൂരു, ബത്തേരി, കോഴിക്കോട്, തൃശൂർ, എരുമേലി വഴി രാവിലെ 6.45ന് നിലയ്ക്കലിൽ എത്തും.
തിരിച്ച് വൈകുന്നേരം അഞ്ചിന് നിലയ്ക്കലിൽനിന്നു പുറപ്പെട്ട് രാവിലെ 10ന് ബംഗളൂരുവിൽ എത്തും. തിരക്കു കൂടുന്നതോടെ വാരാന്ത്യങ്ങളിൽ കൂടുതൽ സർവീസ് ആരംഭിക്കുമെന്നും കർണാടക ആർടിസി അറിയിച്ചു.
സാഹിത്യോത്സവവും പുരസ്കാര സമർപണവും സംഘടിപ്പിച്ചു
ബംഗളൂരു: കൂടാളി പൊതുജന വായനശാല തിരുവനന്തപുരം മഹാകവി പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ താമരത്തോണി സാഹിത്യോത്സവവും പുരസ്കാര സമർപണവും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു.
പുരസ്കാര ദാനചടങ്ങിൽ വായനശാല പ്രസിഡന്റ് സ്വാഗതമാശംസിച്ചു. എം.ചന്ദ്രപ്രകാശ് അധ്യക്ഷത വഹിച്ചു. ഡോ. ദീപേഷ് കരിമ്പുങ്ക മഹാകവി പി അനുസ്മരണ പ്രഭാഷണം നടത്തി. മുഖ്യാതിഥി പള്ളിയറ ശ്രീധരൻ മാസ്റ്റർ പുരസ്കാര വിതരണം നടത്തി.
ചെറുകഥാ വിഭാഗത്തിൽ ബംഗളൂരു മലയാളി ഡോ.കെ.കെ. പ്രേംരാജിന്റെ "കിളികൾ പറന്നുപോകുന്നയിടം' എന്ന സമാഹാരം പുരസ്കാരം നേടി. പ്രേംരാജിന്റെ ചെറുകഥാ രചനാ പാടവം അഭിനന്ദനീയമെന്നും പ്രസ്തുത കൃതി ചെറുകഥാപ്രേമികൾ വായിച്ചിരിക്കേണ്ട സൃഷിയെന്നും അഭിപ്രായമുണ്ടായി.
ഇതിനുമുമ്പ് പ്രസിദ്ധീകരിച്ച സമാഹാരങ്ങളായ ചില നിറങ്ങൾ, മാനം നിറയെ വർണ്ണങ്ങൾ, ട്യൂലിപ് പുഷ്പങ്ങളുടെ പാടം എന്നിവയിൽ നിന്നും വ്യത്യസ്തമായ കഥകളാണ് ഈ സമാഹാരത്തിൽ. ഈ കൃതിയും കഥാകാരൻ തന്നെയാണ് ഡിസൈൻ, കവർ ഡിസൈൻ, പ്രസിദ്ധീകരണം എന്നിവയൊക്കെ നിർവഹിച്ചത്.
പ്രേംരാജിന്റെ ഷെഹ്നായി മുഴങ്ങുമ്പോൾ എന്ന നോവൽ ഇതിനകം മൂന്നോളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതിന്റെ കന്നഡ, തമിഴ് പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിന്റെ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയാണ് കഥാകാരൻ.
തുടർന്ന് വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മഹദ്വ്യക്തികൾ ആശംസകൾ നേർന്നു. ചടങ്ങിന് വായനശാല സെക്രട്ടറി പി.കരുണാകരൻ മാസ്റ്റർ നന്ദി രേഖപ്പെട്ടത്തി.
ബംഗളൂരു കെട്ടിടദുരന്തം: മരണം ഒന്പതായി
ബംഗളൂരു: ബംഗളൂരു ബാബുസപാളയയിൽ നിര്മാണത്തിലിരുന്ന കെട്ടിടം തകര്ന്നുവീണ് മരിച്ചവരുടെ എണ്ണം ഒന്പതായി. വെള്ളിയാഴ്ച നടത്തിയ തെരച്ചിലിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഒരു മൃതദേഹംകൂടി കണ്ടെടുത്തതോടെയാണു മരണസംഖ്യ ഉയർന്നത്.
ഇനി ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണു വിലയിരുത്തൽ. കനത്ത മഴയ്ക്കിടെ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാലോടെയായിരുന്നു കെട്ടിടം തകർന്നുവീണത്. 13 തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. തൊഴിലാളികള്ക്കായി സമീപത്തു നിര്മിച്ച ഷെഡ്ഡിന്റെ മുകളിലേക്കാണ് കെട്ടിടം വീണത്.
സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടം ഉടമ മുനിരാജ റെഡ്ഢി, മകൻ ഭുവൻ റെഡ്ഢി, കോൺട്രാക്ടർ മുനിയപ്പ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
കൊച്ചുവേളി - ബംഗളൂരു റൂട്ടിൽ ദീപാവലി സ്പെഷൽ ട്രെയിൻ
ബംഗളൂരു: ദീപാവലി കഴിഞ്ഞുള്ള തിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - ബംഗളൂരു റൂട്ടിൽ ഇരുദിശകളിലും റെയിൽവേ ഏകദിന സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. അന്ത്യോദയ ദീപാവലി സ്പെഷൽ എന്നാണ് ട്രെയിനിന്റെ പേര്.
15 ജനറൽ കോച്ചുകൾ ഉണ്ടാകും. ഇതിൽ ഒരെണ്ണം അംഗപരിമിതർക്കായി സംവരണം ചെയ്തതാണ്. ട്രെയിൻ നമ്പർ 06039 കൊച്ചുവേളി - ബംഗളൂരു സ്പെഷൽ നവംബർ നാലിന് വൈകുന്നേരം 6.05ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55 ബംഗളൂരുവിൽ എത്തും.
തിരികെയുള്ള സർവീസ് (06040) നവംബർ അഞ്ചിന് ഉച്ചയ്ക്ക് 12.45ന് ബംഗളൂരുവിൽനിന്നു പുറപ്പെട്ട് പിറ്റേദിവസം രാവിലെ അഞ്ചിന് കൊച്ചുവേളിയിൽ എത്തും.
കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
മഹാകവി പി. കുഞ്ഞിരാമൻ ഫൗണ്ടേഷൻ പുരസ്കാരം കെ.കെ. പ്രേംരാജിന്
ബംഗളൂരു: മഹാകവി പി. കുഞ്ഞിരാമൻ ഫൗണ്ടേഷൻ നൽകിവരുന്ന മഹാകവി പി കുഞ്ഞിരാമൻ നായർ താമരത്തോണി സാഹിത്യ പുരസ്കാരം 2021 - 2023 പ്രഖ്യാപിച്ചു. മികച്ച ചെറുകഥാ സമാഹാരത്തിനുള്ള പുരസ്കാരം ബംഗളൂരിലെ അറിയപ്പെടുന്ന എഴുത്തുകാരനും നോവലിസ്റ്റുമായ ഡോ. കെ.കെ. പ്രേംരാജിന്റെ "കിളികൾ പറന്നുപോകുന്നയിടം' കരസ്ഥമാക്കി.
ഈ വർഷം പുറത്തിറങ്ങിയ "ഷെഹ്നായി മുഴങ്ങുമ്പോൾ' എന്ന നോവലിന് ഈ വർഷം മൂന്നോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ നോവൽ ഇംഗ്ലീഷിലും ലഭ്യമാണ്. ഇതിന്റെ കന്നഡ, തമിഴ് പതിപ്പുകൾ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.
ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരങ്ങളായ "മാനം നിറയെ വർണങ്ങൾ', "ട്യൂലിപ് പുഷ്പങ്ങളുടെ പാടം' എന്നിവയും പുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. പി. കുഞ്ഞിരാമൻ നായരുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം 27ന് കണ്ണൂർ, കൂടാളി പൊതുവായനശാല ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി. പത്മനാഭൻ പുരസ്കാരം നൽകും.
ബംഗളൂരുവിൽ ആറുനില കെട്ടിടം തകർന്നുവീണു; അഞ്ച് മരണം
ബംഗളൂരു: കനത്ത മഴയ്ക്കിടെ കർണാടകയിൽ നിർമാണത്തിലിരുന്ന ആറുനിലകെട്ടിടം തകർന്നുവീണ് അഞ്ചുപേർ മരിച്ചു. ബംഗളൂരുവിന്റെ കിഴക്കൻ മേഖലയിലെ ഹൊറമാവ് അഗര മേഖലയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
നിർമാണത്തൊഴിലാളികളാണു മരിച്ചത്. അപകടമുണ്ടാകുന്പോൾ കെട്ടിടത്തിനുള്ളിൽ 20 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 13 പേരെ പുറത്തെത്തിച്ചതായി പോലീസ് അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്.
കെട്ടിടം പൂർണമായും തകർന്നുവീണതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. കെട്ടിടം തകർന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ഒരാഴ്ചയായി ബംഗളൂരു നഗരത്തിൽ കനത്തമഴ പെയ്യുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്.
ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു
ബംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബംഗളൂരുവിൽ ഇന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തൊട്ടാകെ തുടരുന്ന കനത്ത മഴയെത്തുടർന്ന് ബംഗളൂരു ജില്ലാ കളക്ടർ നഗരത്തിലെ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനജീവിതം ദുസഹമായിരിക്കുകയാണ്. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടുണ്ട്. രാജരാജേശ്വരി നഗർ, കെങ്കേരി, ഹെബ്ബാള് ജംഗ്ഷൻ, നാഗവാര, ഹൊറമാവ്, ഹെന്നൂർ, കസ്തൂരി നഗർ, രാമമൂർത്തി നഗർ, വിൻഡ്സർ മാനർ അണ്ടർപാസ്-മെഹ്ക്രി സർക്കിള്, ഔട്ടർ റിംഗ് റോഡ് എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപെട്ടിട്ടുണ്ട്.
പലയിടങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കർണടകയിലും ഇന്ത്യയുടെ മറ്റ് തീരപ്രദേശങ്ങളിലും വരുംദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്.
ശനിയാഴ്ച വരെ ബംഗളൂരു നഗരത്തിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെയുള്ള മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഇന്ന് ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കുന്നു.
മലയാളി വിദ്യാർഥിനി ബംഗളൂരുവിൽ മരിച്ചനിലയിൽ
ബംഗളൂരു: ചെറുതോണി കീരിത്തോട് കിഴക്കേപ്പാത്തിക്കൽ ഹരിയുടെ മകൾ അനഘയെ(20) ബംഗളൂരുവിലെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇവിടെയുള്ള ധന്വന്തരി നഴ്സിംഗ് കോളജിൽ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയാണ്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു ശേഷം കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മൃതദേഹം ബംഗളൂരു വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ.
മാതാവ്: രാധ. സഹോദരങ്ങൾ: അനന്തു, അതുൽ.
ബംഗളൂരുവിൽ പറക്കും ടാക്സി വരുന്നു!
ബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും.
ബംഗളൂരു ഇന്റര്നാഷണല് എയര്പോര്ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്ഥ്യമാകാന് രണ്ടു മുതല് മൂന്നു വര്ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല് കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; കോഴിക്കോട് സ്വദേശി മരിച്ചു
ബംഗളൂരു: ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടിയിൽ കക്കോടി ഹൗസിൽ ജിഫ്രിൻ നസീർ(24) ആണ് മരിച്ചത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി പ്രണവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരു ഡൊംലൂർ മേൽപാലത്തിനു സമീപം തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. കനത്ത മഴയ്ക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തെന്നി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഐടി ജീവനക്കാരനാണ് ജിഫ്രിൻ. അബ്ദുൽ നസീർ - ബൽക്കീസ് ദമ്പതികളുടെ മകനാണ്. സബാഹ് മുഹമ്മദ്, ജസ്ന നസീർ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.
പുസ്തക പ്രകാശനം നടന്നു
ബംഗളൂരു: ബംഗളൂരു സാഹിത്യവേദി പ്രസിദ്ധീകരിച്ച "കഥ - കവിത ബംഗളൂരു 2024' എന്ന പുസ്തകത്തിന്റെ പ്രകാശനവും "സർഗജാലകം' ത്രൈമാസികയുടെ ഒക്ടോബർ ലക്കം പ്രകാശനവും നാവികസൈനികരുടെ ജീവിതപശ്ചാത്തലത്തിൽ വി. ആർ. ഹർഷൻ എഴുതിയ "കടൽച്ചൊരുക്ക്' എന്ന നോവലിന്റെ കവർപ്രകാശനവും കവി രാജൻ കൈലാസ് നിർവഹിച്ചു.
ഞായറാഴ്ച മത്തിക്കെരെ കോസ്മോപൊളിറ്റൻ ക്ലബിൽ വച്ച് ബംഗളൂരു സാഹിത്യവേദിയും സർഗജാലകം മാസികയും സംയുക്തമായി നടത്തിയ സമ്മേളനത്തിൽ പുസ്തകം ലാലി രംഗനാഥും മാസിക കെ.ആർ. കിഷോറും ആദ്യപ്രതി ഏറ്റുവാങ്ങി.
ബംഗളൂരുവിലെ എഴുത്തുകാരുടെ ഏറ്റവും പുതിയ രചനകളുടെ സമഹാരമായ "കഥ - കവിത ബംഗളൂരു 2024' എന്ന പുസ്തകം എഴുത്തുകാരുടെ പങ്കാളിത്തത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇന്ദിര ബാലൻ, ഡോ. സുഷമ ശങ്കർ, വി ആർ ഹർഷൻ, ഹസീന ഷിയാസ്, രമാ പിഷാരടി, സിന കെ എസ്, ജ്യോത്സ്ന പി എസ്, ശ്രീദേവി ഗോപാൽ, എസ് സലിംകുമാർ എന്നിവരുടെ കവിതകളും
ഡോ. കെ.കെ. പ്രേംരാജ്, ആന്റോ തോമസ് ചാലയ്ക്കൽ, ഡോ. കെ.കെ. സുധ, എസ.കെ.നായർ, ലാലി രംഗനാഥ്, രജത് കുറ്റ്യാട്ടൂർ, സത്യാ വിമോദ് എന്നിവരുടെ കഥകളും ഉൾപ്പെടെ 16 എഴുത്തുകാരുടെ രചനകളാണ് സമാഹാരത്തിൽ ഉള്ളത്.
വി.ആർ. ഹർഷന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നോവലിസ്റ്റ് ഡോ. കെ.കെ. പ്രേംരാജ് സ്വാഗതപ്രസംഗം നടത്തി. ജോർജ് ജേക്കബ്, തൊടുപുഴ പദ്മനാഭൻ. മോഹനൻ (ഗ്രോ വുഡ്), കെ. നാരായണൻ, സുരേഷ്, ഷിയാസ്, ശാന്തകുമാർ, രവീന്ദ്രനാഥ് തുടങ്ങിയവർ ആശംസാപ്രസംഗങ്ങൾ നടത്തി.
തുടർന്ന് രാജൻ കൈലാസിന്റെ അധ്യക്ഷതയിൽ നടന്ന കവിയരങ്ങിൽ രാജൻ കൈലാസ്, തൊടുപുഴ പദ്മനാഭൻ, വി.ആർ. ഹർഷൻ, ലാലി രംഗനാഥ്, കെ.എസ്. സിന, ഹസീന ഷിയാസ്, എസ്. സലിംകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. വി.കെ. വിജയൻ, ഹെന എന്നിവർ ഗാനങ്ങൾ ആലപിച്ചു.
യുവതിയെ കൊന്നു ഫ്രിഡ്ജിൽവച്ച കേസ്; പ്രതി തൂങ്ങിമരിച്ചനിലയിൽ
ബംഗളൂരു: ബംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം 50 കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതിയെ ഒഡീഷയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
മുഖ്യപ്രതിയെന്നു സംശയിക്കുന്ന പശ്ചിമബംഗാൾ സ്വദേശി മുക്തിരാജൻ പ്രതാപ് റോയിയെയാണ് ഒഡീഷയിലെ ഭാദ്രാക് ജില്ലയിൽപ്പെട്ട ഭുനിപുർ ഗ്രാമത്തിലെ ശ്മശാനത്തോടു ചേർന്നുള്ള മരക്കൊന്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബംഗളൂരുവിലെ മല്ലേശ്വരത്ത് ഒറ്റമുറി അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന പ്രമുഖ മാളിലെ ജീവനക്കാരി ത്രിപുര സ്വദേശിനി മഹാലക്ഷ്മി(29)യാണു കൊല്ലപ്പെട്ടത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു മഹാലക്ഷ്മി.
മുക്തിരാജനും മഹാലക്ഷ്മിയും അടുപ്പത്തിലായിരുന്നു. മഹാലക്ഷ്മിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൃത്യത്തിലേക്കു നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.
രണ്ടു ദിവസമായി മുറിയിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് തൊട്ടടുത്ത താമസക്കാർ മഹാലക്ഷ്മിയുടെ ബന്ധുക്കളെ അറിയിച്ചതോടെ കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
ഐലൻഡ് എക്സ്പ്രസിന് സമയമാറ്റം
ബംഗളൂരു: കന്യാകുമാരി - ബംഗളൂരു ഐലൻഡ് എക്സ്പ്രസിന് നേരിയ സമയമാറ്റം. ഒക്ടോബർ ഒന്നു മുതൽ ഈ ട്രെയിൻ രാവിലെ ഏഴിനായിരിക്കും ബംഗളൂരുവിൽ എത്തിച്ചേരുക.
കന്യാകുമാരിയിൽ നിന്ന് രാവിലെ 10.10 -ന് പുറപ്പെടുന്ന ഈ വണ്ടി നിലവിൽ ബംഗളൂരുവിൽ എത്തുന്നത് അടുത്ത ദിവസം രാവിലെ 6.40നാണ്.
മറ്റ് സ്റ്റോപ്പുകളുടെ സമയത്തിൽ മാറ്റമൊന്നുമില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ബംഗളൂരുവിൽ ഓണപ്പൂക്കളം നശിപ്പിച്ചു; മലയാളി യുവതിക്കെതിരേ കേസ്
ബംഗളൂരു: ഓണപ്പൂക്കളം നശിപ്പിച്ചെന്ന പരാതിയിൽ മലയാളി യുവതിക്കെതിരേ ബംഗളൂരു സമ്പിഗെഹള്ളി പോലീസ് കേസെടുത്തു. തന്നിസന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ പത്തനംതിട്ട സ്വദേശിനി സിമിനായർക്കെതിരേയാണു കേസ്.
ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാഗമായാണു കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്. പുലർച്ചെ നാലിന് പൂക്കളം പൂർത്തിയാക്കി നിമിഷങ്ങൾക്കകമാണു നശിപ്പിച്ചത്.
കോമൺ ഏരിയയിൽ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായർ, പൂക്കളത്തിനുള്ളിൽ കയറിനിൽക്കുന്നതിന്റെയും തടയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഏഴു വർഷമായി മലയാളി കൂട്ടായ്മ ഇവിടെ ഓണാഘോഷം നടത്തുന്നുണ്ട്.
ബംഗളൂരുവിൽ ജോലി തട്ടിപ്പ്: ഇരകൾ അധികവും മലയാളികൾ
ബംഗളൂരു: കർണാടകയിൽ ജോലി വാഗ്ദാനം ചെയ്തു പണംതട്ടുന്ന സംഭവങ്ങളിൽ ഇരകളാകുന്നവരിലധികവും മലയാളികൾ. സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകിയാണ് മലയാളികൾ ഉൾപ്പെടുന്ന തട്ടിപ്പുസംഘം ഉദ്യോഗാർഥികളെ കുടുക്കുന്നത്.
സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റ് ജോലി ഒഴിവിന്റെ പരസ്യംകണ്ട് ബംഗളൂരുവിലെത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശിയും സുഹൃത്തുക്കളും കബളിപ്പിക്കപ്പെട്ട വാർത്തയാണ് ഒടുവിൽ പുറത്തുവന്നത്.
കഴിഞ്ഞമാസം 27നാണ് ഇവർ ബംഗളൂരുവിൽ ഇന്റർവ്യൂവിനെത്തിയത്. ലോജിസ്റ്റിക് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ജോലിക്കായിരുന്നു ഇന്റർവ്യൂ. മലയാളം സംസാരിക്കുന്നവരായിരുന്നു ഓഫീസിലുണ്ടായിരുന്നതെന്നു തട്ടിപ്പിനിരയായവർ പറഞ്ഞു.
ഇന്റർവ്യൂ പാസായെന്ന് അറിയിച്ച് ജോയിനിംഗ് ഫീസ് എന്ന പേരിൽ 3,800 രൂപ വീതം വാങ്ങി. സെപ്റ്റംബർ രണ്ടിനു ജോലിയിൽ പ്രവേശിക്കാനാണ് അറിയിച്ചത്. പിന്നീട് ഫോൺ വിളിച്ചെങ്കിലും ഇന്റർവ്യു ചെയ്തവർ എടുത്തില്ല.
ഒടുവിലാണു തങ്ങൾ തട്ടിപ്പിനിരയായെന്ന് ഉദ്യോഗാർഥികൾക്കു മനസിലായത്. മുന്പും ഇത്തരത്തിലുള്ള തട്ടിപ്പുകൾ ബംഗളൂരുവിലുണ്ടായിട്ടുണ്ട്.
കഴിഞ്ഞവർഷം കേരളത്തിൽനിന്നു ജോലിക്കെത്തിയ യുവാക്കളിൽനിന്ന് 3,000 രൂപ വീതം വാങ്ങിയശേഷം വാഗ്ദാനം ചെയ്ത ജോലി കൊടുക്കാതെ കബളിപ്പിച്ചിരുന്നു.
സമാനമായ തട്ടിപ്പുകൾ ഏറെയുണ്ടായിട്ടും യുവാക്കൾ കബളിപ്പിക്കപ്പെടുന്നതു തുടരുകയാണ്.
ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ പൂജ സ്പെഷൽ ട്രെയിൻ
കൊല്ലം: ഉത്സവകാല തിരക്ക് പ്രമാണിച്ച് ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ പ്രതിവാര പൂജ സ്പെഷൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനം. ഒക്ടോബർ ഒന്നു മുതൽ നവംബർ ആറു വരെയാണ് സർവീസ്. നിലവിൽ ഈ റൂട്ടിൽ ഓടിയിരുന്ന ഓണം സ്പെഷലാണ് പൂജ സ്പെഷൽ എന്ന പേരിൽ സർവീസ് ദീർഘിപ്പിച്ചിട്ടുള്ളത്.
06083 കൊച്ചുവേളി - ബംഗളൂരു സ്പെഷൽ ഒക്ടോബർ ഒന്ന്, എട്ട്, 15, 22, 29, നവംബർ അഞ്ച് തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 6.05ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55 ന് ബംഗളൂരുവിൽ എത്തും.
തിരികെയുള്ള സർവീസ്(06084) ബംഗളൂരുവിൽ നിന്ന് ഒക്ടോബർ രണ്ട്, ഒമ്പത്, 16, 23, 30, നവംബർ ആറ് തീയതികളിൽ ബംഗളുരുവിൽ നിന്ന് ഉച്ചയ്ക്ക് 12.45 ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45 ന് കൊച്ചുവേളിയിൽ എത്തും.
പാലക്കാട് ജംഗ്ഷൻ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
കോച്ച് കോംപോസിഷനിൽ മാറ്റമൊന്നുമില്ല. റിസർവേഷൻ ഉടൻ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വന്ന ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
ബംഗളൂരു: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ അമൽ ഫ്രാങ്ക്ലിൻ(22) ആണ് മരിച്ചത്.
അപ്പകടത്തിൽ നിരവധിപ്പേർക്കു പരിക്കേറ്റു. ഇവരെ മണിപ്പാൽ ആശുപത്രി ഉൾപ്പടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഹുൻസൂരിൽ ഇന്ന് പുലർച്ചെ 12.45നാണ് അപകടമുണ്ടായത്.
ബംഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്കു പോകുകയായിരുന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുതവണ മറിയുകയായിരുന്നു.
മലയാളി യാത്രക്കാരാണ് ഭൂരിഭാഗവും ബസിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു ബസിലുണ്ടായിരുന്നവർ പറഞ്ഞത്.
ബംഗളൂരുവിൽ ആശുപത്രി ഐസിയുവിൽ തീപിടിത്തം; മലയാളി യുവാവ് മരിച്ചു
ബംഗളൂരു: ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു. ന്യുമോണിയ ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കൊല്ലം പുനലൂർ ഇടമൺ 34ൽ ആനൂർ തുമ്പിക്കുന്നത്ത് സുജാതന്റെ (ഭാനു) മകൻ സുജയ് സുജാതൻ (34) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.25ന് നോർത്ത് ബംഗളൂരുവിലെ മത്തിക്കെരെയിലുള്ള എംഎസ് രാമയ്യ മെഡിക്കൽ കോളജിലായിരുന്നു സംഭവം. ഒന്നാം നിലയിലുള്ള സിസിയു വാർഡിൽ സുജാതൻ കിടന്നിരുന്ന ബെഡിനു മുകളിലുള്ള എസിയിലാണ് ആദ്യം തീ കണ്ടത്.
പിന്നീട് പ്രദേശമാകെ പുക വ്യാപിക്കുകയായിരുന്നു. ഇതിനിടെ നഴ്സുമാർ സിസിയുവിലുണ്ടായിരുന്ന 12 രോഗികളെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി. മൂന്ന് അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയാണു തീയണച്ചത്.
തീപിടിത്തത്തിനു പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് സുജയ് മരിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം കാണാൻ ആശുപത്രി അധികൃതർ തങ്ങളെ അനുവദിച്ചില്ലെന്നും മരണവിവരം മറച്ചുവയ്ക്കാൻ അവർ ശ്രമിച്ചതായും ബന്ധുക്കൾ പരാതിപ്പെട്ടു.
അതേസമയം, തീപിടിത്തത്തിൽ സുജയ് മരിച്ചതായുള്ള റിപ്പോർട്ടുകൾ നിഷേധിച്ച ആശുപത്രി അധികൃതർ, തീപിടിത്തത്തിൽ ആളപായമൊന്നും ഉണ്ടായില്ലെന്നും തക്കസമയത്ത് എല്ലാ രോഗികളെയും സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റാനായെന്നും വ്യക്തമാക്കി.
എന്നാൽ, സുജയിന്റെ മരണകാരണം വെളിപ്പെടുത്താനും ആശുപത്രി അധികൃതർ തയാറായിട്ടില്ല. രക്ഷാപ്രവർത്തനത്തിനിടെ ഏതാനും നഴ്സുമാർക്കടക്കം പൊള്ളലേറ്റതായി റിപ്പോർട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
വർഷങ്ങളായി സുജയ് സുജാതനും മാതാപിതാക്കളും ബംഗളൂരുവിലാണു താമസം. അവിടെ നൂൽ നിർമാണ കന്പനി നടത്തിവരികയായിരുന്നു. എറണാകുളം സ്വദേശിനിയായ രോഹിണിയാണ് ഭാര്യ. മക്കൾ: ആദി, അതിഥി. വിവരമറിഞ്ഞ് ബന്ധുക്കൾ ബംഗളൂരുവിലെത്തിയിട്ടുണ്ട്.
ബംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണു പരിക്കേറ്റ മലയാളി യുവാവ് മരിച്ചു
ബംഗളൂരു: സുഹൃത്തുക്കളെ കാണാൻ പോകുന്നതിനിടെ ട്രെയിനിൽ നിന്നു വീണു പരിക്കേറ്റ മലയാളി യുവാവ് മരിച്ചു. ഇടുക്കി കല്ലാർ പട്ടംകോളനി തൂക്കുപാലം എംജി മന്ദിരത്തിൽ റിട്ട.പോസ്റ്റ്മാസ്റ്റർ ജി.സുനിലിന്റെ മകൻ ദേവനന്ദൻ(24) ആണ് മരിച്ചത്.
ഞായറാഴ്ച ബംഗളൂരുവിലെ സുഹൃത്തുക്കളെ കാണാൻ മജസ്റ്റിക്കിൽനിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. മൃതദേഹം ശിവാജിനഗർ ബൗറിംഗ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
സംസ്കാരം തൂക്കുപാലത്തെ വീട്ടുവളപ്പിൽ. മാതാവ്: അനിതാകുമാരി (പ്രധാന അധ്യാപിക, മണ്ണൂർ എൻഎസ്എസ് ഹൈസ്കൂൾ), സഹോദരി: ഡോ.ദേവി സുനിൽ (ജർമനി).
മലയാളി യുവതി ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ
ബംഗളൂരു: മലയാളി യുവതിയെ ബംഗളൂരുവിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി അശ്വതി(20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്ത് അശ്വതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.
ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയാണ്. സംസ്കാരം പിന്നീട്.
ബംഗളൂരു വിമാനത്താവളത്തില് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു
ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. ടെര്മിനല് ഒന്നിന് മുന്നിലാണ് സംഭവം.
തുമക്കുരു മധുഗിരി സ്വദേശി രാമകൃഷ്ണ(48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാമകൃഷ്ണയുടെ നാട്ടുകാരനായ രമേശ് അറസ്റ്റിലായി.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണം എന്നാണ് പ്രാഥമിക നിഗമനം.
ബംഗളൂരു - എറണാകുളം വന്ദേഭാരത് നീട്ടുമോ?: പ്രതീക്ഷയോടെ കേരളം
കൊല്ലം: ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കും തിരികെയും സർവീസ് നടത്തിയിരുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസ് നീട്ടുമോ എന്ന കാര്യത്തിൽ പ്രതീക്ഷയോടെ കേരളം. ഈ റൂട്ടിൽ ത്രൈവാര വന്ദേ ഭാരത് സർവീസാണ് നിലവിൽ ഓടിക്കൊണ്ടിരുന്നത്.
ജൂലൈ 31-ന് ആരംഭിച്ച സ്പെഷൽ സർവീസ് ഇന്ന് അവസാനിക്കുകയാണ്. തുടർ സർവീസുകൾ ഉണ്ടാകുമോ അതോ സ്ഥിരം സർവീസ് ആക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഒന്നുമില്ല. ഇക്കാര്യത്തിൽ ഇന്ന് റെയിൽവെയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരളത്തിലെ റെയിൽ യാത്രികർ കരുതുന്നത്.
എറണാകുളത്ത് നിന്ന് ബംഗളൂരുവിലേയ്ക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും തിരികെ എറണാകുളത്തേയ്ക്ക് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമായിരുന്നു സർവീസ്.
എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് രാത്രി പത്തിന് ബംഗളൂരുവിലും തിരികെ രാവിലെ 5.30 -ന് ബംഗളുരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തുന്നതുമായിരുന്നു നിലവിലെ സമയക്രമം. ഇതനുസരിച്ച് ഇന്ന് വണ്ടി എറണാകുളത്ത് എത്തുന്നതോടെ സർവീസിന് സമാപനമാകും.
റെയിൽവേയുടെ വിലയിരുത്തൽ അനുസരിച്ച് നിലവിൽ ഇരുദിശയിലും സർവീസ് സൂപ്പർ ഹിറ്റാണ്. സീറ്റുകൾ എല്ലാം ഫുൾ ആയിരുന്നു എല്ലാ സർവീസുകളിലും. മിക്ക ദിവസങ്ങളിലും വെയിറ്റിംഗ് ലിസ്റ്റിൻ്റെ എണ്ണവും 100 കടക്കുകയുണ്ടായി.
അതുകൊണ്ട് മാത്രം സർവീസ് നീട്ടുമെന്ന് തന്നെയാണ് യാത്രക്കാരുടെ പ്രതീക്ഷ. വണ്ടി സ്ഥിരം സംവിധാനമാക്കണമെന്ന് ബംഗളുരുവിലെ മലയാളി സംഘടനകളും കേരളത്തിലെ യാത്രക്കാരുടെ സംഘടനകളും റെയിൽവേ മന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്.
നിലവിൽ എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനാണ് സർവീസ് നടത്തിയിരുന്നത്. ഓണം അടുത്ത സാഹചര്യത്തിൽ ഈ റൂട്ടിൽ യാത്രികരുടെ എണ്ണം മൂന്നിരട്ടിയായി വർധിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്.
ബംഗളുരു കന്റോൺമെന്റിൽ നിന്ന് വണ്ടി പുറപ്പെടുന്നത് രാവിലെ 5.30 നാണ്. ഇത് 6.30 ലേയ്ക്ക് മാറ്റണമെന്നും യാത്രികർ ആവശ്യപ്പെടുന്നു. കന്റോൺമെന്റ് സ്റ്റേഷനിൽ രാവിലെ 5.30 ന് എത്തുന്നതിന് പരിമിതമായ യാത്രാ സൗകര്യങ്ങളെ ഉള്ളൂ.
അതിനാലാണ് വണ്ടി ഒരു മണിക്കൂർ വൈകി പുറപ്പെടണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്. ഇക്കാര്യത്തിലും റെയിൽവേയുടെ ഭാഗത്ത് നിന്ന് അനുഭാവപൂർണമായ നിലപാട് യാത്രക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
ഓണക്കാല തിരക്ക് ഒഴിവാക്കുന്നതിന് ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ സെപ്റ്റംബർ 18 വരെ ദ്വൈവാര സ്പെഷൽ ട്രെയിൻ ആരംഭിച്ചിട്ടുണ്ട്. സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിനുകളായാണ് ഇവ സർവീസ് നടത്തുന്നത്.
ഈ ട്രെയിനുകളിൽ അമിതമായ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെന്ന ആക്ഷേപവും വ്യാപകമായി ഉയർന്നിട്ടുണ്ട്. മാത്രമല്ല നിലവിൽ സർവീസ് നടത്തിയിരുന്ന കൊച്ചു വേളി - യശ്വന്ത്പുർ ഗരീബ് രഥ് എക്സ്പ്രസ് കാൻസൽ ചെയ്ത ശേഷം അതിന്റെ കോച്ചുകളാണ് സ്പെഷൽ ട്രെയിനിൽ ഉപയോഗിക്കുന്നതെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ പ്രതിദിനം സർവീസ് നടത്തുന്ന ബംഗളൂരു - കന്യാകുമാരി ഐലന്റ് എക്സ്പ്രസിൽ ജനറൽ കോച്ചുകളുടെ എണ്ണം പരിമിതമാണ്. മിക്കപ്പോഴും രണ്ട് ജനറൽ കമ്പാർട്ട്മെന്റുകളേ ഉണ്ടാകാറുള്ളൂ. ഇത് അഞ്ച് ആയി ഉയർത്തിയാൽ ഈ ട്രെയിനിലെ യാത്രാ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകും.
ബംഗളൂരുവിൽ "കുറുപ്പ് മോഡൽ' കൊലപാതകം
ബംഗളൂരു: ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ ക്രൃത്രിമ വാഹനാപകടമുണ്ടാക്കി ഭിക്ഷാടകനെ കൊലപ്പെടുത്തിയ കേസിൽ വ്യവസായിയും സഹായിയും പിടിയിൽ. ബംഗളൂരു ഹൊസ്കോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ, ലോറി ഡ്രൈവർ ദേവേന്ദ്ര നായക എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ ഒളിവിൽപ്പോയെ മുനിസ്വാമിയുടെ ഭാര്യ ശില്പറാണിക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. ഈ മാസം 13ന് ഹാസനിൽ വച്ചാണു കൊലനടത്തിയത്. മുനിസ്വാമിയും ശില്പയും യാചകനുമായി സൗഹൃദം സ്ഥാപിച്ചശേഷം കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
വിജനമായ സ്ഥലത്തെത്തിയപ്പോൾ വാഹനത്തിന്റെ ടയറിനു തകരാർ സംഭവിച്ചെന്ന വ്യാജേന കാർ നിർത്തുകയും ടയർ മാറ്റാൻ യാചകന്റെ സഹായം ആവശ്യപ്പെടുകയുമായിരുന്നു. ഇയാൾ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ, നേരത്തെ തയാറാക്കിയ പദ്ധതിപ്രകാരം അതുവഴി വന്ന ദേവേന്ദ്രയുടെ ലോറിക്കുമുന്നിലേക്ക് മുനിസ്വാമി യാചകനെ തള്ളിയിട്ടു.
തുടർന്ന് മുനിസ്വാമി കൊല്ലപ്പെട്ടെന്നു വാർത്ത പ്രചരിപ്പിക്കുകയും സംസ്കാരച്ചടങ്ങുകൾ നടത്തുകയുമായിരുന്നു. ദിവസങ്ങൾക്കുശേഷം മുനിസ്വാമിയുടെ പേരിലുള്ള ഇൻഷ്വറൻസ് തുക ലഭിക്കാനുള്ള നടപടിക്രമങ്ങൾ ശിൽപ്പ ആരംഭിക്കുകയും ചെയ്തു.
എന്നാൽ, പിടിക്കപ്പെടുമോ എന്ന സംശയത്തെത്തുടർന്ന് തന്റെ ബന്ധുവായ സിദ്ധഘട്ട പോലീസ് ഇൻസ്പെക്ടർ ശ്രീനിവാസിനെ കണ്ട് സഹായമഭ്യർഥിക്കാൻ ഇയാൾ സ്റ്റേഷനിലെത്തി. ശ്രീനിവാസും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.
മരിച്ചയാൾ തിരിച്ചുവന്നതുകണ്ടു ഞെട്ടിപ്പോയ ശ്രീനിവാസ് സത്യാവസ്ഥ ചോദിച്ചറിയുകയും ഹാസൻ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഹാസൻ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ഹൊസ്കോട്ടെയിൽ ടയർ കടത്തിയിരുന്ന മുനിസ്വാമി സാന്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൊലപാതകം നടത്തി ഇൻഷ്വറൻസ് തുക തട്ടാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടികളെ വെട്ടിക്കൊന്നു; രണ്ടാനച്ഛനെ തെരഞ്ഞ് പോലീസ്
ബംഗളൂരു: ദാസറഹള്ളയിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ രണ്ടാനച്ഛൻ കൊലപ്പെടുത്തി. ഉത്തർപ്രദേശ് ഗോരഖ്പുർ സ്വദേശിനികളായ സുഷമ (16), സോണി (14) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ രണ്ടാനച്ഛനും ഡെലിവറി ജീവനക്കാരനുമായ മോഹൻ ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തി സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.
വസ്ത്രനിർമാണ ഫാക്ടറി ജീവനക്കാരിയായ പെൺകുട്ടികളുടെ അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മക്കളെ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കളെ ഉപദ്രവിക്കാൻ പ്രതി മുൻപും ശ്രമിച്ചിട്ടുണ്ടെന്നും ഇവർ പോലീസിനു മൊഴി നൽകി.
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ബംഗളൂരുവിൽ ഉയരും
ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.
കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.
ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.
ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.