ഓ​ണാ​വ​ധി: യാ​ത്രാ​ച്ചെ​ല​വിൽ ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ളുടെ കൈ പൊ​ള്ളും
Friday, August 16, 2024 1:27 PM IST
സ്വ​ന്തം ലേ​ഖി​ക
കൊ​ച്ചി: ഇ​ത്ത​വ​ണ ഓ​ണ​ത്തി​ന് നാ​ട്ടി​ലെ​ത്താ​ന്‍ കാ​ത്തി​രി​ക്കു​ന്ന ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ള്‍​ക്ക് യാ​ത്രാ ചെ​ല​വ് കൈ​പൊ​ള​ളി​ക്കും. അ​ന്ത​ര്‍ സം​സ്ഥാ​ന ആ​ഡം​ബ​ര സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ബം​ഗ​ളൂ​രു-കൊ​ച്ചി സെ​ക്ട​റി​ലാ​ണ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബ​സ് ടി​ക്ക​റ്റി​ന് 3,000 രൂ​പ​യി​ല​ധി​ക​മാ​ണ് ന​ല്‍​കേ​ണ്ടി​വ​രു​ന്ന​ത്.

എ​ന്നാ​ല്‍ 2,500 രൂ​പ മു​ത​ല്‍ മു​ന്‍​കൂ​റാ​യി വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്താ​ല്‍ യാ​ത്രാ​ചെ​ല​വ് കു​റ​യ്ക്കാ​നാ​കും. സെ​പ്റ്റം​ബ​ര്‍ 12ന് ​വൈ​കു​ന്നേ​രം ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ കൊ​ച്ചി​യി​ലെ​ത്തു​ന്ന എ​സി ല​ക്ഷ്വ​റി ബ​സു​ക​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് 2,500 രൂ​പ മു​ത​ല്‍ 5,200 രൂ​പ വ​രെ​യാ​ണ്. "മേ​ക്ക് മൈ ​ട്രി​പ്പ്' പോ​ലു​ള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​പ്പു​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 13ന് ​ടി​ക്ക​റ്റ് നി​ര​ക്ക് ഇ​നി​യും ഉ​യ​രു​മെ​ന്ന സൂ​ച​ന​യാ​ണ് ന​ല്‍​കു​ന്ന​ത്.

എ​സി ല​ക്ഷ്വ​റി ബ​സു​ക​ളി​ലും സീ​റ്റു ബു​ക്കിം​ഗ് നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു. ചി​ല ബ​സു​ക​ളി​ല്‍ ഇ​പ്പോ​ള്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്താ​ല്‍ 4,000 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗി​ന് 19 സീ​റ്റു​ക​ള്‍ മാ​ത്ര​മു​ള്ള ചി​ല ല​ക്ഷ്വ​റി ബ​സു​ക​ളി​ല്‍ സ്വ​കാ​ര്യ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ 3,515 രൂ​പ വ​രെ ഈ​ടാ​ക്കു​ന്നു​മു​ണ്ട്.

ല​ക്ഷ്വ​റി ബ​സു​ക​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ ബം​ഗ​ളൂ​രു-കൊ​ച്ചി സെ​ക്ട​റി​ല്‍ ആ ​ദി​വ​സ​ങ്ങ​ളി​ലെ വി​മാ​ന ടി​ക്ക​റ്റി​ന്‍റെ ചാ​ര്‍​ജ് തീ​രെ കു​റ​വാ​ണ്. ഇ​ന്‍​ഡി​ഗോ പോ​ലു​ള്ള വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 12ന് ​ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ര്‍ വി​മാ​ന​ത്തി​ന് 2,515 രൂ​പ മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

വൈ​കു​ന്നേ​ര​ത്തെ നോ​ണ്‍​സ്‌​റ്റോ​പ്പ് ഫ്‌​ളൈ​റ്റു​ക​ള്‍​ക്ക് പോ​ലും 3,090 രൂ​പ​യ്ക്ക് (ഇ​ന്‍​ഡി​ഗോ: രാ​ത്രി ഏ​ഴ് ), 3,195 രൂ​പ​യ്ക്ക് (അ​ല​യ​ന്‍​സ് എ​യ​ര്‍: വൈ​കി​ട്ട് 6.20) ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ണ്. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്‍റെ 4.45 ന് ​കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ന്‍റെ ടി​ക്ക​റ്റ് നി​ര​ക്ക് 3,298 രൂ​പ​യു​മാ​ണ്.


സെ​പ്റ്റം​ബ​ര്‍ 12 വ​രെ ഇ​തേ ശ്രേ​ണി​യി​ല്‍ തു​ട​രു​ന്ന ഫ്‌​ളൈ​റ്റ് ചാ​ര്‍​ജു​ക​ള്‍, സെ​പ്റ്റം​ബ​ര്‍ 15 ന് ​തി​രു​വോ​ണ​ത്തി​ന് തൊ​ട്ടു​മു​മ്പു​ള്ള വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ല്‍ വ​ര്‍​ധി​ക്കും. സെ​പ്റ്റം​ബ​ര്‍ 13 മു​ത​ല്‍ 3,615 രൂ​പ മു​ത​ല്‍ അ​ല​യ​ന്‍​സ് എ​യ​ര്‍ ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യാം.

പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി

കെ​എ​സ്ആ​ര്‍​ടി​സി സെ​പ്റ്റംബ​ര്‍ 9 മു​ത​ല്‍ 20 വ​രെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മൊ​ത്തം 60 അ​ധി​ക സ​ര്‍​വീ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. നോ​ണ്‍ എ​സി സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് ബ​സു​ക​ളാ​ണി​ത്. ഇ​തി​ന് ഫ്ള​ക്‌​സി ചാ​ര്‍​ജു​ക​ളും (ആ​വ​ശ്യാ​നു​സ​ര​ണം) എ​ന്‍​ഡ്ടു​എ​ന്‍​ഡ് നി​ര​ക്ക് സം​വി​ധാ​ന​വും ബാ​ധ​ക​മാ​യി​രി​ക്കും.

ബം​ഗ​ളൂ​രു-എ​റ​ണാ​കു​ളം സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സു​ക​ള്‍ ദി​വ​സ​വും വൈ​കി​ട്ട് 5.30, 6.30, 7.30, 7.45, 8.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കും. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള​വ വൈ​കി​ട്ട് 5.30, 6.30, 7, 7.30, 8.15 എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ പു​റ​പ്പെ​ടും.

ഈ ​കാ​ല​യ​ള​വി​ല്‍ ചെ​ന്നൈ​യി​ലേ​ക്കും തി​രി​ച്ചും ദി​വ​സ​വും പ്ര​ത്യേ​ക സ​ര്‍​വീ​സ് ന​ട​ത്തും. ചെ​ന്നൈ​യി​ല്‍ നി​ന്നും എ​റ​ണാ​കു​ള​ത്തു​നി​ന്നും ദി​വ​സ​വും രാ​ത്രി 7.30ന് ​സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് ബ​സ് സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.