സെന്‍റ് പോൾസ് കോളേജിന് "ബെസ്റ്റ് കമ്മ്യൂണിക്കേഷൻ സ്കൂൾ ഓഫ് ദി ഇയർ പുരസ്കാരം
Saturday, September 18, 2021 10:59 PM IST
ബംഗളൂരു: കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ എക്സലൻസ് അവാർഡ്സ് 2021ൽ മൂന്ന് പുരസ്കാരങ്ങൾ വാരിക്കൂട്ടി ബംഗളൂരുവിലെ സെന്‍റ് പോൾസ് കോളേജ്. പബ്ലിക് റിലേഷൻസ് കൗണ്‍സിൽ ഓഫ് ഇന്ത്യ ഗോവയിൽ സംഘടിപ്പിച്ച പതിനഞ്ചാമത് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ കോണ്‍ക്ലേവിലാണ് കോളേജിന് പുരസ്കാരങ്ങൾ ലഭിച്ചത്.

കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. തോമസ് എം.ജെ, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പിജി വിഭാഗം എച്ച് ഒഡി ജെനിൻ രാജ് എസ് എന്നിവർ പിആർസിഐയുടെ ബെസ്റ്റ് കമ്മ്യൂണിക്കേഷൻ സ്കൂൾ ഓഫ് ദി ഇയറിനുള്ള ചാണക്യ പുരസ്കാരം, ആനുവൽ കൊളാറ്ററൽ എക്സിലൻസ് അവാർഡ് ഫോർ ബെസ്റ്റ് എജ്യുക്കേഷണൽ ക്യാന്പയിൻ എന്നീ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

ഒന്നാംവർഷ എംഎ വിദ്യാർഥിനി ഷാർലെയിൻ മെനേസെസ് യൂത്ത് ബ്ലോഗർ ഓഫ് ദി ഇയർ പുരസ്കാരവും നേടി. ഗോവാ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, സംസ്ഥാന കലാ, സാംസ്കാരിക വകുപ്പ്മന്ത്രി ഡോ. ഗോവിന്ദ് ഗൗഡെ, പിആർസി ഐ ചീഫ് മെന്‍ററും ചെയർമാൻ എമിരറ്റസുമായ എം.ബി. ജയറാം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 1914ൽ രൂപീകൃതമായ സെന്‍റ് പോൾ സന്യാസ സഭയുടെ വിദ്യാഭ്യാസ സ്ഥാപനമായ സെന്‍റ് പോൾസ് കോളേജിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളാണുള്ളത്. ബംഗളൂരു സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്‍റ് പോൾസ് കോളേജ് കർണാടക സർക്കാരിന്‍റെ അംഗീകാരം ലഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ്.