പോളണ്ടിലെ ഇന്ത്യൻ ബ്രാൻഡിന് ആഗോള അംഗീകാരം
Tuesday, September 30, 2025 3:15 PM IST
കൊച്ചി: പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ ചേർന്ന് പോളണ്ടിൽ ആരംഭിച്ച പോളീഷ് - ഇന്ത്യൻ സ്റ്റാർട്ടപ്പിലെ പാനീയ ബ്രാൻഡായ "മലയാളി' ആഗോള അംഗീകാരങ്ങൾ നേടി. ലാഗര് വിഭാഗത്തിൽ സ്വർണവും നോൺ ആൽക്കഹോളിക് ചെക്ക് സ്റ്റൈൽ ഇനത്തിൽ വെങ്കല മെഡലുമാണ് ബ്രാൻഡ് സ്വന്തമാക്കിയത്.
യുകെയിലെ നോർവിച്ചിൽ നടന്ന ചടങ്ങിൽ കമ്പനി പ്രമോട്ടർമാരായ ചന്ദ്രമോഹൻ നല്ലൂരും സർഗേവ് സുകുമാരനും അവാർഡുകൾ സ്വീകരിച്ചു. ഈ മേഖലയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ലോകപ്രശസ്ത ബ്രാൻഡുകളെ പിന്തള്ളിയാണ് മൂന്നു വർഷം മാത്രം പ്രായമുള്ള മലയാളി കമ്പനി ഈ നേട്ടം കൈവരിച്ചത്.
പോളണ്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇന്ത്യൻ ബ്രാൻഡുകളിലൊന്നായി മാറിയ "മലയാളി' ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലാഗറുകളിൽ ഒന്നായിക്കൂടി വളർന്നു കഴിഞ്ഞു. ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങളിലെ വിപണികളിൽ ഈ മലയാളി പാനീയം ലഭ്യമാണ്.