ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ജര്‍മനി; അംബാസഡര്‍ ആക്കര്‍മാന്റെ വിഡിയോ സന്ദേശം വൈറലാവുന്നു
ജോസ് കുമ്പിളുവേലില്‍
Monday, September 29, 2025 1:39 PM IST
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിദഗ്ധ ഇന്ത്യാക്കാര്‍ക്ക് എച്ച്1 ബി വിസ ഫീസ് ഉയര്‍ത്തുകയും പരിമിതപ്പെടുത്തുകയും തീരുമാനിച്ച സാഹചര്യത്തില്‍ ജര്‍മനിയുടെ ഡല്‍ഹിയിലെ അംബാസഡര്‍ ഡോ. ഫിലിപ്പ് ആക്കര്മാന് ഇന്ത്യക്കാരെ ജര്‍മനിയിലേക്ക് സ്വാഗതംചെയ്തു.
കഴിഞ്ഞദിവസം സാമൂഹികമാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ആക്കര്മാന് ജര്‍മനിയിലെ തൊഴിലവസരങ്ങള്‍ വിശദീകരിച്ചതും വിദഗ്ധ ഇന്ത്യക്കാരെ ജര്‍മനിയിലേക്ക് സ്വാഗതംചെയ്തതും.
സ്ഥിരതയാര്‍ന്ന കുടിയേറ്റ നയങ്ങള്‍കൊണ്ടും ഐടി, മാനേജ്മെന്റ്, സയന്‍സ്, ടെക് മേഖലകളില്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന തൊഴിലവസരങ്ങള്‍ കൊണ്ടും ജര്‍മനി വേറിട്ടുനില്‍ക്കുന്ന രാജ്യമാണെന്നും ജര്‍മനിയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരെക്കുറിച്ച് സംസാരിക്കാനുള്ള നല്ല നിമിഷമാണിതെന്നും അദ്ദേഹം വിഡിയോയില്‍ പറയുന്നു.
മാത്രമല്ല ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്നവരില്‍ ഇന്ത്യക്കാരുടെ എണ്ണവും മുന്‍പന്തിയിലാണ്. ജര്‍മനിയില്‍ ജോലിചെയ്യുന്ന ശരാശരി ഇന്ത്യക്കാരന് ശരാശരി ജര്‍മന്‍ തൊഴിലാളിയെക്കാള്‍ കൂടുതല്‍ വരുമാനം നേടുന്നതായും അദ്ദേഹം പറഞ്ഞു.
ജര്‍മനിയിലെ സമൂഹത്തിനും രാജ്യത്തിന്റെ ക്ഷേമത്തിനും ഇന്ത്യക്കാര്‍ വലിയ സംഭാവന നല്കുന്നു എന്നതാണ് ഈ ഉയര്‍ന്ന ശമ്പളം വാങ്ങുന്നതിന്റെ അര്‍ഥം എന്നും പറഞ്ഞു. ഞങ്ങള്‍ കഠിനാധ്വാനത്തിലും മികച്ച ആളുകള്‍ക്ക് മികച്ച ജോലികള്‍ നല്‍കുന്നതിലും വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ കുടിയേറ്റ നയം ഒരു ജര്‍മന്‍ കാറിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അത് വിശ്വസനീയവും ആധുനികവുമാണ്. അത് അങ്ങോട്ടം ഇങ്ങോട്ടും തിരിയാതെ ഒരു നേര്‍രേഖയില്‍ പോകും. ഉയര്‍ന്ന വേഗത്തില്‍ പോകുമ്പോള്‍ ബ്രേക്കിടേണ്ടിവരുമെന്ന് നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.
ഒരുരാത്രികൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ നിയമങ്ങള്‍ മാറ്റില്ല. ഉയര്‍ന്ന വിദഗ്ധ ഇന്ത്യക്കാരെ ഞങ്ങള്‍ ജര്‍മനിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വീഡിയോസന്ദേശത്തില്‍ പറഞ്ഞു. 2022 മുതല്‍ ആക്കര്മാന് ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതിയാണ്.