ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു
ജോസ് കുമ്പിളുവേലില്‍
Tuesday, April 29, 2025 12:10 PM IST
ബോണ്‍: സീറോമലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ ജര്‍മന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ പെസഹാ, ദുഖ:വെള്ളി, ഈസ്റ്റര്‍ കര്‍മങ്ങള്‍ പൂര്‍വാധികം ഭംഗിയായി ആഘോഷിച്ചു.
ബോണിനു പുറമെ ഫ്രാങ്ക്ഫര്‍ട്ട്, ഡോര്‍ട്ട്മുണ്ട്/ഹെര്‍ണെ, ക്രേഫെല്‍ഡ്, ഹൈഡല്‍ബെര്‍ഗ്, ഹാനോവര്‍, മ്യൂണിക്ക് എന്നീ മിഷന് കൂട്ടായ്മകളിലാണ് പരിപാടികള്‍ നടന്നത്. ബോണിലെ സെന്റ് തോമസ് സമൂഹത്തില്‍ നടന്ന കര്‍മങ്ങള്‍ക്ക് റവ.ഡോ. ജോസഫ് ചേലംപറമ്പത്ത് മുഖ്യകാര്‍മികത്വം വഹിച്ചു.
ഈസ്റ്റര്‍ ആഘോഷം ബോണിലെ ഹോളി സ്പിരിറ്റ് ദേവാലയത്തില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിച്ചു. ലുവൈന്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുന്ന പത്തനംതിട്ട മലങ്കര രൂപതാംഗം ഫാ. തോമസ് വടക്കേക്കര മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്കി.

റവ.ഡോ. ജോസഫ് ചേലംപറമ്പത്ത് സഹകാര്‍മികനായി. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പാരീഷ് ഹാളില്‍ വിവിധ കലാപരിപാടികളും നടന്നു. റവ.ഡോ. ജോസഫ് ചേലംപറമ്പത്ത് സ്വാഗതം ആശംസിച്ചു. അഗാപ്പെയോടെ പരിപാടികള്‍ സമാപിച്ചു.
ഫാ. സന്തോഷ് തോമസ് കോയിക്കല്‍ ജര്‍മനിയിലെ സീറോമലങ്കര കമ്യൂണിറ്റിയുടെ എക്സല്‍സിയര്‍ കോഓര്‍ഡിനേറ്ററായി ഫ്രാങ്ക്ഫര്‍ട്ട്, ഹൈഡല്‍ബര്‍ഗ്, ഹാനോവര്‍ എന്നിവിടങ്ങളില്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
റവ.ഡോ. ജോസഫ് ചേലംപറമ്പത്ത്(ബോണ്‍), ഫാ. ഔസ്റ്റിന് ജോണ്‍ (മ്യൂണിക്ക്), ഫാ. പോള്‍ മാത്യു ഒഐസി (ക്രേഫെല്‍ഡ്), ഫാ. സാമുവേല്‍ പാറവിള (ഡോര്‍ട്ട്മുണ്ട്, ഹെര്‍ണെ) എന്നിവര്‍ മറ്റു സ്ഥലങ്ങളില്‍ നേതൃത്വം നല്കുന്നു.