കറുത്ത വര്‍ഗക്കാരനായ യുവാവിന്റെ കൊലപാതകം; ജര്‍മനിയില്‍ പോലീസിനെതിരേ പ്രതിഷേധം ശക്തം
ജോസ് കുമ്പിളുവേലിൽ
Monday, April 28, 2025 3:44 PM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ 21 വയസുകാരനായ കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ ജര്‍മനിയിലെ ഓള്ഡന്ബുര്ഗില് നടന്ന സംഘര്‍ഷത്തിനിടെയാണ് പോലീസ് വെടിവയ്പില്‍ യുവാവ് കൊല്ലപ്പെട്ടത്.
ഓള്‍ഡന്‍ബുര്‍ഗ് നിശാക്ലബിലേക്ക് എത്തിയ യുവാവിന് അധികൃതർ പ്രവേശനം നിഷേധിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് യുവാവ് ഓടി രക്ഷപെടാൻ ശ്രമിച്ചു.
പിന്തുടരാൻ ശ്രമിച്ചവരെ ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തിയതോടെ പോലീസ് ഉദ്യോഗസ്ഥന് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൂന്ന് വെടിയേറ്റ മുറിവുകളാണ് യുവാവിന്റെ ശരീരത്തിൽ കണ്ടെത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അന്വേഷണത്തിന്റെ ഭാഗമായി ഡ്യൂട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
കൊലപാതകത്തെ തുടർന്ന് വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ 10,000 പേർ പങ്കെടുത്തു. യുവാവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തലസ്ഥാനമായ ബെര്‍ലിന്‍ ഉള്‍പ്പെടെയുള്ള മറ്റ് നഗരങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.