സ്പെയിൻ ഇരുട്ടില്‍; ഫ്രാന്‍സിലും പോർച്ചുഗലിലും വൈദ്യുതി പ്രതിസന്ധി
ജോസ് കുമ്പിളുവേലില്‍
Tuesday, April 29, 2025 11:37 AM IST
ലിസ്ബൺ: സ്പെയിനിലുണ്ടായ വൻ വൈദ്യുതിമുടക്കം ലക്ഷക്കണക്കിനാളുകളെ ബാധിച്ചു. അതിതീവ്ര താപനില വ്യതിയാനംമൂലം സ്പെയിനിലെ വൈദ്യുതി ഗ്രിഡിലുണ്ടായ തകരാറാണു വൈദ്യുതിമുടക്കത്തിന് കാരണമായതെന്നാണ് സൂചന.
പോർച്ചുഗലിലും അൻഡോറ എന്ന കുഞ്ഞൻ രാജ്യത്തും ഫ്രാൻസിന്റെ ചില ഭാഗങ്ങളിലും വൈദ്യുതി നിലച്ചിട്ടുണ്ട്. സ്പെയിലെ വിമാനങ്ങളും ട്രെയിനുകളും അടക്കമുള്ള ഗതാഗത സംവിധാനങ്ങളെ പ്രതിസന്ധി കാര്യമായി ബാധിച്ചു.
ട്രാഫിക് ലൈറ്റുകൾ കത്താതിരുന്നത് വാഹനക്കുരുക്കിനിടയാക്കി. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റും റദ്ദാക്കി.
ആശുപത്രികളുടെ പ്രവർത്തനങ്ങളും താറുമാറായതോടെ സ്പെയിനിൽ ആഭ്യന്തര മന്ത്രാലയം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അർധരാത്രിയോടെ 35 ശതമാനം ഇടങ്ങളിൽ വൈദ്യുതി പുനസ്ഥാപിച്ചെങ്കിലും പൂർണപരിഹാരത്തിന് ഒരാഴ്ചവരെ സമയമെടുത്തേക്കും.
സൈബർ ആക്രമണ സാധ്യത തള്ളിക്കളയുന്നില്ലെന്നാണ് അധികൃതർ പറഞ്ഞത്. യൂറോപ്യൻ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.