സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ കാമ്പയിൻ സമാപിച്ചു
കെ.ടി. മുസ്തഫ പെരുവള്ളൂർ
Wednesday, February 26, 2025 3:35 PM IST
ദമാം: "സാമൂഹ്യ സുരക്ഷയ്ക്ക് ധാർമിക ജീവിതം' എന്ന പ്രമേയത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തിയ ത്രൈമാസ കാമ്പയിൻ സമാപിച്ചു. വിദ്യാർഥികളടക്കം ലഹരിക്ക് അടിമപ്പെട്ട് കൊലപാതകങ്ങളിൽ വരെ പങ്കാളികളാവുകയും സ്വന്തം മാതാപിതാക്കളെ വരെ അരുംകൊല ചെയ്യുകയും ചെയ്യുമ്പോൾ സമൂഹം പകച്ച് പോകുന്ന അവസ്ഥയാണുള്ളതെന്ന് സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച ഇഖ്ബാൽ സുല്ലമി പറഞ്ഞു.
ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റാകുമ്പോൾ ദൈവിക ദർശനങ്ങൾക്കല്ലാതെ നീതിപൂർവമായ തീർപ്പ് കൽപിക്കുവാൻ സാധിക്കുകയില്ലെന്നും ലഹരിയും അവിഹിതങ്ങളടക്കമുള്ള തിന്മയുടെ അടിവേരുകളെ അറുത്തുമാറ്റാൻ ദൈവീക സന്ദേശങ്ങളെ അടുത്തറിയാനും ഉൾകൊള്ളാനും ശ്രമിക്കണമെന്നും എങ്കിൽ മാത്രമേ മനുഷ്യൻ സാമൂഹികമായും സാംസ്കാരികമായും ഔന്നത്യത്തിലെത്തുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ദൈവിക സന്ദേശങ്ങളോടുള്ള കടപ്പാട് നിർവഹിച്ച് വിശ്വാസപരമായ നിർഭയത്വമുള്ള മനസിന്റെ ഉടമകളാകുവാൻ നമുക്ക് കഴിയേണ്ടതുണ്ടെന്ന് സമാപന സംഗമത്തിൽ അധ്യക്ഷത വഹിച്ച സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് യൂസുഫ് കൊടിഞ്ഞി ആഹ്വാനം ചെയ്തു.
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദമാം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഉബൈദ് കക്കോവ്, അബ്ദുൽ അഹദ് അൽ ഹസ എന്നിവർ ആശംസകളൾ നേർന്നു സംസാരിച്ചു.
സലീം കടലുണ്ടി സ്വാഗതവും നസ്റുള്ള അബ്ദുൽ കരീം നന്ദിയും പറഞ്ഞു. അഷ്റഫ് കക്കോവ് ഖിറാഅത്ത് നടത്തി.