റംസാൻ ആത്മപരിശോധനക്കുള്ള അവസരം: ഉമർ ഫൈസി
Tuesday, February 25, 2025 3:58 PM IST
ദോഹ: കഴിഞ്ഞ റംസാനിലൂടെ നാം ആർജ്ജിച്ച ആത്മവിശുദ്ധി ഇപ്പോഴും നമ്മിലുണ്ടോ എന്ന ഒരു പുന:പരിശോധനയാണ് മറ്റൊരു റംസാൻ പടിവാതിൽക്കലെത്തുമ്പോൾ വിശ്വാസികൾക്ക് ഉണ്ടാവേണ്ടതെന്നും അതിലൂടെ അടുത്ത റംസാൻ വരെയുള്ള സുരക്ഷ നേടാൻ നമുക്ക് കഴിയണമെന്നും പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി പ്രസ്താവിച്ചു.
ബിൻസൈദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ ബിൻ മഹ്മൂദ് ഈദ്ഗാഹ് മസ്ജിദിൽ സംഘടിപ്പിച്ച അഹ്ലൻ റമദാൻ പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹൃദയവിശുദ്ധിയാണ് നോമ്പിലൂടെ നാം ലക്ഷ്യം വയ്ക്കേണ്ടത്.
റംസാൻ ആഗതമായിട്ടും ഹൃദയത്തിൽ നിന്ന് പാപങ്ങൾ കഴുകിക്കളയാൻ കഴിയാത്ത അവസ്ഥ നമ്മിൽ ഉണ്ടോ എന്നത് ഗൗരവതരമായി ചിന്തിക്കണം. ചെറിയ തെറ്റുകൾ പോലും ഒഴിവാക്കുകയും നാവിനെ സൂക്ഷിക്കുകയും വേണം. അങ്ങിനെ സ്വർഗത്തിലേക്കുള്ള യാത്രാ അവസരമായി റംസാനിനെ ഉപയോഗിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം സദസിനെ ഉണർത്തി.
മുജീബ്റഹ്മാൻ മിശ്കാത്തി, കെ.ടി. ഫൈസൽ സലഫി, സ്വലാഹുദ്ധീൻ സ്വലാഹി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്ത പരിപാടി റംസാന് മുൻപുള്ള മുന്നൊരുക്കം എന്ന നിലയിൽ ഏറെ ശ്രദ്ധേയമായി.