കനൽ ഖത്തർ പ്രതിഭ പുരസ്കാരം പ്രഖ്യാപിച്ചു
Tuesday, February 25, 2025 4:22 PM IST
ദോഹ: നാടൻപാട്ട് മേഖലയിൽ കനൽ ഖത്തർ നൽകിവരുന്ന "കനൽ ഖത്തർ പ്രതിഭ പുരസ്കാരം 2024' കനൽ ഖത്തറിന്റെ ഫേസ്ബുക് പേജിലൂടെ പ്രഖ്യാപിച്ചു.
പത്ത് വർഷമായി ഖത്തറിലെ വിവിധ കൂട്ടായ്മകളിൽ നാടിന്റെ നന്മകളും പൈതൃകവും വിളിച്ചോതുന്ന നാടൻപാട്ടുകളുടെയും നാടൻകലാരൂപങ്ങളുടെയും പ്രവർത്തനങ്ങൾ നടത്തിവരുന്ന ഒരു കൂട്ടായ്മയാണ് കനൽ ഖത്തർ നാടൻപാട്ട് സംഘം.
കുട്ടികൾക്കായി നാടൻ കലാ ശില്പശാലകൾ, സെമിനാറുകൾ, വിവിധ നാടൻകലാ പ്രവർത്തനങ്ങൾ എന്നിവയാണ് ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ.
കേരളത്തിലെ നാടൻപാട്ട് മേഖലയിലെ പ്രശംസനീയമായ സംഭാവനകൾ നൽകുന്ന കലാകാരന്മാരെ തെരഞ്ഞെടുക്കുകയും അവരെ ആദരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ നൽകുന്നതാണ് കനൽ ഖത്തർ പ്രതിഭ പുരസ്കാരം.
ഓരോ സമൂഹത്തിന്റെയും കൂട്ടായ്മയിൽ നിന്നാണ് അവരുടെ പാട്ടുകൾ രൂപം കൊണ്ടിട്ടുള്ളത്. അജ്ഞാതകർതൃകങ്ങളായ ഇത്തരം പാട്ടുകൾ കാലത്തിൽ നിന്ന് കാലത്തിലേക്ക് വാമൊഴിയായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
ഇത്തരം പാട്ടുകളും നാടൻകലകളും ജനമനസുകളിലേക്ക് പകർന്നു നൽകുന്ന ഈ മേഖലയിൽ നിറഞ്ഞ സാന്നിധ്യത്തിലൂടെ നാടൻകലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് പ്രശംസനീയമായ സംഭാവനകൾ നൽകുന്ന നാടൻപാട്ട് കലാകാരന്മാരെ ആദരിക്കുക എന്ന പ്രവർത്തനമാണ് കനൽ ഖത്തർ നടത്തുന്നത്.
കഴിഞ്ഞ കുറെ വർഷങ്ങളായി നാടൻപാട്ട് മേഖലയിൽ ശക്തമായ ഇടപെടലുകളിലൂടെ നാട്ടുപാട്ടുകളുടെ മികച്ച പ്രവർത്തനങ്ങളും നിറഞ്ഞ സാന്നിധ്യവും അറിയിച്ചുകൊണ്ടിരിക്കുന്ന കലാകാരനായ കണ്ണൂർ സ്വദേശിയായ റംഷി പട്ടുവം ആണ് ഇത്തവണത്തെ പുരസ്കാരത്തിന് അർഹനായിട്ടുള്ളത്.
കനൽ ഖത്തർ സംഘടിപ്പിക്കുന്ന ഒരു പൊതുപരിപാടിയിൽ വച്ച് പുരസ്കാര സമർപ്പണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.